ഒരടിയിലൂടെ ലോകപ്രശസ്തനായി! നടൻ ക്രിസ് റോക്കിന്റെ വീട്
Mail This Article
ഓസ്കർ പുരസ്കാര വേദിയിൽ അലോപേഷ്യ രോഗിയായ ഭാര്യയെക്കുറിച്ചുള്ള പരാമർശത്തിൽ പ്രകോപിതനായി വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിനെത്തുടർന്നുള്ള കോലാഹലങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാൽ സ്റ്റാൻഡപ്പ് കൊമേഡിയനും അഭിനേതാവുമായ ക്രിസ് റോക്ക് ഇതിനുമുൻപും വിവാദങ്ങളുടെ തോഴനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതശൈലിയും ഏതാണ്ട് അങ്ങനെ തന്നെയാണ്. ന്യൂജേഴ്സിയുടെ പ്രാന്തപ്രദേശങ്ങളിൽ ഒരിടത്ത് താരതമ്യേന ഹോളിവുഡ് താരജാഡകളില്ലാത്ത വീടാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
മൂന്ന് മില്യൻ ഡോളർ (22,82 കോടി രൂപ) വിലമതിപ്പുള്ള വീടാണ് ക്രിസ് റോക്കിന്റേത്. ഇത് അത്ര ചെറുതല്ല എങ്കിലും മറ്റ് ഹോളിവുഡ് സെലിബ്രിറ്റികളുടെ പടുകൂറ്റൻ ബംഗ്ലാവുകളുമായി താരതമ്യം ചെയ്താൽ പട്ടികയിൽ ഏറ്റവുമൊടുവിലാവും ക്രിസ് റോക്കിന്റെ വീടിന്റെ സ്ഥാനം. ഇവിടേക്കെത്താൻ ന്യൂയോർക്ക് നഗരത്തിൽ നിന്നും മുക്കാൽ മണിക്കൂർ ദൂരം യാത്ര ചെയ്യേണ്ടിവരും.
കൊളോണിയൽ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച വീടിന്റെ വിസ്തീർണ്ണം 10,300 ചതുരശ്ര അടിയാണ്. രണ്ടേക്കർ എസ്റ്റേറ്റിനു നടുവിലാണ് വീട് സ്ഥിതി ചെയ്യുന്നത്. നാല് കിടപ്പുമുറികളും നാല് ബാത്ത്റൂമുകളാണ് ഇവിടെയുള്ളത്. പച്ചപ്പിനു നടുവിൽ സ്ഥിതിചെയ്യുന്ന വീടിന്റെ മുറ്റത്ത് വിശാലമായ പുൽത്തകിടിയും സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്.
2001ലാണ് ക്രിസ് ഈ വീട് സ്വന്തമാക്കുന്നത്. ഭാര്യ മാലക്കിനൊപ്പം 15 വർഷക്കാലം ഇവിടെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസം. 2016ൽ ഇരുവരും വിവാഹബന്ധം വേർപെടുത്തിയിരുന്നു. എന്നാൽ അതിനുശേഷവും മക്കൾക്കൊപ്പം സമയം ചിലവിടുന്നതിനു വേണ്ടി ന്യൂജേഴ്സിയിലെ വീടിന് സമീപം തന്നെ മറ്റൊരു വീട് ക്രിസ് സ്വന്തമാക്കി. എന്നാൽ അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മുൻ ഭാര്യയും മക്കളും ജീവിക്കുന്ന വീട് രേഖകൾ പ്രകാരം ഇപ്പോഴും ക്രിസിന്റെ പേരിൽ തന്നെയാണ്.
English Summary- Oscar Anchor Chris Rock House