'പുതിയ വീട് സഫലമായി; പക്ഷേ ഒരു തെറ്റ് ചെയ്തു, മാപ്പ് ചോദിക്കുന്നു': മണികണ്ഠൻ ആചാരി
Mail This Article
കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് മണികണ്ഠൻ ആചാരി. സിനിമാപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത ദരിദ്രകുടുംബത്തിൽ നിന്നും സിനിമയിലെത്തി കഴിവ് തെളിയിച്ച മണികണ്ഠൻ ഇപ്പോൾ സിനിമകളിൽ സജീവസാന്നിധ്യമാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം സ്വന്തമായി ഒരു വീട് സഫലമാക്കിയ സന്തോഷം മണികണ്ഠൻ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. അതോടൊപ്പം വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിക്കാൻ വിട്ടുപോയത് പലർക്കും വിഷമം ഉണ്ടാക്കിയതിൽ താരം ഫെയ്സ്ബുക് ലൈവിൽ എത്തി മാപ്പപേക്ഷിക്കുകയും ചെയ്യുന്നുണ്ട്.
മണികണ്ഠന്റെ വാക്കുകൾ:
സ്വപ്നം പോലെ തന്നെ പാലു കാച്ചി, സ്വന്തം വീട്ടില്‍ കയറി. ജീവിതത്തിലെ വലിയൊരു സ്വപ്നമായിരുന്നു സ്വന്തം വീട്. വളരെ സന്തോഷത്തോടെ പറയേണ്ട കാര്യമാണ്. എന്നാല്‍ ആരെയും വിളിക്കാന്‍ പറ്റാത്തതിന്റെ വിഷമം എനിക്കുണ്ട്. വേണ്ടപ്പെട്ട പലരെയും ക്ഷണിക്കാന്‍ സാധിച്ചില്ല. ചിലരെ വിളിച്ചു.. ചിലരോടൊന്നും പറയാന്‍ പറ്റിയില്ല. അതിന്റെ കുറ്റബോധമുണ്ട്. വലിയ നടനായല്ലേയെന്നെല്ലാം പറഞ്ഞ് ചിലർ പരിഭവം പറഞ്ഞു. അതിനാലാണ് ലൈവ് വീഡിയോ ഇടാമെന്നു തീരുമാനിച്ചത്.
അറിവില്ലായ്മയും പരിചയക്കുറവും കാരണമാണ് അങ്ങനെ സംഭവിച്ചത്. വീട് സ്വന്തമായെന്നു ഇപ്പോഴും പറയാറായിട്ടില്ല. ഒരുപാടു പേരിൽ നിന്നും കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമാണ് വീടു വച്ചത്. അതെല്ലാം തിരിച്ചടച്ചു കഴിഞ്ഞാലേ വീട് എന്റേതാകുള്ളൂ. അറിയാതെ ചെയ്യുന്ന തെറ്റുകൾക്കാണ് മാപ്പു ചോദിക്കേണ്ടത്. ഇത് അറിയാതെ സംഭവിച്ചതല്ല. അതിനാൽ മാപ്പു ചോദിക്കാൻ പോലും ഞാനാളല്ല. എന്നെ വെറുക്കരുത്. നിങ്ങളുടെയെല്ലാം സ്നേഹം എനിക്കിനിയും വേണം...
തൃപ്പൂണിത്തുറയ്ക്കടുത്ത് എരൂരിലാണ് മണികണ്ഠന്റെ പുതിയ വീട്. മണികണ്ഠന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ സ്വപ്നവീടിലൂടെ അടുത്ത മാസം കാണാം. കാത്തിരിക്കൂ....
English Summary- Manikandan Achari Apologise after House Warming