വീടുകൾ ഹരം; പുതിയ വീട്ടിലേക്ക് മാറി കരീനയും സെയ്ഫ് അലി ഖാനും
Mail This Article
ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ബാന്ദ്രയിലെ പുതിയ വീടിന്റെ ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. 'കരീന കപൂർ ഖാൻസ് പ്രഗ്നൻസി ബൈബിൾ ' എന്ന തന്റെ പുസ്തകത്തിൽ കരീന ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ബാന്ദ്രയിലെ വീട്ടിൽ പാലുകാച്ചൽ ചടങ്ങ് നടത്തുന്ന ചിത്രമാണ് ഇത്.
നാലു നിലകളുള്ള വീടിന്റെ പുറംകാഴ്ചകൾ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളിലൂടെ പ്രചരിക്കാറുണ്ടെങ്കിലും അകത്തളം വ്യക്തമായി കാണാവുന്ന ചിത്രങ്ങൾ താരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദർശിനി ഷാ എന്ന ഇന്റീരിയർ ഡിസൈനറാണ് വീടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ക്ലാസിക് കൊളോണിയൽ ശൈലി പിന്തുടർന്നാണ് നിർമ്മാണം. തടികൊണ്ടുള്ള ഫർണിച്ചറുകളും വിശാലമായ സ്വിമ്മിംഗ് പൂളും ഇൻഡോർ പ്ലാന്റുകളും ഉൾപ്പെടുത്തിയിരിക്കുന്ന പ്രൗഢമായ ഇന്റീരിയറാണ് വീടിനുള്ളത്. പല ഭാഗങ്ങളിലും തുറസ്സായ ധാരാളം സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കറുപ്പും വെളുപ്പും നിറങ്ങളിൽ ടൈലുകൾ പാകിയിരിക്കുന്ന ഔട്ട്ഡോർ ഏരിയയിൽ വലിയ പൂച്ചെടികളും ഉൾപ്പെടുത്തിയിരിക്കുന്നു. തടികൊണ്ട് തറ ഒരുക്കിയിട്ടുള്ള ഒരു യോഗ റൂമും ഇവിടെയുണ്ട്.സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതിനായി വലിയ ജനാലകളാണ് ഈ റൂമിൽ നൽകിയിരിക്കുന്നത്. വീട്ടിലുടനീളം ഇളം നിറങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പെയിന്റിങ് നടത്തിയിരിക്കുന്നത്. തടികൊണ്ട് നിർമ്മിച്ച ബുക്ക് ഷെൽഫുകളുള്ള വലിയ ലൈബ്രറിയാണ് മറ്റൊരു കാഴ്ച. ഇതിനു പുറമേ പലപ്പോഴായി താരങ്ങൾ സ്വന്തമാക്കിയ ആന്റിക് വസ്തുക്കളും ആർട്ട് വർക്കുകളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
English Summary- Kareen Kapoor New House