'ഇത്തവണ വീട് മുങ്ങിയില്ല സാറേ'..മുൻ സബ്കലക്ടർക്ക് നന്ദി അറിയിച്ച് വീട്ടമ്മ; മാതൃക
Mail This Article
'ഇത്തവണ വീട് മുങ്ങിയില്ല സാറേ'...മുൻ സബ്കലക്ടർ വി.ആർ.കൃഷ്ണതേജയെ ലതാമ്മ ഈ സന്തോഷവാർത്ത അറിയിച്ചത് കുടുംബശ്രീ പ്രവർത്തക വഴിയാണ്. നെടുമുടി മാത്തൂർപാടത്ത് വെള്ളം കയറുമ്പോഴൊക്കെ മനസ്സിൽ ആധിനിറയുന്ന കാലമുണ്ടായിരുന്നു, നെടുമുടി മാത്തൂർ പതിനാറിൽച്ചിറ ലതാമ്മയ്ക്ക്. അതിൽനിന്നും രക്ഷയായത് 'ഐ ആം ഫോർ ആലപ്പി' പദ്ധതിയാണ്.
2018 ലെ പ്രളയത്തിൽ വീട് നശിച്ചതോടെ കയറിക്കിടക്കാൻ ഇടമില്ലാതായി. 'ഐ ആം ഫോർ ആലപ്പി' പദ്ധതിയിൽപ്പെടുത്തി അന്നത്തെ സബ്കലക്ടർ വി.ആർ.കൃഷ്ണതേജ മുൻകയ്യെടുത്താണ് വീട് നിർമിച്ചത്. ബാഹുബലി സിനിമയുടെ പിന്നണി പ്രവർത്തകരാണ് വീട് നിർമിച്ചുനൽകിയത്. കുടുംബശ്രീ പ്രവർത്തകർ പണി ഏറ്റെടുത്തു. വെള്ളം കയറാതെ ഉയർത്തിനിർമിച്ച വീട്ടിൽ ഇത്തവണ വെള്ളത്തെ പേടിക്കാതെ ലത ഉറങ്ങി.
ലതാമ്മയുടെ സന്ദേശവും വീടിന്റെ ചിത്രവും വി.ആർ.കൃഷ്ണതേജ സമൂഹമാധ്യമം വഴി പങ്കുവയ്ക്കുകയും ചെയ്തു.
2005 ൽ ഭർത്താവ് ശങ്കരൻകുട്ടി മരിച്ചശേഷം ഏറെ കഷ്ടപ്പെട്ടാണ് മൂന്നു പെൺമക്കളെ ലത വളർത്തിയത്. 2 പേരെ വിവാഹം ചെയ്തയച്ചു. ഇളയമകൾ പുണെയിൽ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനിയാണ്.
English Summary- Housewife Thanks Subcollector for Flood Resistant House