മമ്മൂട്ടിയും ദുൽക്കറും പുതിയ വീട്ടിൽ; പക്ഷേ അത് ഞങ്ങളുടെ നഷ്ടം: കുഞ്ചൻ
Mail This Article
മലയാളസിനിമയിൽ ഒരുകാലത്തെ ന്യൂജെൻ ചെറുപ്പക്കാരനായി പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് കുഞ്ചൻ. അപ്രതീക്ഷിതമായി സിനിമയിലെത്തിയ കുഞ്ചൻ സിനിമയ്ക്കൊപ്പം യാത്ര തുടങ്ങിയിട്ട് ഇത് 50 ാം വർഷമാണ്. 650 ലേറെ സിനിമകളിൽ ഇതിനകം വേഷമിട്ടു. മമ്മൂട്ടിയുടെ അയൽക്കാരൻ കൂടിയായ അദ്ദേഹത്തിന് പറയാൻ ചില വിശേഷങ്ങളുണ്ട്.
ഓർമവീട്..
ഫോർട്ട് കൊച്ചിയിലാണ് ഞാൻ ജനിച്ചു വളർന്നത്. അപ്പൻ, അമ്മ, ഞങ്ങൾ 5 മക്കൾ. ചെറിയ വീട്, കഷ്ടപ്പാടുകൾ.. ഇതായിരുന്നു എന്റെ ചെറുപ്പകാലം. ഞാനാണ് ഏറ്റവും ഇളയ മകൻ. അപ്പന് മട്ടാഞ്ചേരിയിൽ മലഞ്ചരക്കിന്റെ ബിസിനസായിരുന്നു. എന്റെ ചെറുപ്പത്തിൽ തന്നെ അപ്പൻ മരിച്ചു. പിന്നീട് കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയത് അമ്മയായിരുന്നു.
അപ്രതീക്ഷിതമായി സിനിമയിൽ...
യുവാവായപ്പോൾ വീട്ടുകാരുമായി ഉണ്ടായ ചെറിയൊരു സൗന്ദര്യപിണക്കത്തിൽ ഞാൻ മദിരാശിയിലേക്ക് വണ്ടി കയറി. അവിടെ ഒരു സുഹൃത്തിന്റെ കൂടെ താമസം ഒപ്പിച്ചു. അവിടെ മലയാളിസമാജത്തിന്റെ ഏകാംഗനാടകത്തിൽ പതിയെ കയറിത്തുടങ്ങി. അങ്ങനെയാണ് എന്നിലൊരു നടനുണ്ടെന്നു തിരിച്ചറിയുന്നത്. എന്റെ ഒരു തമിഴ് സുഹൃത്ത് വഴി മനൈവി എന്നൊരു തമിഴ് സിനിമയിൽ അഭിനയിച്ചു. പക്ഷേ ആ സിനിമ പുറത്തിറങ്ങിയില്ല. പിന്നീട് സിനിമയിൽ സജീവമായ കാലത്ത് ഞാൻ മദിരാശിയിൽ ഒരു ഫ്ലാറ്റ് വാങ്ങി. അന്നൊക്കെ കുറഞ്ഞ വിലയേ ഉള്ളൂ ഫ്ളാറ്റുകൾക്ക്. അങ്ങനെ വാടകവീടുകളിൽ നിന്നും മോക്ഷം കിട്ടി.
അന്ന് സിനിമയിൽ ഭാഗ്യം തിരഞ്ഞു ധാരാളം ചെറുപ്പക്കാർ കോടമ്പാക്കത്തെ പൈപ്പ് വെള്ളവും കുടിച്ചു കുടുസുമുറികളിൽ കഴിയുന്നുണ്ട്. അവരിൽ പലരും പിൽക്കാലത്ത് പ്രശസ്തരായി. ഞാനും കോടമ്പാക്കത്തെ പൈപ്പ് വെള്ളം കുടിച്ചിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ അത്രയും രുചിയുള്ള വെള്ളം പിൽക്കാലത്ത് ഞാൻ കുടിച്ചിട്ടില്ല. ഇപ്പോൾ സിനിമയിൽ 50ാം വർഷമാണ്. 650 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു.
എന്റെ വീട്, എന്റെ സ്വർഗം...
വിവാഹശേഷമാണ് ഞാൻ കൊച്ചിയിലേക്ക് വരുന്നതും പനമ്പിള്ളി നഗറിൽ സ്ഥലം വാങ്ങി വീട് പണിയുന്നതും. അന്ന് റോഡിൽ നിന്നും താഴെയുള്ള പ്ലോട്ടായിരുന്നു. അങ്ങനെ താഴത്തെ നിലയിൽ വീടും റോഡ് നിരപ്പിലുള്ള മുകൾനിലയിൽ ഭാര്യയുടെ ബ്യൂട്ടി ക്ലിനിക്കുമായിരുന്നു. പിന്നീടാണ് വീട് പുതുക്കിപ്പണിയുന്നതും ഇപ്പോഴുള്ള രൂപത്തിലേക്കെത്തുന്നതും. ഞാൻ ഫോർട്ട് കൊച്ചിയിൽ ജനിച്ചു വളർന്നത് കൊണ്ട് ചെറിയ ഡച്ച് മാതൃക വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്.
എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. ഞാനൊക്കെ ഒരു തരത്തിൽ ഭാഗ്യവാനാണ്. അന്നത്തെക്കാലത്ത് ഒരു ശരാശരി നടനായ ഞാൻ, പനമ്പിള്ളി നഗറിൽ ഭൂമി വാങ്ങി വീട് വച്ചത് ചെറിയ തുകയ്ക്കാണ്. ഇന്ന് ഇവിടെ വീട് വയ്ക്കുന്നത് പോയിട്ട് ഒരു തുണ്ട് ഭൂമി വാങ്ങുന്നത് പോലും സാധാരണക്കാർക്ക് ചിന്തിക്കാനാകാത്ത കാര്യമാണ്.
മമ്മൂട്ടി എന്ന മേൽവിലാസം...
മലയാളസിനിമ മദിരാശിയിൽ നിന്ന് കൊച്ചിയിലേക്ക് കൂടുമാറിയ സമയം. മമ്മൂട്ടിയും കൊച്ചിയിലേക്ക് താമസം മാറാൻ തീരുമാണിച്ചു. അന്ന് ഞാനാണ് അദ്ദേഹത്തിന് സ്ഥലം കണ്ടെത്തിക്കൊടുത്തത്. അന്ന് ഞാൻ തമാശയായി അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ ഇവിടെ വീടുവച്ചാൽ കുഞ്ചന്റെ അയൽക്കാരനാണെന്ന മേൽവിലാസം കിട്ടുമല്ലോ എന്ന്... പിൽക്കാലത്ത് പനമ്പിള്ളി നഗർ അറിയപ്പെട്ടത് മമ്മൂട്ടിയുടെ വീടിന്റെ മേൽവിലാസത്തിലാണ്... ഒരുപാട് സിനിമാതാരങ്ങൾ ഇവിടെ വീടും ഫ്ലാറ്റും വാങ്ങി. ഒരു സെലിബ്രിറ്റി കോളനിയായി പനമ്പിള്ളി നഗർ പിൽക്കാലത്ത് മാറി.
മമ്മൂട്ടിയും കുടുംബവും അടുത്തിടെ ഇവിടെ നിന്നും ഇളംകുളത്ത് പുതിയ വീട് മാറി താമസമായി. അതോടെ ഈ പരിസരം തന്നെ നിശബ്ദമായി. ഒരുകാലത്തു കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റത്ത് നിന്നുവരെ മമ്മൂട്ടിയെ കാണാൻ ഇവിടെ ആരാധകർ എത്തുമായിരുന്നു. ശരിക്കുമൊരു ഉത്സവപ്രതീതിയായിരുന്നു. ഞാനും സ്വകാര്യമായി അയൽപക്കത്തു നിന്ന് അത് കണ്ടാസ്വദിച്ചിട്ടുണ്ട്. ആ ഗതകാലപ്രൗഡിയുടെ ഓർമകൾ അയവിറക്കിക്കൊണ്ട് ആ വീട് നിശബ്ദം നിലകൊള്ളുന്നു. മമ്മൂട്ടി പുതിയ വീട്ടിലേക്ക് മാറിയത് സന്തോഷമുള്ള കാര്യമാണെങ്കിലും പ്രിയപ്പെട്ട അയൽക്കാരനെ നഷ്ടമായതിന്റെ വിഷമമുണ്ട്.
കുടുംബം, കൊറോണക്കാലം...
ഭാര്യ ശോഭ. മക്കൾ ശ്വേത, സ്വാതി. മക്കളും അമ്മയുടെ വഴിയേ ബ്യൂട്ടിപാർലർ രംഗത്താണ് ഇപ്പോഴുള്ളത്. ലോക്ഡൗൺ മൂലം രണ്ടു മാസമായി വീട്ടിൽത്തന്നെയാണ്. കൊച്ചിയിലെത്തിയ ശേഷം ഇത്രയും കാലം വീട്ടിലിരിക്കുന്നത് ആദ്യമാണ്. വീട് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന ഇടമാണ്. അതുകൊണ്ട് ബോറടി തോന്നില്ല. വീട് എപ്പോഴും അടുക്കിപ്പെറുക്കി വൃത്തിയായി വയ്ക്കാൻ മുൻകയ്യെടുക്കുന്നതും ഞാനാണ്. പിന്നെ സിനിമകൾ കാണുന്നു, വായിക്കുന്നു. എത്രയും വേഗം സിനിമകൾ സജീവമാകുന്ന കാലത്തിനായി കാത്തിരിക്കുന്നു.
English Summary- Kunchan Actor Home, Mammootty House Memories