വെറും 3.5 സെന്റിൽ നടൻ മണികണ്ഠന്റെ അദ്ഭുതവീട്! കാഴ്ചകൾ ആദ്യമായി; വിഡിയോ
Mail This Article
ആദ്യം അഭിനയിച്ച രണ്ടു തമിഴ് സിനിമകൾ പെട്ടിയിലൊതുങ്ങിയിട്ടും, ആദ്യ മലയാളസിനിമയ്ക്ക് സംസ്ഥാന അവാർഡ് നേടുക, ആ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക..ഇതൊക്കെ കുറച്ചു കലാകാരന്മാർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. മണികണ്ഠൻ ആചാരി അത്തരത്തിൽ ഭാഗ്യവാനാണ്. പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ കഥ പറഞ്ഞ കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന ശക്തമായ കഥാപാത്രമായി മണികണ്ഠനു മാറാൻ കഴിഞ്ഞത്, സ്വന്തം ജീവിതത്തിൽ കടന്നുപോയ കഷ്ടപ്പാടുകളുടെ അനുഭവപരിചയം കൊണ്ടുകൂടിയാകണം.
തൃപ്പൂണിത്തുറ എരൂരിലാണ് മണികണ്ഠൻ പുതിയ വീട് സഫലമാക്കിയത്. ഉള്ളത് കൊണ്ട് ഓണം പോലെ എന്നുപറയുംപോലെ വെറും 3.5 സെന്റിൽ ഒരു സാധാരണക്കാരന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഹാൾ, കിച്ചൻ, കിടപ്പുമുറികൾ, ബാൽക്കണി, ടെറസ് എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ ഉപയുക്തമാക്കി എന്നതാണ് വീടിന്റെ ഹൈലൈറ്റ്.
മുല്ലയ്ക്കൽ എന്നാണ് വീടിനു പേര് നൽകിയത്. മുല്ലയ്ക്കൽ വനദുർഗ ക്ഷേത്രത്തിലെ കോമരമായിരുന്നു അച്ഛൻ. ആ ഓർമയ്ക്കാണ് വീടിനു ഇങ്ങനെ പേരിട്ടത്. ഞങ്ങൾ കുടുംബപരമായി സ്വർണപണിക്കാരാണ്. അങ്ങനെയാണ് ആചാരി എന്ന പേര് വാലുപോലെ കിട്ടിയത്.
പാലുകാച്ചൽ നടത്തി താമസമായെങ്കിലും വീട് ഒന്ന് സെറ്റ് ആയി വരുന്നതേയുള്ളൂ. ചെറിയ പ്ലോട്ടിലെ വീടായതിനാൽ പരമാവധി ഓപ്പൺ തീമിലാണ് ഇടങ്ങൾ ഒരുക്കിയത്. പ്രധാനവാതിൽ തുറക്കുമ്പോൾ ആദ്യം നോട്ടമെത്തുന്നത് കമ്മട്ടിപ്പാടത്തിലെ വേഷത്തിൽ മണികണ്ഠൻ ദുൽഖറിനും വിനായകനുമൊപ്പം ഇരിക്കുന്ന ഫോട്ടോയാണ്. വാതിൽ തുറന്നു പ്രവേശിക്കുന്നത് ചെറിയ സ്വീകരണമുറിയിലേക്കാണ്. ഇവിടെ ടിവി യൂണിറ്റിന് സ്ഥലം വിട്ടിട്ടുണ്ട്. സമീപം പൂജ സ്‌പേസും വേർതിരിച്ചു. ഇവിടെ നിന്നും ചെറിയ ഊണുമുറിയിലേക്കെത്താം. സമീപം അടുക്കളയും വർക്കേരിയയും.
സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടുള്ള കൈവരികൾ കയറിയെത്തുന്നത് ചെറിയ ഹാളിലേക്കാണ്. ഇവിടെ രജനികാന്തിനൊപ്പം മണികണ്ഠൻ നിൽക്കുയാണ് ചിത്രം ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. പേട്ട എന്ന സിനിമയിൽ മണികണ്ഠനും ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. ആ സമയത്ത് എടുത്തതാണ് ഫോട്ടോ. ഇവിടെയുള്ള മറ്റൊരു ആകർഷണം മൺകൂജയാണ്. മുകളിലാണ് മണികണ്ഠന്റെ കിടപ്പുമുറി. തണുത്ത വെള്ളം കുടിക്കാൻ ഗോവണിയിറങ്ങി അടുക്കളയിൽ പോകേണ്ട കാര്യമില്ല. കൂജയുടെ പൈപ്പ് തുറന്നാൽ കുളിർമയുള്ള വെള്ളം ലഭിക്കും.
3.5 സെന്റിലെ വീട്ടിൽ ഇത്രയും സൗകര്യങ്ങൾ ഒരുക്കിയാൽ മുറ്റം ഇടുങ്ങിപ്പോകില്ലേ എന്ന പേടി വേണ്ട. രണ്ടു പേർക്ക് പ്രദക്ഷിണം വയ്ക്കാനുള്ള സ്ഥലം വീടിനു ചുറ്റും ഇട്ടിട്ടുണ്ട്. അത്യാവശ്യം കറിവേപ്പിലയോ പച്ചമുളകോ ഒക്കെ നട്ടുപിടിപ്പിക്കുകയും ചെയ്യാം.
പുതിയ വീട്ടിൽ മറ്റാരെയും കാണാത്തതിന്റെ കാരണവും മണികണ്ഠൻ സത്യസന്ധമായി പറഞ്ഞു. പുതിയ വീട് പണിതപ്പോൾ വീട്ടുകാരെ ഉപേക്ഷിച്ചതല്ല, ചെറുപ്പം മുതലേ ഒറ്റയ്ക്കുള്ള ജീവിതമാണ് എന്റേത്. അച്ഛന്റെ മരണശേഷം അമ്മയും ഞങ്ങൾ നാലു മക്കളും പലയിടത്തായാണ് താമസിച്ചത്. അടക്കവും ചിട്ടയുമൊന്നുമില്ലാത്ത ജീവിതമായിരുന്നു. വളർന്ന ശേഷം പിന്നീട് കുറച്ചുനാൾ ഞങ്ങൾ വാടകയ്ക്ക് ഒരുമിച്ച് താമസിച്ചു. പക്ഷേ അപ്പോഴേക്കും ഒത്തുപോകാൻ ബുദ്ധിമുട്ടായി. അങ്ങനെ വീണ്ടും വേർപിരിഞ്ഞു. എങ്കിലും ഇടയ്ക്കിടയ്ക്ക് എല്ലാവരും ഒത്തുകൂടും. സ്നേഹം എന്നും നിലനിൽക്കാൻ ഒരു കയ്യകലം വീട്ടുകാരുമായി നിലനിർത്തുന്നു എന്നുമാത്രം.
കയ്യിൽ പറയത്തക്ക സമ്പാദ്യം ഒന്നും ഇല്ലാതെയാണ് വീടന്വേഷണം തുടങ്ങിയത്. ഈ വീട് കണ്ടിഷ്ടമായി ബാങ്ക് ലോണിന് അപേക്ഷ കൊടുത്തു. പക്ഷേ അവസാന നിമിഷം ലോൺ ലഭിക്കാതെയായി. അഡ്വാൻസ് കൊടുക്കാൻ പണമില്ലാതെ വീട് നഷ്ടപ്പെടുമെന്ന സ്ഥിതി വന്നു. ആ സമയത്ത് മലയാളസിനിമയിലെ ഒരു മുൻനിര നായകനടനാണ് വേണ്ട തുക അഡ്വാൻസ് നൽകി സഹായിച്ചത്.
വീട് കാണാൻ വന്നപ്പോൾ എന്നെ ഏറ്റവും ആകർഷിച്ചത് ഈ ബാൽക്കണിയാണ്. ആ നിമിഷം ഞാനൊരു പകൽക്കിനാവ് കണ്ടു. ഞാൻ ദേശീയ അവാർഡൊക്കെ വാങ്ങി ഈ ബാൽക്കണിയിൽ നിന്ന് വീടിനു മുൻപിൽ തടിച്ചുകൂടിയ ആരാധകരെ കൈവീശി കാണിക്കുന്നു. അതോടെ ഈ വീടു മതിയെന്നുറപ്പിച്ചു. പിന്നീട് കുറച്ചു ലോണും ശരിയായി. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കാലം ഞാൻ ഇനിയും സിനിമകൾ ചെയ്യും. കടങ്ങൾ വീട്ടും. താമസിയാതെ ഒരു വീട്ടുകാരി കൂടി ഇവിടെക്കെത്തും. അതിനായി കാത്തിരിക്കുകയാണ് വീടും വീട്ടുകാരനും.
Watch in YouTube- https://www.youtube.com/watch?v=ZpvnvKKpcqs
English Summary- Manikandan Achari New House; Swapnaveedu