കൊറോണ; തട്ടീം മുട്ടീമിന് ബ്രേക്ക്; മഞ്ജു ഇപ്പോൾ ഈ തിരക്കുകളിലാണ്
Mail This Article
കൊറോണയും ലോക് ഡൗണും മൂലം ലഭിച്ച അപ്രതീക്ഷിത അവധിക്കാലം വീട്ടിൽ ആസ്വദിക്കുകയാണ് സെലിബ്രിറ്റികൾ. തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ സ്വീകരണമുറിയിലെ ഇഷ്ടസാന്നിധ്യമായ മഞ്ജു പിള്ള തന്റെ കൊറോണക്കാലത്തെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു .
കൊറോണക്കാലത്തെ വീട്...
കൊറോണ മൂലം ലഭിച്ച അപ്രതീക്ഷിത അവധിക്കാലം ജീവിതത്തെ ഒന്ന് റീഇൻവെന്റ് ചെയ്യാൻ ഉപയോഗിക്കുകയാണ്. ഞാനിപ്പോൾ തിരുവനന്തപുരത്തുള്ള കുടുംബവീട്ടിലാണുള്ളത്. കുറേക്കാലമായി ഫ്ലാറ്റ് ജീവിതമാണ്. ഈ ഇടവേള മണ്ണിൽ ചവിട്ടിയുള്ള ജീവിതം വീണ്ടും ആസ്വദിക്കുകയാണ്. പഴയ കേരള ശൈലിയിലുള്ള വീടാണ്. ഇവിടെയെത്തിയതോടെ വീട് വൃത്തിയാക്കാൻ ഇപ്പോൾ ഞാനും അമ്മയ്‌ക്കൊപ്പം കൂടും.ഭർത്താവ് സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവ് ഹൈദരാബാദിൽ ഷൂട്ടിങിലായിരുന്നു. അത് നിർത്തിയതോടെ ഇവിടേക്ക് പോന്നു. ചേട്ടന്റെ നാട് ഒറ്റപ്പാലമാണ്. വയലും കൊയ്തുമെല്ലാമുള്ള കുടുംബമാണ്. അങ്ങനെ കൃഷിയോട് ഞങ്ങൾക്കും താൽപര്യം ഉണ്ടായി. തിരുവനന്തപുരത്ത് കുറച്ചു ഭൂമി വാങ്ങിയിട്ടിരുന്നു. അവിടെ ഒരു ഫാം ഹൗസ് തുടങ്ങാനുള്ള പണിപ്പുരയിലായിരുന്നു കുറേക്കാലമായിട്ട്. തിരക്ക് മൂലം തുടങ്ങി വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. കൊറോണ കാരണം എന്തായാലും ഫാം ഹൗസിന്റെ നിർമാണം തുടങ്ങിവച്ചു. അപ്പോഴാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. അതോടെ വീട്ടിലേക്കൊതുങ്ങി. മുടങ്ങിപ്പോയ യോഗയും വായനയും പുനരാരംഭിച്ചു. മകൾക്ക് ഇപ്പോൾ 17 വയസായി. അവളെ കുറച്ചു വീട്ടുജോലികളും പാചകവും പഠിപ്പിക്കാൻ ഈ സമയം വിനിയോഗിക്കുന്നു.
സ്വന്തം പോലെ വാടകവീടുകൾ...
കോട്ടയം ഏറ്റുമാനൂരിലുള്ള തറവാട്ടിലാണ് ഞാൻ ജനിച്ചത്. എനിക്ക് ഒരു വയസുള്ളപ്പോൾ അച്ഛന് തിരുവനന്തപുരം VSSCയിലേക്ക് ട്രാൻസ്ഫർ ലഭിച്ചു. അങ്ങനെ പിന്നീട് തിരുവനന്തപുരമായി എന്റെ നാട്. വാടകവീടുകളിലായി പിന്നീടുള്ള ജീവിതം. എങ്കിലും അമ്മ സ്വന്തം വീട് കരുതുംപോലെ വാടകവീടുകൾ നോക്കിനടത്തുന്നത് കണ്ടാണ് ഞാൻ വളർന്നത്. വിവാഹശേഷം കൊച്ചിയിലാണ് താമസം. വൈറ്റിലയിലുള്ള ഫ്ലാറ്റ് വാടകയ്‌ക്കെടുക്കുമ്പോൾ നാലു വർഷത്തേക്കായിരുന്നു കോൺട്രാക്ട്. അൺഫർണിഷ്ഡ് ആയ ഫ്ലാറ്റായിരുന്നു. ഞങ്ങൾ മുൻകയ്യെടുത്താണ് ചുവരുകൾ വെള്ളപൂശി, ഇന്റീരിയർ ഒക്കെ അലങ്കരിച്ച് ഒരു വീടാക്കി ഫ്‌ളാറ്റിനെ മാറ്റിയെടുത്തത്. ഒരുദിവസം വാടക കൂട്ടണമെന്ന് പറഞ്ഞുവന്ന ഉടമസ്ഥൻ ഫ്ലാറ്റിന്റെ ഈ മാറ്റം കണ്ടതോടെ വാടകകാര്യം വേണ്ടെന്നുവച്ചു സന്തോഷത്തോടെ മടങ്ങിപ്പോയി. ഫ്ലാറ്റ് കൈമാറുമ്പോൾ ഉടമസ്ഥന് ഒരു ഡിമാൻഡ് ഉണ്ടായിരുന്നു. അകത്തുള്ള കർത്താവിന്റെ ചിത്രം മാറ്റാൻ പാടില്ല. ആ ഡിമാൻഡ് അംഗീകരിച്ചു എന്നുമാത്രമല്ല ഞാൻ കൊച്ചിയിലുള്ളപ്പോൾ ഇന്നും മെഴുകുതിരി കത്തിച്ചു പ്രാർഥിക്കുന്നത് ആ രൂപത്തിന് മുന്നിലാണ്.
സ്വപ്നവീട്ടിലേക്ക് ഈ വർഷം..
വൈറ്റിലയിൽ വാടക ഫ്ലാറ്റിലാണ് ഏറെക്കാലമായി താമസം. സ്വന്തമായി ഒരു വീട് വേണം എന്ന മോഹം ഈ വർഷം പൂവണിയും. കളമശേരിയിൽ ഫ്ലാറ്റിന്റെ പണികൾ അവസാന ഘട്ടത്തിലാണ്. രണ്ടു നിലകൾ യോജിപ്പിച്ച് ഡുപ്ലെയ് ഫ്ലാറ്റായാണ് ഫർണിഷിങ് നടത്തുന്നത്. ഇപ്പോൾ കൊറോണ പ്രശ്നം കാരണം പണി നിർത്തിവച്ചിരിക്കുകയാണ്. സെപ്റ്റംബർ മാസത്തിലെങ്കിലും പാലുകാച്ചൽ നടത്താം എന്ന് വിചാരിക്കുന്നു.
തട്ടീം മുട്ടീം കുടുംബം മിസ് ചെയ്യുന്നു...
കഴിഞ്ഞ മാസം തന്നെ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. ശരിക്കും മറ്റൊരു കുടുംബം പോലെയാണല്ലോ ഇത്രയുംകാലം ഞങ്ങൾ കഴിഞ്ഞത്. ഞങ്ങൾക്കൊരു വാട്സാപ് ഗ്രൂപ്പുണ്ട്. അതിൽ എല്ലാവരും സജീവമാണ്. പിന്നെ വിഡിയോ കോൾ ചെയ്യും. അങ്ങനെ ബന്ധങ്ങൾ നിലനിർത്തുന്നു. ഈ കാലവും കടന്നു പോകും. എല്ലാവരും വീണ്ടും ഒന്നിക്കുന്ന സമയത്തിനായി കാത്തിരിക്കുകയാണ് ഞാൻ.
English Summary- Manju Pillai House Memories During Corona Break