ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനടനാണ് കെപിഎസി സജി. നാടകത്തിന്റെ അരങ്ങിൽ നിന്നും വെള്ളിവെളിച്ചത്തിലേക്ക് എത്തിയ അഭിനേതാവാണ് സജി. ഇപ്പോൾ മഴവിൽ മനോരമയിലെ ഹൃദയം സ്നേഹസാന്ദ്രം എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകരിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് അദ്ദേഹം. സജി തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കുടുംബം...

വടക്കൻ പറവൂരിനടുത്ത് ചേന്ദമംഗലമാണ് സ്വദേശം. ഒരു കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ, അമ്മ, ഞങ്ങൾ ആറു മക്കൾ. അതിൽ ഏറ്റവും ഇളയവനായിരുന്നു ഞാൻ. ഒരിടത്തരം കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ  മിലിട്ടറിയിൽ നിന്നും നേരത്തെ റിട്ടയർ ചെയ്തു നാട്ടിലെത്തി. സഹോദരങ്ങൾ ഒക്കെ പഠിച്ചു ഉദ്യോഗസ്ഥരായി. പിന്നീട് അവരെല്ലാം വേറെ വീടുവച്ചു താമസം മാറി. എനിക്ക് ചെറുപ്പം മുതൽ കലാരംഗത്ത് എത്തണം എന്നായിരുന്നു ആഗ്രഹം. സ്‌കൂൾതലം മുതൽ കലാപരിപാടികൾ അവതരിപ്പിക്കുമായിരുന്നു.

 

നാടകം എന്ന തട്ടകം..

പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ് എറണാകുളം കലാനിലയം എന്ന ട്രൂപ്പിലേക്ക് എന്നെ വിളിക്കുന്നത്. ചെറിയ വേഷം വല്ലതുമാകും എന്നുകരുതി ചെന്ന എന്നെ അവർ നായകനാക്കി. അങ്ങനെ ആദ്യ നാടകത്തിൽ തന്നെ നായകവേഷം ചെയ്യാനായി. അങ്ങനെ നാടകം തന്നെ തട്ടകം എന്നുറപ്പിച്ചു. അന്ന് സിനിമാനടൻ സായ്കുമാർ കെപിസിയിൽ അഭിനയിക്കുന്നുണ്ട്. അദ്ദേഹം വേറെ ഏതോ ട്രൂപ്പിലേക്ക് അവസരം വന്നു പോയ ഒഴിവിലാണ് ഞാൻ കെപിഎസിയിലെത്തുന്നത്.

പിന്നീട് പത്തുപന്ത്രണ്ടു വർഷത്തോളം പല ട്രൂപ്പുകളിൽ മാറി അഭിനയിച്ചു. നാടക നടന് നമ്മുടെ നാട്ടിൽ എന്നും പ്രാരാബ്‌ധമാണല്ലോ. സ്വന്തം കുടുംബവും കുട്ടികളുമായപ്പോൾ ഇങ്ങനെ തുടർന്നാൽ ശരിയാകില്ല എന്ന് വീട്ടുകാർ പറഞ്ഞു. അങ്ങനെ പതിയെ മിനിസ്‌ക്രീനിൽ അവസരങ്ങൾ നോക്കിത്തുടങ്ങി. എഴുത്തുകാരൻ പി.എഫ് മാത്യുസിനെ പോയിക്കണ്ടു. അദ്ദേഹത്തിന്റെ സീരിയലിൽ ഒരു ചെറിയ വേഷം ചെയ്തു. അതിനുശേഷം അടുത്തതായി വന്ന 'അനാമിക' എന്ന സീരിയലിൽ  നായകവേഷം തന്നെ എന്നെ തേടിയെത്തി.

kpac-saji-house

പ്രളയം തകർത്ത തറവാട്...

2018 ലെ മഹാപ്രളയം ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ സ്ഥലങ്ങളിലൊന്ന് ചേന്ദമംഗലമാണ്. ഇവിടുത്തെ കൈത്തറി വ്യവസായം ആകെ തകർന്നു. എന്റെ തറവാട് മുഴുവൻ വെള്ളം കയറി തകർന്നു. എന്റെ കാറും വെള്ളത്തിൽ മുങ്ങി. സർക്കാരിൽ നിന്നും നാശനഷ്ടമായി ആകെ കിട്ടിയത് 10000 രൂപയാണ്. അവർക്ക് ഞാൻ സിനിമാനടനാണല്ലോ. എല്ലാ നടന്മാരും വലിയ സമ്പന്നന്മാരാണ് എന്നാണ് അവരുടെ വിചാരം. ഒരു നാശനഷ്ടവും ഉണ്ടാകാത്ത, ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും അടുപ്പക്കാർക്ക് അനർഹമായി ഇതിലും നഷ്ടപരിഹാരം ലഭിച്ചു. ഞാൻ അഭിനേതാക്കളുടെ സംഘടനയിൽ അംഗമാണെങ്കിലും ആരെയും ഒന്നും അറിയിക്കാൻ പോയില്ല.

ഏറെ ബുദ്ധിമുട്ടി ഒരു ബാങ്ക് ലോൺ സംഘടിപ്പിച്ചു. തറവാട് പൊളിച്ചു ഒരു പുതിയ വീട് പെട്ടെന്ന് തട്ടിക്കൂട്ടി. അത്രയും കാലം വാടകവീട്ടിലും എന്റെ ചേട്ടന്റെ വീട്ടിലും മാറിമാറി താമസിച്ചു. കാർ, സ്ക്രാപ് വിലയിൽ വിറ്റു. ഒരു പുതിയ കാർ വാങ്ങി. അങ്ങനെ കുറച്ച് സാമ്പത്തിക ബാധ്യതകൾ അപ്രതീക്ഷിതമായി വന്നു. അതിൽ നിന്നും കരകയറാനുള്ള ഓട്ടത്തിലാണ് ഇപ്പോൾ. 

 

ഹൃദയം സ്നേഹസാന്ദ്രം...

മഴവിൽ മനോരമയിൽ നോവലിസ്റ്റ് ജോയ്സിയുടെ അമലയിലാണ് ഞാൻ ആദ്യം അഭിനയിക്കുന്നത്. ആ സീരിയൽ സൂപ്പർഹിറ്റായി. അതെന്റെ കരിയറിൽ നല്ല ഒരു വഴിത്തിരിവായി. കുറച്ച് സിനിമകളിലും ഇടക്കാലത്ത് അഭിനയിച്ചു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിലെ വിലാണ് വേഷം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ഒരു തമിഴ് സീരിയൽ അഭിനയിച്ചു കഴിഞ്ഞതേയുള്ളൂ.അദ്ദേഹത്തിനൊപ്പം വീണ്ടും സീരിയൽ ചെയ്യാൻ ഞാൻ കാത്തിരുന്നു. നീണ്ട ഏഴു വർഷത്തിനുശേഷമാണ് ഹൃദയം സ്നേഹസാന്ദ്രം എന്നെ തേടിയെത്തിയത്. പുത്തൻകുരിശിലുള്ള ഒരു വീട്ടിലാണ് സീരിയൽ ഷൂട്ട് ചെയ്യുന്നത്. ഇപ്പോൾ കുടുംബപ്രേക്ഷകർ ആ സീരിയലും കഥാപാത്രവും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്.

 

കുടുംബം..

ഭാര്യ ഷീഗ വീട്ടമ്മയാണ്. മകൾ കൃഷ്ണ പ്ലസ്‌ടുവിലും പഠിക്കുന്നു. മകൻ നവനീത് ഒൻപതിലും പഠിക്കുന്നു.

English Summary- KPAC Saji Actor Home Life; Hridayam Snehasandram Serial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com