ADVERTISEMENT

കരിക്കിലെ ഒരു വെബ്‌സീരിസിലൂടെയാണ് ദിവ്യ നായർ എന്ന നടിയെ ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് 'ഭീമന്റെ വഴി' അടക്കം ഒരുപിടി സിനിമകളിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറിയിരിക്കുകയാണ് ദിവ്യ. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

വീട് ഓർമകൾ..

കൊച്ചി പള്ളുരുത്തിയാണ് സ്വദേശം. അച്ഛൻ, അമ്മ, അനിയൻ, ഞാൻ. ഇതായിരുന്നു കുടുംബം. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അച്ഛൻ മരിച്ചിട്ട് 17 വർഷമായി. വളരെ സാധാരണമായ ഒരു ചെറിയ വീട്ടിലായിരുന്നു ഞാൻ വളർന്നത്. അച്ഛൻ പള്ളുരുത്തിയിൽ വാങ്ങിയതായിരുന്നു ആ വീട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമകളും അച്ഛനൊപ്പം ആ വീട്ടിൽ കഴിഞ്ഞതിന്റെ ഓർമകളാണ്. അച്ഛൻ ജോലി കഴിഞ്ഞു രാത്രിയിൽ ഭക്ഷണം മേടിച്ചുകൊണ്ടുവരുന്നതും, ഞങ്ങൾ ഉറങ്ങിക്കഴിഞ്ഞാൽ ഇക്കിളികൂട്ടി ഉണർത്തുന്നതുമൊക്കെ ഓർക്കുന്നു. ഇപ്പോൾ ഓർക്കുമ്പോൾ അച്ഛന്റെ ഓർമയാണ് ആ വീട്. 

 

വീതിയുള്ള വഴിയില്ലാത്ത വീട്....

'ഭീമന്റെ വഴി' സിനിമ വീട്ടിലേക്കുള്ള വഴി ആളുകളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനമാണല്ലോ അവതരിപ്പിച്ചത്. ഞാൻ അതിൽ കൗൺസിലറുടെ വേഷമാണ് ചെയ്തത്. അതിൽ എനിക്ക് റിലേറ്റ് ചെയ്യാൻ കഴിഞ്ഞ ഒരു കാര്യമുണ്ട്. അച്ഛൻ പണിത പള്ളുരുത്തിയിലെ വീട്ടിലേക്ക് കഷ്ടിച്ച് ഒരു സ്‌കൂട്ടർ പോകാനുള്ള വഴിയെ ഉണ്ടായിരുന്നുള്ളൂ. അതുമൂലം ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പനിയായിട്ട് ആശുപത്രിയിൽ പോകണമെങ്കിലോ മറ്റോ കാർ എത്തുന്ന റോഡ് വരെ നടക്കണം. അതുപോലെ മിക്ക മലയാളികൾക്കും ആ സിനിമ തങ്ങളുടെ ജീവിതവുമായി ചേർത്തുകാണാൻ സാധിച്ചിട്ടുണ്ടാകണം.

 

വീടുകൾ പരിചയപ്പെടുത്തിയ കാലം...

ഞാൻ നിരവധി വർഷങ്ങൾ ഒരു ചാനലിൽ വീടുകളെ പരിചയപ്പെടുത്തുന്ന പരിപാടി അവതരിപ്പിച്ചിരുന്നു. അങ്ങനെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി വീടുകൾ കാണാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് ഏറെക്കുറെ കേരളത്തിലെ ഭവനസംസ്കാരവും ആളുകളുടെ സ്വഭാവത്തിലുള്ള വ്യത്യാസവും മനസിലാക്കിയിട്ടുണ്ട്.  ആ ഒരനുഭവം വച്ച് താരതമ്യേന മലബാർ മേഖലകളിലാണ് വീട് ഹൃദ്യതയുള്ള ഒരു അനുഭവം തന്നിട്ടുള്ളത്. അവിടെയുള്ളവർക്ക് സ്വന്തം വീടുകളോട് ഇത്തിരി സ്നേഹം കൂടുതലുണ്ട്. അതുപോലെ വീട്ടിലെത്തുന്ന അതിഥികളോടും...

divya-family

 

അഭിനയം വന്ന വഴി..

ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് സ്വകാര്യ ടിവി ചാനലുകൾ കേരളത്തിൽ സജീവമാകുന്നത്. അങ്ങനെ പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ ചെറിയ ചാനൽ പരിപാടികൾ ചെയ്തുതുടങ്ങി. വളരെ ചെറുപ്പത്തിൽ (ഡിഗ്രിക്ക് പഠിക്കുമ്പോൾ) വിവാഹം കഴിഞ്ഞു. പിന്നീട് റേഡിയോ മാങ്കോയിൽ 6 വർഷം ആർ.ജെ ആയി. പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റായി. അതുകഴിഞ്ഞു ഷോർട് ഫിലിംസ് ചെയ്തു. കരിക്കിലെ റോൾ ശ്രദ്ധിക്കപ്പെട്ടു. അതുവഴി സിനിമയിലെത്തി.

 

സ്വന്തം വീട് സഫലമാക്കണം..

ധാരാളം വീടുകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ എനിക്ക് ഇതുവരെ സ്വന്തമായി ഒരു വീട് ആയിട്ടില്ല എന്നതാണ് ട്വിസ്റ്റ്. നിലവിൽ ഞാനും അമ്മയും മക്കളും പാലാരിവട്ടത്ത് ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. മകൾ സൗപർണിക പ്ലസ്‌ടുവിൽ പഠിക്കുന്നു. മകൻ ഋഷികേശ് ആറാം ക്‌ളാസിൽ പഠിക്കുന്നു.

സ്വന്തം വീട് വൈകിപ്പോയത് എന്റെ മനോഭാവത്തിന്റെ കൂടി കുഴപ്പമായിരുന്നു. ലോൺ ഒക്കെ എടുത്ത് വീട് വച്ച് സമാധാനമില്ലാതെ ജീവിക്കണോ എന്നൊരു ചിന്താഗതി ആയിരുന്നു കുറച്ചുനാൾ വരെ. ഇപ്പോൾ സിനിമയിലും മറ്റും അവസരങ്ങൾ വന്നുതുടങ്ങി. ഇനി ലോൺ എടുത്തായാലും രണ്ടുവർഷത്തിനുള്ളിൽ സ്വന്തമായി ഒരു വീട് സഫലമാക്കണം എന്നതാണ് ആഗ്രഹം. ധാരാളം വീടുകൾ കണ്ടുകണ്ട് ഇന്റീരിയർ ഒരുക്കുന്നതിൽ അൽപം ഐഡിയകൾ ഒക്കെയുണ്ട്.വീട് ഒരു യോഗമാണ്. അത് സമയത്ത് വന്നുചേരും എന്നുപറയാറുണ്ട്. അതുകൊണ്ട് ആ സമയത്തിനായി കാത്തിരിക്കുന്നു.

English Summary- Actor Divya Nair About House Memories; Celebrity Home Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com