ഇത് ബാലുവിന്റെ പുതിയ വീട്! കാണാം വീട്ടുവിശേഷങ്ങൾ ആദ്യമായി;വിഡിയോ
Mail This Article
ബിജു സോപാനം എന്ന പേരുകേട്ടാൽ 'ഇതാരാണപ്പാ' എന്ന് വിചാരിച്ചു നെറ്റി ചുളിക്കുന്നവർ പോലും ഉപ്പും മുളകിലെ ബാലു എന്ന് കേട്ടാൽ കുടുംബസമേതം ഒരു ചിരി പാസാക്കും. മിനിസ്ക്രീൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് ഉപ്പും മുളകിലെ വലിയ കുടുംബത്തിന്റെ നാഥനായ ബാലു. ബിജു സോപാനം തന്റെ വീട്ടുവിശേഷങ്ങൾ മനോരമ ഓൺലൈൻ സ്വപ്നവീടിലൂടെ പങ്കുവയ്ക്കുന്നു.
നെയ്യാറ്റിൻകര കുളത്തൂരാണ് സ്വദേശം. അച്ഛൻ മാധവൻതമ്പി. അമ്മ വസന്തകുമാരി. ഞങ്ങൾ മൂന്നു മക്കൾ. ബിജു, ബിനോജ്, ബിന്ദു. ഇതായിരുന്നു കുടുംബം. സാമ്പത്തികമായി താഴെത്തട്ടിലുള്ള കുടുംബമായിരുന്നു. ഒരു ചെറിയ വീട്ടിലായിരുന്നു ഏറെക്കാലവും താമസിച്ചത്. സ്വന്തമായി ഒരു വീടിനെ കുറിച്ചു സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന കാലമുണ്ടായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ആ വലിയ സ്വപ്നം ഇപ്പോൾ പൂവണിഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് പാലുകാച്ചൽ നടത്തിയെങ്കിലും സ്ഥിരതാമസം ആകുന്നതേയുള്ളൂ.
ചെറുപ്പം മുതലേ അഭിനയമോഹമുണ്ടായിരുന്നു. അങ്ങനെയാണ് കാവാലം നാരായണപ്പണിക്കർ സാറിന്റെ സോപാനം എന്ന പ്രസ്ഥാനത്തിലേക്ക് എത്തപ്പെടുന്നത്. അതാണ് ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവും. പിന്നീട് പത്തിരുപത് വർഷങ്ങൾ നാടകവേദിയിൽ ചെലവഴിച്ചു. അതും സംസ്‌കൃത നാടകമാണ് എന്നോർക്കണം. മിനി സ്ക്രീനിലെ ഒരു സുഹൃത്ത് വഴിയാണ് ഉപ്പും മുളകിലേക്ക് ക്ഷണം ലഭിക്കുന്നത്. അത് രണ്ടാമത്തെ വഴിത്തിരിവായി. ഇരുപത് വർഷങ്ങൾ കൊണ്ട് അനേകനാടകവേദികളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത പേര്, സ്നേഹം എല്ലാം പ്രേക്ഷകർ തന്നു. അതുവഴിയാണ് സിനിമകളിലേക്ക് അവസരം ലഭിക്കുന്നത്. അനിയൻ ബിനോജും ഉപ്പും മുളകിൽ അഭിനയിക്കുന്നുണ്ട്.
ഉപ്പും മുളകിലെ പോലെ അഞ്ചു മക്കളുള്ള വലിയ കുടുംബമൊന്നുമല്ല എന്റേത്. ഭാര്യയും മകളും മാത്രമാണ് ഉള്ളത്. ഭാര്യ ലക്ഷ്മി വീട്ടമ്മയാണ്. മകൾ ഗൗരി ലക്ഷ്മി. പൊന്നു എന്ന് വിളിക്കും. ഇപ്പോൾ ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു. അവൾക്കും കലകളിൽ താൽപര്യമുണ്ട്. കുച്ചിപ്പുടി പഠിക്കുന്നു. അഭിനയത്തോട് താൽപര്യമുണ്ട്. രസകരമായ മറ്റൊരു കാര്യം അവൾ ഉപ്പും മുളകിൽ എന്റെ അനിയന്റെ മകളായിട്ട് അഭിനയിച്ചിട്ടുണ്ട്. അങ്ങനെ മിനിസ്‌ക്രീനിൽ എന്നെ 'വല്യച്ഛാ' എന്നും കൊച്ചച്ഛനെ 'അച്ഛാ' എന്നും വിളിച്ചിട്ടുണ്ട്!
ഇനി വീട്ടുവിശേഷങ്ങൾ കാണാം...കുത്തനെ ചരിഞ്ഞ പ്ലോട്ടാണിവിടെ. എങ്കിലും ഭൂമിയുടെ സ്വാഭാവിക നിലനിർത്തിയാണ് ഈ വീട് നിർമിച്ചത്. അതിനാൽ അകത്തളങ്ങൾ തമ്മിൽ ഉയരവ്യത്യാസമുണ്ട്. വീടിന്റെ രണ്ടു വശത്തും വഴികളുണ്ട്. ഈ രണ്ടിടങ്ങളിൽ നിന്നും രണ്ടു കാഴ്ചകളാണ് വീടിനു ലഭിക്കുക. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. സിറ്റൗട്ടിന്റെ തൂണുകളിലും അകത്തെ ചില തൂണുകളിലുമൊക്കെ വെട്ടുകല്ല് പൊതിഞ്ഞിരിക്കുകയാണ്.
സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുന്നത് ലിവിങ് ഹാളിലേക്കാണ്. ഇവിടം ഡബിൾ ഹൈറ്റിൽ ഒരുക്കി. ഇവിടെ ചുവരിൽ കുടുംബചിത്രത്തിനും പുരസ്കാരങ്ങൾക്കുമൊപ്പം മറ്റൊരു ഛായാചിത്രം കൂടി കാണാം. നാടകാചാര്യൻ യശഃശരീരനായ കാവാലം നാരായണപ്പണിക്കരുടെ...ബിജുവിന് ദൈവതുല്യനായ ഗുരുവാണ് അദ്ദേഹം. ഈ നിലയിൽ ഒരു ഓഫിസ് കം ബെഡ്‌റൂമും ഒരുക്കിയിട്ടുണ്ട്.
സ്വീകരണമുറിയിൽ നിന്നും പടികൾ കയറി വേണം ഊണുമുറിയിലേക്കെത്താൻ. ഊണുമേശയുടെ സമീപമുള്ള ട്രോഫി ഷെൽഫിലും നിറയെ പുരസ്‌കാരങ്ങൾ കാണാം. പോസിറ്റീവ് എനർജി പകരുന്ന ബുദ്ധന്റെ ഒരു ചിത്രമാണ് ഊണിടത്തിലെ ഹൈലൈറ്റ്. സമീപം വെട്ടുകല്ല് കൊണ്ട് ഹൈലൈറ്റ് ചെയ്ത വാഷ് ഏരിയ നൽകി. ഇവിടെ നിന്നും വീടിന്റെ പിൻവശത്തേക്ക് ഇറങ്ങാൻ പാകത്തിൽ ഒരു വാതിലും നൽകിയിട്ടുണ്ട്.
ഊണുമുറിക്ക് സമീപമാണ് മാസ്റ്റർ ബെഡ്‌റൂം. ഇവിടെ ഒരു കൗതുകമുണ്ട്. തറകൾ തമ്മിൽ ഉയരവ്യത്യാസം കണക്കിലെടുത്ത് ഒരു ഇടത്തട്ട് ഒരുക്കി. ഇവിടേക്ക് കയറാൻ പടികൾ നൽകി. നിലത്ത് ടെറാക്കോട്ട മൺടൈലുകൾ വിരിച്ചു. നട്ടുച്ചയ്ക്കും ഇവിടെ നിലത്തു കിടന്നുറങ്ങാൻ നല്ല സുഖമാണ്. ജനിച്ചു വളർന്ന വീട്ടിലെ കാവി നിലത്തു കിടന്നുറങ്ങിയതിന്റെ ഓർമയ്ക്കായാണ് ഇത്തരമൊരു ഇടം ഒരുക്കിയത്.
ഊണുമുറിയുടെ അതേനിരപ്പിലാണ് അടുക്കളയും വർക്കേരിയയും. ഇവിടം സജീവമായി വരുന്നതേയുള്ളൂ.
ഇനി അടുത്ത തട്ടിലേക്കുള്ള പടികൾ കയറാം. അത് ചെന്നെത്തുന്നത് ഓപ്പൺ ടെറസിലേക്കാണ്. ഇവിടെ ഒരു ഹോം തിയറ്ററിന്റെ മേൽക്കൂരപ്പണികൾ പുരോഗമിക്കുന്നു. ഇനിയാണ് വീട്ടിലെ ഒരു സസ്പെൻസ് ഇടം. ടെറസിൽ മിന്നിത്തിളങ്ങുന്ന ഒരു നീലക്കൂടാരം. വീടിന്റെ ആദ്യ പുറംകാഴ്ചയിൽ തന്നെ മുകൾനിലയിൽ മിന്നിത്തിളങ്ങുന്ന ഒരു നീലക്കൂടാരം ശ്രദ്ധയിൽ പെട്ടിരുന്നു.പോളികാർബണേറ്റ് ഷീറ്റ് കൊണ്ട് നിർമിച്ച ഈ കൂടാരത്തിനുള്ളിൽ ഒരു കുട്ടി സ്വിമ്മിങ്ങ് പൂൾ ആണുള്ളത്. വെള്ളം ഫിൽറ്റർ ചെയ്ത് റീസൈക്കിൾ ചെയ്യാനുള്ള സൗകര്യം പൂളിൽ നൽകിയിട്ടുണ്ട്.
ധാരാളം നീരുറവയുള്ള ഒരു പ്രദേശമാണിവിടം. അതിനാൽ മഴക്കാലത്ത് കിണർ നിറഞ്ഞു തുളുമ്പും. ഇങ്ങനെ ഓവർഫ്ലോ ആകുന്ന ജലം ഒരു ചെറിയ ജലധാര പോലെ ഒഴുക്കിക്കളയാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സന്ധ്യ മയങ്ങുന്നതോടെ വീട്ടിലെ ലൈറ്റുകൾ കൺതുറക്കും. അപ്പോൾ മറ്റൊരു പ്രശാന്തമായ അന്തരീക്ഷം ഇവിടെ നിറയുന്നു.
അടുത്ത ദിവസങ്ങളിൽ സോളർ പാനലുകൾ മേൽക്കൂരയിൽ സജ്ജമാകും. പിന്നെയുള്ളത് ലാൻഡ്സ്കേപ്പിന്റെ ഫിനിഷിങ് പണികളാണ്. ധാരാളം ചെടികൾ വച്ച് പിടിപ്പിക്കാൻ ഇടങ്ങൾ മാറ്റിവച്ചിട്ടുണ്ട്. കുറച്ചു മാസങ്ങൾക്കുള്ളിൽ ഗാർഡനും പച്ചപ്പ് നിറയ്ക്കുന്നതോടെ വീട് പൂർണമാകും. ഷൂട്ടിന്റെ തിരക്കുകൾക്കിടയിൽ ബിജു വീട്ടിലെത്തുമ്പോൾ കളിയും ചിരിയും പാട്ടും നിറഞ്ഞൊഴുകി ശരിക്കും ഈ വീടൊരു ഉപ്പും മുളകും വീടായി മാറുന്നു.
English Summary- Uppum Mulakum Fame Biju Sopanam New House Swapnaveedu