ADVERTISEMENT

വരിക്കാശേരി മന- നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളസിനിമാപ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ വീട്. ഒരർഥത്തിൽ മലയാളസിനിമയുടെ സ്വന്തം തറവാട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് മനിശേരിയിലാണ് വരിക്കാശേരി മന സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് സാമൂതിരിയോട് കൂറുപുലർത്തിയിരുന്ന ഒരു ബ്രാഹ്മണ തറവാടായിരുന്നു ഇത്. സെറ്റിട്ട് മുഖം മിനുക്കിയ വരിക്കാശേരി മനയാണ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചയം. എന്നാൽ ചമയങ്ങളില്ലാതെ മന ഒന്നുകണ്ടുവന്നാലോ...

ഏകദേശം 120 വർഷം പഴക്കമുണ്ട് മനയ്ക്ക്.പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് കൊണ്ടാണ് തറവാട് പണിതത്. സിനിമകളിലൂടെ പ്രശസ്തമായ മനയുടെ പൂമുഖം ഏകദേശം 35 വർഷം മുൻപ് കൂട്ടിയെടുത്തതാണ്.

varikasheri-mana-side-JPG

മോഹൻലാൽ, മംഗലശേരി നീലകണ്ഠനായി എത്തിയ ദേവാസുരം ഹിറ്റായതോടെയാണ് സിനിമകൾ ഓരോന്നായി, വരിക്കാശ്ശേരി മനയിലേക്കെത്തിയത്. ആറാം തമ്പുരാൻ,വല്യേട്ടൻ, രാപകൽ, ചന്ദ്രോത്സവം, മാടമ്പി മുതൽ ഷൈലോക്ക് വരെ നീളുന്ന 180-ഓളം സിനിമകൾ.

പടിഞ്ഞാറു ദർശനമായാണ് മനയുടെ നിൽപ്. നല്ല തടിയിൽ  മനോഹരമായ കൊത്തുപണികളോടുകൂടിയ തൂണുകളും മച്ചുമെല്ലാം ഇവിടെകാണാം. മനോഹരമായ ചുവർചിത്രമാണ് അകത്തേക്ക് സ്വാഗതമോതുന്നത്.

varikasheri-mana-sitout-JPG

ലക്ഷണമൊത്ത നാലുകെട്ടാണ് വരിക്കാശേരി മന. തുറന്ന വിശാലമായ നടുമുറ്റമാണ് മനയുടെ ആത്മാവ്. ഇതിനുചുറ്റുമാണ് മുറികൾ വിന്യസിച്ചിരിക്കുന്നത്. മിക്കമുറികളിൽ നിന്നും നടുമുറ്റത്തേക്ക് നോട്ടമെത്തും.

varikasheri-mana-court-view-JPG

മാടമ്പിയിലെ കല്യാണകച്ചേരി, ചന്ദ്രോത്സവത്തിലെ മുറ്റത്തെത്തും തെന്നലേ..തുടങ്ങിയ ഗാനങ്ങൾ ഈ നടുമുറ്റത്ത് ചിത്രീകരിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും കയറിയിറങ്ങുംവിധം ധാരാളം ജനലുകളും മനയിൽ കാണാം. ഒരു നൂറ്റാണ്ട് മുമ്പുതന്നെ ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം ഇവ രൂപകൽപന ചെയ്തുവെന്നത് അദ്ഭുതകരമാണ്. തടിഗോവണി കയറി മുകളിലെത്തിയാൽ വിശാലമായ ഹാളാണ്. മനയിൽ ധാരാളം അംഗങ്ങൾ താമസിച്ചിരുന്ന സമയത്ത് എല്ലാവർക്കും മുറികളുണ്ടാകില്ല. അപ്പോൾ അവർ നിരനിരയായി പായ വിരിച്ചു കിടന്നത് ഈ ഹാളിലാകാം.

varikasheri-mana-upperhall-JPG

മനയുടെ പരിസരത്തിന്റെ പ്രൗഢി വീക്ഷിക്കാൻ പാകത്തിലാണ് ബാൽക്കണി. സമീപമുള്ള പത്തായപ്പുരയുടെയും ക്ഷേത്രത്തിന്റെയും  അമ്പലക്കുളത്തിന്റെയും കാഴ്ചകൾ ഇവിടെനിന്നാസ്വദിക്കാം.

varikasheri-mana-pathayapura-JPG

നാലുകെട്ടിന്റെ വശത്തായി പ്രൗഢമായ പത്തായപ്പുര കാണാം. തൂവൽക്കൊട്ടാരം, ബോഡിഗാർഡ്, പ്രേതം 2 തുടങ്ങിയ സിനിമകളിൽ പത്തായപ്പുര ചിത്രീകരിച്ചിട്ടുണ്ട്. ഏക്കർ കണക്കിന് നെൽക്കൃഷിയിൽ നിന്നും ലഭിക്കുന്ന പതിനായിരപ്പറ നെല്ല് സംഭരിക്കാനാണ് പത്താ യപ്പുര നിർമിച്ചത്.നീളൻ വരാന്തയും ബാൽക്കണിയുമാണ് പത്തായപ്പുരയുടെ സവിശേഷത. ഇവിടെനിന്നാൽ നാലുകെട്ടിന്റെ വശത്തുനിന്നുള്ള ഭംഗി ആസ്വദിക്കാം.

varikasheri-mana-courtyard-JPG

മനയിൽ നിന്നും തെല്ലകലെ കുടുംബക്ഷേത്രമുണ്ട്. ഇവിടെ നിത്യപൂജയുണ്ട്. ഇതിനുസമീപം ധാരാളം പടവുകളുള്ള വിശാലമായ കുളം കാണാം. ധാരാളം സിനിമകളിൽ ഇവയും മുഖം കാണിച്ചിട്ടുണ്ട്.

varikasheri-mana-temple-JPG

ചുരുക്കത്തിൽ മിക്ക മലയാളികളും സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള, ഒരുതവണയെങ്കിലും നേരിൽക്കാണാൻ ആഗ്രഹിക്കുന്ന നിർമാണവിസ്മയമാണ് വരിക്കാശേരിമന.

varikasheri-mana-pond-JPG

Watch in YouTube

ചിത്രങ്ങൾ, വിഡിയോ- അജിത് തോമസ് 

English Summary- Varikasseri Mana ottapalam Shooting Location

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com