വിജയ് ദേവരക്കൊണ്ടയുടെ വീട്ടുവിശേഷങ്ങൾ
Mail This Article
അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലൂടെ സെന്‍സേഷനായി മാറിയ നടനാണ് വിജയ് ദേവരക്കൊണ്ട. സിനിമാ വിശേഷങ്ങളിലൂടെയും ഗോസിപ്പുകളിലൂടെയുമൊക്കെ സ്ഥിരം വാര്‍ത്തകളിലിടം പിടിയ്ക്കാറുള്ള വിജയ് ഹൈദരബാദിലെ തന്റെ ആഡംബരവസതിയിലേക്ക് താമസം മാറ്റിയതും വലിയ വാര്‍ത്തയായിരുന്നു.
ഹൈദരാബാദിലെ ഫിലിം നഗറിലാണ് ദേവരക്കൊണ്ടയുടെ വസതിയുള്ളത്. പതിനഞ്ച് കോടി ചെലവില്‍ പണി കഴിപ്പിച്ച വീട്ടില്‍ അച്ഛനമ്മമാര്‍ക്കും സഹോദരനുമൊപ്പമാണ് താരത്തിന്റെ താമസം. തൂവെള്ളനിറത്തില്‍ പല നിലകളിലായി നിര്‍മിച്ചിരിക്കുന്ന ബംഗ്ലാവില്‍ അത്യാധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്.
കൂറ്റന്‍ എന്‍ട്രസ് കടന്ന് നേരെ ചെല്ലുന്ന വിശാലമായ ലിവിങ് റൂം ആര്‍ട്ട് വര്‍ക്കുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. ഭിത്തികളിലുള്ള കുടുംബചിത്രങ്ങളും അകത്തളങ്ങള്‍ക്ക് ഭംഗിയേകുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ ഒരു പെയിന്റിങും ഇവിടെ കാണാം. ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കായി വീടിനുള്ളില്‍ പ്രത്യേക സ്ഥലംതന്നെ നല്‍കിയിട്ടുണ്ട്.
ദേവരക്കൊണ്ട കുടുംബത്തിന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഫാമിലി റൂം. വിശേഷദിവസങ്ങളിലും ഒഴിവുവേളകളിലും കുടുംബം ഒത്തുകൂടുന്നതും സമയം ചിലവഴിക്കുന്നതും ഇവിടെയാണ്. ഇവിടെ ഒരു പാന്‍ട്രിയും ഡൈനിങ് ബാറുമടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സിനിമാപോസ്റ്ററുകള്‍ കൊണ്ടാണ് ഇവിടെ ഭിത്തി അലങ്കരിച്ചിരിക്കുന്നത്.
വലിയ ഗാര്‍ഡനാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. പലയിടങ്ങളില്‍ നിന്നായി എത്തിച്ച നിരവധി ചെടികളുണ്ട് ഗാര്‍ഡനില്‍. വീട്ടില്‍ വന്നാല്‍ താരം ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുക ഇവിടെയാണ്. ഇത് കൂടാതെ വീട്ടിലെ മള്‍ട്ടിപര്‍പ്പസ് ബാറും താരത്തിന്റെ ഇഷ്ടസ്ഥലങ്ങളിലൊന്നാണ്. ഇവിടെ റെക്കോർഡിങ്ങിനായുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഹൈദരാബാദിലെ പോഷ് റെസിഡന്‍ഷ്യല്‍ ഏരിയയായ ഫിലിം നഗറില്‍ ദേവരക്കൊണ്ടയുടെ അയല്‍വാസികളായി അക്കിനേനി നാഗാർജുന, ജൂനിയര്‍ എന്‍ടിആര്‍, റാം ചരണ്‍, മഹേഷ് ബാബു, ചിരഞ്ജീവി, അല്ലു അര്‍ജുന്‍ തുടങ്ങി തെലുങ്ക് സിനിമയിലെ ഒട്ടനവധി താരങ്ങളുമുണ്ട്.
English Summary- Vijay Devarakonda House in Hyderabad; Celebrity Home