ADVERTISEMENT

ലോകത്ത് ഏറ്റവും ആഡംബരമായി ജീവിക്കുന്ന മനുഷ്യൻ. മുന്തിയ ആഡംബരം കൊണ്ട് ലോകത്തിൽ ഒന്നാമതായി നിൽക്കുന്ന കൊട്ടാരം. ഇതുരണ്ടും ബ്രൂണെയിലാണ്. ബ്രൂണെ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഇസ്താനാ നൂറുൽ ഇമാൻ എന്ന രാജകീയ സൗധത്തെ 'കൊട്ടാരങ്ങളുടെ കൊട്ടാര'മെന്ന് വിശേഷിപ്പിക്കേണ്ടിവരും. കാരണം വലുപ്പവും സങ്കൽപിക്കാനാവാത്തത്ര ആഡംബരങ്ങളും നിറഞ്ഞ ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ മുൻനിരയിലാണ്. 49 ഏക്കറിലാണ് കൊട്ടാരം വ്യാപിച്ചുകിടക്കുന്നത്. ബ്രൂണെയുടെ 29-ാമത്തെ സുൽത്താനായ ഹസനാൽ ബൊൽക്കിയ കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്.

brunei-palace-aerial

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾകൊണ്ട് സമ്പന്നമാണ് ഈ അത്യാഡംബര കൊട്ടാരം. ഇസ്ലാമിക നിർമിതികളും മലയ ശൈലിയിലുള്ള വാസ്തുവിദ്യയുടെയും ഇടകലർത്തിയാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.1984 ൽ പണിപൂർത്തിയായ കൊട്ടാരത്തിന്റെ നിർമ്മാണത്തിനായി 10,000 കോടിയാണ് ചെലവായത്. ഫിലിപ്പൈൻസ് സ്വദേശിയായ ലിയാൻട്രോ വി. ലൊക്സിനാണ് കൊട്ടാരത്തിന്റെ രൂപകൽപന  നിർവഹിച്ചത്.

brunei-palace-view

ആകെ 1788 മുറികളാണ് കൊട്ടാരത്തിലുള്ളത്. 257 ബാത്ത്റൂമുകളും ഇവിടെയുണ്ട്. കൊട്ടാരത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ അലങ്കാരങ്ങളും സ്വർണവും അമൂല്യമായ രത്നങ്ങളും പതിച്ചവയാണ്. 5000 അതിഥികളെ ഉൾക്കൊള്ളാനാവുന്ന വമ്പൻ സൽക്കാരമുറിയും ഇവിടെയുണ്ട്.1,500 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാവുന്ന പള്ളിയാണ് മറ്റൊരാകർഷണം.

brunei-palace-entrance

റോൾസ് റോയ്സ്, ഫെരാരി തുടങ്ങിയ 165 അത്യാഡംബര കാറുകൾക്ക് ഉടമയാണ് സുൽത്താൻ. ഇവയ്ക്കായി വിശാലമായ ഗ്യാരേജും കൊട്ടാരത്തിലുണ്ട്. ഇരുനൂറു കുതിരകളെ പാർപ്പിക്കുന്ന കുതിരാലയം പോലും എയർകണ്ടീഷൻ ചെയ്തതാണ്. 15 സ്വിമ്മിങ് പൂളുകൾ, 18 എലവേറ്ററുകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര സൗകര്യങ്ങളാണ് കൊട്ടാരത്തിൽ ഒരുക്കിയിരിക്കുന്നത്. 

brunei-gold-car

കൊട്ടാരത്തിലെ പ്രധാന കെട്ടിടം ബ്രൂണെ സർക്കാരിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്നു. വമ്പൻ ഹെലിപാഡ്, വിശാലമായ കാർ പാർക്കിംഗ് ഏരിയ, പാർക്ക് എന്നിവയാണ് കൊട്ടാരത്തിലെ പുറംകാഴ്ചകൾ. കൊട്ടാരത്തിന്റെ ഓരോ ഭാഗവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ഉദ്യോഗസ്ഥരുമുണ്ട്. 

brunei-sulthan-family

അക്കാലത്ത് രാജ്യാന്തരതലത്തിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായതാണ് ഈ കൊട്ടാരത്തിന്റെ നിർമാണം.  ബ്രൂണെയുടെ ജനങ്ങളും  അയൽരാജ്യങ്ങൾ പോലും ദാരിദ്ര്യം അനുഭവിക്കുമ്പോൾ രാജാവ് ധൂർത്തനായി ജീവിക്കുന്നു എന്ന് നിരവധി ആരോപണങ്ങൾ അന്നുണ്ടായി. എന്നാൽ ഇന്ന് ബ്രൂണെയിലെ പ്രധാന വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഈ യമണ്ടൻ കൊട്ടാരം.

English Summary- Brunei Palace; istana nurul iman; Architecture Wonders

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com