ADVERTISEMENT

12 വർഷം മുൻപ് വിദേശത്തു നിന്നും നാട്ടിലേക്ക് സ്ഥിരതാമസത്തിന് എത്തുമ്പോള്‍ ഉണ്ണി എന്ന തൃപ്പുണിത്തുറക്കാരന് ഒരു സ്വപ്നമുണ്ടായിരുന്നു. നിറയെ മരങ്ങളും കൃഷിയും മൃഗങ്ങളും ഒക്കെ കൂട്ടിനുള്ള ഒരു വീട്. ആ അന്വേഷണം ചെന്നെത്തിയത് എറണാകുളം നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ മുളന്തുരുത്തി പുളിക്കാമലയിലാണ്. 136 വർഷം പഴക്കമുള്ള ഓടിട്ട ഒരു വീടും അതിനോട് ചേര്‍ന്ന ഒരു റബർ തോട്ടവും അവിടെ ഉണ്ണിയെ കാത്തിരിപ്പുണ്ടായിരുന്നു. പിന്നെ വൈകിയില്ല ആ വീട് ഉണ്ണിയങ്ങ് സ്വന്തമാക്കി.

green-homestay

വീടും പുരയിടവും വാങ്ങിയ ശേഷം ഉണ്ണി ആദ്യം ചെയ്തത് ചുറ്റുമുള്ള റബർ തോട്ടം വെട്ടികളയുകയാണ്. പകരം 300 ഇനങ്ങളിലായി 3,000-ലേറെ മരങ്ങള്‍ അദ്ദേഹം അവിടെ വച്ചു പിടിപ്പിച്ചു. ഇപ്പോള്‍ 8 ഏക്കറിലായി ഉണ്ണിക്ക് സ്വന്തമായി ഒരു കാടുണ്ടെന്നു പറയാം. കൂട്ടിന് പലതരം കിളികളും 20 ഇനങ്ങളിലുള്ള ശലഭങ്ങളും കീരിയും ഇഴജന്തുക്കളുമെല്ലാമുണ്ട്. ഒപ്പം നല്ല ജൈവകൃഷിയും.

green-homestay-farm

12 വർഷം കൊണ്ട് ഉണ്ണി ഈ പ്രദേശം ആകെ മാറ്റിയെടുത്തു എന്നുതന്നെ പറയാം. ഒപ്പം കാഴ്ചകളൊക്കെ കാണാനെത്തുന്നവര്‍ക്ക് താമസിക്കുന്നതിനായി ഹിന്‍റര്‍ലാന്‍റ് വില്ലെജ് എന്നൊരു റിസോര്‍ട്ടും ആരംഭിച്ചു. നാട്ടിലും വിദേശത്തുമായി ബിസിനസ് നടത്തിയിരുന്ന ഉണ്ണിയുടെ മനസ്സില്‍ പണ്ടേ കൃഷിയും കാടും എല്ലാമായിരുന്നു. അതുകൊണ്ടുതന്നെയാണ് ബിസിനസ്സില്‍ നിന്നും ഒഴിഞ്ഞു ഉണ്ണി ശ്രദ്ധ ഇവിടേക്ക് നല്‍കിയത്..

green-homestay-lawn

അഞ്ചേക്കറില്‍ കാടും മൂന്നേക്കറില്‍ പാടവുമാണ് ഇവിടെയുള്ളത്. വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുമൊക്കെ ഇവിടെ സുലഭം. മുളകള്‍ മാത്രം 22 വെറൈറ്റിയുണ്ടിവിടെ.

ആദ്യകാലത്ത് റബർ വെട്ടികളഞ്ഞ ശേഷം 1200-ലേറെ ചൂളമരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു ഇവിടെ. പിന്നീട് അത് വെട്ടികളഞ്ഞു. അതിനൊരു കാരണമുണ്ട് എന്ന് ഉണ്ണി പറയുന്നു. 'റബര്‍ കൃഷിയിലൂടെ മണ്ണിന്‍റെ ഫലപുഷ്ടി നഷ്ടപ്പെട്ടിരുന്നു. ആ മണ്ണിനെ നന്നാക്കിയെടുക്കാനാണ് ചൂളമരങ്ങള്‍ നട്ടത്. മണ്ണിലെ നൈട്രജന്‍ നിറച്ചു സമ്പുഷ്ടമാക്കാനായിരുന്നു ഇത്'.

green-homestay-solar

ഹിന്‍റര്‍വില്ലേജിനോട് ചേര്‍ന്നുതന്നെയാണ് മൂന്നേക്കറിലൊരു പാടമുള്ളത്. നെല്ലും പച്ചക്കറിയുമൊക്കെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വർഷം 3,000-3,500 കിലോ നെല്ല് ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. തങ്ങള്‍ക്കാവശ്യമുള്ളത് എടുത്ത ശേഷം ബാക്കി വരുന്ന നെല്ല് നാട്ടുകാര്‍ക്ക് പകുതിവിലയ്ക്ക് നല്‍കുകയാണ് പതിവ്. കൊയ്ത്ത് കഴിഞ്ഞാല്‍ പിന്നെ ഇവിടെ പലതരത്തിലെ പച്ചക്കറി കൃഷിയാണ് നടത്തുക. മരങ്ങളുടെ കരിയിലകള്‍ തന്നെ വളമാക്കിയാണ് ഉണ്ണി ഉപയോഗിക്കുന്നത്. വൃക്ഷതൈകൾക്കും കൃഷിക്കുമെല്ലാം ജൈവവളം മാത്രം. വേപ്പിന്‍റെയും യൂക്കാലിപ്റ്റ്സിന്‍റെയും കര്‍പ്പൂരത്തിന്‍റെയും ഇഞ്ചിയുടെയുമൊക്ക ഇലകള്‍ നീരാക്കി പച്ചക്കറി വിളകള്‍ക്ക് തളിക്കുകയാണ് പതിവ്. പിന്നെ ചാണകവും ഗോമൂത്രവും വളമായി നല്‍കാറുണ്ട്.

green-homestay-paddy

2014-ലാണ് ഹിന്‍റര്‍ വില്ലേജ് റിസോര്‍ട്ട് ആരംഭിച്ചത്. 136 വര്‍ഷം പഴക്കമുള്ള വീടിന്‍റെ തനിമ നഷ്ടപ്പെടാതെ ചില മാറ്റങ്ങള്‍ വരുത്തിയാണ് റിസോർട്ട് ആരംഭിച്ചത്. ഇവിടെ വൈദ്യുതിക്ക് സോളര്‍ എനര്‍ജിയാണ് ഉപയോഗിക്കുന്നത്. 15,000 കിലോ വാട്ട് സൗരോര്‍ജ്ജം ഇവിടെ ലഭിക്കുന്നുണ്ട്. കൂടാതെ മഴവെള്ളം സംഭരിക്കാന്‍ വലിയ സംഭരണിയുണ്ട്. ഒപ്പം പറമ്പില്‍ മൂന്നു കുളങ്ങളുമുണ്ട്. 

കൊച്ചിയില്‍ ഇങ്ങനെയൊരു സംരംഭം ആരംഭിച്ചപ്പോള്‍ പലരും പരിഹസിച്ചിട്ടുണ്ട്. പക്ഷേ തന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. ഇങ്ങനെ ഒരു സ്വപ്നം പൂവണിഞ്ഞു കണ്ടതിൽ താനേറെ സന്തോഷിക്കുന്നു എന്ന് ഉണ്ണി പറയുന്നു. അനഘയും അജയുമാണ് മക്കള്‍. ഇരുവരും ഫിലിംമേക്കര്‍മാരാണ്. അജയ് ഓസ്ട്രേലിയയിലാണ്. ഭാര്യ ശ്രീദേവിയും മക്കളും എല്ലാത്തിനും പൂര്‍ണ്ണപിന്തുണയോടെ കൂടെയുണ്ട് എന്ന് ഉണ്ണി പറയുന്നു.

English Summary- Organic Homestay in Kochi Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com