ADVERTISEMENT

മലയാളത്തിൽ കോമഡി നമ്പരുകളുമായി സ്റ്റേജ് ഷോകളിലും മിനിസ്ക്രീനിലും ഉയർന്നു വന്ന ചുരുക്കം നടിമാരിൽ ഒരാളാണ് ദേവി ചന്ദന. അടുത്തിടെ ശരീരഭാരം കുറച്ചു ദേവി നടത്തിയ മേക്ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കോവിഡ്  ലോക്ഡൗൺ കാലത്ത് താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഓർമയിലെ വീട്..

ജനിച്ചത് തിരുവനന്തപുരത്തെ അമ്മയുടെ വീട്ടിൽ. വളർന്നതും പഠിച്ചതും ആലപ്പുഴയിലുള്ള അച്ഛന്റെ തറവാട്ടിൽ നിന്നാണ്. അച്ഛൻ അധ്യാപകനായിരുന്നു. അമ്മയ്ക്കും ജോലി ഉണ്ടായിരുന്നു. ഒരു  ഇളയ സഹോദരൻ. ഇതായിരുന്നു കുടുംബം.

devi-house-alapuzha

തിരുവനന്തപുരത്തെ അമ്മവീട്ടിൽ ജനിച്ചെങ്കിലും ഓർമ്മകൾ ഏറ്റവും കൂടുതൽ ഉള്ളത് അച്ഛന്റെ തറവാടിനെ കുറിച്ചാണ് . കൂട്ടുകുടുംബത്തിന്റെ മധുരമുള്ള അനുഭവം നിറഞ്ഞതായിരുന്നു ആലപ്പുഴയിലെ വീട്. അച്ഛനടക്കം എട്ടു സഹോദരങ്ങളായിരുന്നു. എപ്പോഴും ഒരു ഉത്സവത്തിനുള്ള ആളുകളുണ്ടാകും വീട്ടിൽ. പിന്നീട് സ്‌കൂൾ കാലമായപ്പോൾ ഞങ്ങൾ ടൗണിലേക്ക് ഒരു വീട് എടുത്തുമാറി. പിന്നീട്  23 വർഷങ്ങൾ ആ വീട്ടിലാണ് ചെലവഴിച്ചത്.

 

devi-chandana

കലാരംഗത്തേക്ക്...

യുപി സ്‌കൂൾ വരെ സിബിഎസ്ഇ ആയിരുന്നു. അവിടെ കലാമത്സരങ്ങൾക്കുള്ള അവസരങ്ങൾ കുറവായിരുന്നു. അങ്ങനെ ഹൈസ്‌കൂളിൽ സ്റ്റേറ്റ് സിലബസിലേക്ക് മാറി യുവജനോത്സവത്തിൽ പങ്കെടുത്തു. കലാതിലകമായി. പിന്നീട് കോളജ് കാലത്തും കലാരംഗത്ത് സജീവമായിരുന്നു. അതിനുശേഷം കെ.എസ് പ്രസാദിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. അങ്ങനെയാണ് സ്റ്റേജ് ഷോകളിലേക്ക് വരുന്നത്.  വിദേശത്ത് ഷോകൾ ചെയ്യാൻ തുടങ്ങി. അതുവഴി മിനിസ്ക്രീനിലേക്കും സിനിമകളിലേക്കും അവസരം കിട്ടി.

devi-husband

 

കൊച്ചി വീട്...

devi-family
ഫയൽ ചിത്രം

കഴിഞ്ഞ പതിനഞ്ചു വർഷമായി എറണാകുളം ഇടപ്പിള്ളിയിലാണ് താമസം. വിവാഹത്തിന് മുൻപ് ഒരു നിക്ഷേപം എന്ന നിലയിൽ എടുത്തിട്ടതായിരുന്നു ഫ്ലാറ്റ്. അത് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. 2006 ലാണ് വിവാഹം. പിന്നീട് സിനിമക്കാരെല്ലാം കൊച്ചിയിലേക്ക് ചേക്കേറിയപ്പോൾ ഞങ്ങളും കൊച്ചിയിലേക്ക് താവളം മാറ്റി. അന്ന് അൺഫർണിഷ്ഡ് ആയിരുന്നു ഫ്ലാറ്റ്. വാഡ്രോബില്ല, കിച്ചൻ കബോർഡില്ല. പിന്നീട് ഒന്നിൽ നിന്നും എല്ലാം ഫർണിഷ് ചെയ്തെടുത്തു.

 

devi-at-house

കുടുംബം..

ഭർത്താവ് കിഷോർ വർമ്മ ഗായകനാണ്. ഭർത്താവിന്റെ നാട് കോട്ടയമാണെങ്കിലും അവർ കുടുംബമായി എറണാകുളത്തേക്ക് ചേക്കേറിയവരാണ്.

 

കൊറോണക്കാലത്ത് വീട്...

ഈ ഫ്ലാറ്റിൽ താമസമാക്കിയതിനു ശേഷം ആദ്യമായാണ് ഇത്രയും ദിവസങ്ങൾ വീട്ടിൽ തന്നെയിരിക്കുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് ഞാൻ വണ്ണം കുറച്ച വാർത്ത വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ. ഈ കൊറോണക്കാലത്തും ആരോഗ്യത്തിനും വ്യായാമത്തിനും വീട്ടുപരിചരണത്തിനുമാണ് സമയം ചെലവഴിക്കുന്നത്. വീട്ടിൽ തന്നെ മിനി ജിം സെറ്റ് ചെയ്തു. യോഗ ചെയ്യാനുള്ള ക്രമീകരണം ഒരുക്കി. നൃത്തം പരിശീലിക്കുന്നു. ചെറിയ ഗാർഡൻ നോക്കുന്നു. സിനിമകൾ കാണുന്നു. അങ്ങനെ സമയം ചെലവഴിക്കുന്നു. രണ്ട് മലയാളം സീരിയലുകളിലും ഒരു തമിഴ് സീരിയലിലും അഭിനയിച്ചു കൊണ്ടിരിക്കുന്നു . ബേസിൽ ജോസഫ്  സംവിധാനം ചെയ്യുന്ന സിനിമയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. അതാണ്  ഇനിയുള്ള റിലീസ്.

English Summary- Devi Chandana Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com