രാജ്യത്തെ മികച്ച നടൻ; വീട് വാങ്ങൽ ഹോബി! അജയ് ദേവ്ഗണിന്റെ വിശേഷങ്ങൾ
Mail This Article
മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് അജയ് ദേവ്ഗൺ. ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള താരദമ്പതികൾ കൂടിയാണ് അജയും കജോളും. സിനിമയിലൂടെ ലഭിക്കുന്ന പണം കൃത്യമായി നിക്ഷേപിക്കുന്ന ബിസിനസ് മാൻ കൂടിയാണ് അജയ്. റിയൽ എസ്റേറ്റിലാണ് താരം കൂടുതൽ നിക്ഷേപിക്കുന്നത്.
നഗരത്തിന്റെ തിരക്കുകള്‍ ചുറ്റും ഉണ്ടെങ്കിലും അതൊന്നും ഒട്ടും എത്താത്ത ഒരിടമാണ് മുംബൈ ലോണാവാലയിലുള്ള അജയുടേയും കജോളിന്റെയും 4 BHK ഡുപ്ലെയ് ഫ്ലാറ്റ്. വീടിന്റെ ഇന്റീരിയർ ചെയ്യാൻ മേൽനോട്ടം വഹിച്ചതും കജോൾ തന്നെയാണ്. കജോളിന്റെയും അജയ്‌യുടെയും പ്രണയകാലം മുതല്‍ പിന്നീട് ഇങ്ങോട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളും വീട്ടിലുണ്ട്.
വുഡ് വർക്കുകളും ക്യൂരിയോസും ചിത്രപ്പണികളുള്ള മാർബിൾ ഫ്ലോറിങ്ങുമെല്ലാം കജോളിന്റെ തിരഞ്ഞെടുപ്പാണ്. ഡുപ്ലെയ് ഫ്ളാറ്റിലെ പിരിയൻ ഗോവണിയും ഷാൻലിയറുകളുമെല്ലാം ആകർഷകമാണ്. സിനിമാചർച്ചകൾക്കായി ഇരുവരുടെയും ഓഫിസ് പ്രവർത്തിക്കുന്നതും ഫ്ലാറ്റിന്റെ മുകൾനിലയിലാണ്. ഷാറുഖ് ഖാൻ, കരൺ ജോഹർ തുടങ്ങിയ കുടുംബ സുഹൃത്തുക്കൾ പതിവായി ഇവിടെ എത്താറുണ്ട്.
റെഡി ക്യാഷ് കൊണ്ടുമാത്രമല്ല, വലിയ തുക ലോണെടുത്ത് വീട് വാങ്ങിയും അടുത്തിടെ അജയ് ഞെട്ടിച്ചിട്ടുണ്ട്. കോവിഡ് മൂലം റിയൽഎസ്റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യം മുതലെടുത്ത് മുംബൈയിലെ ജൂഹുവില്‍ 47.5 കോടി രൂപയുടെ ആഡംബരഭവനം അജയ് വാങ്ങിയത് വലിയ വാർത്തയായിരുന്നു. 18 കോടി രൂപയുടെ ഹോംലോണാണ് താരം ഇതിനായി എടുത്തത് എന്നാണ് വാർത്തകൾ. 6,500 ചതുരശ്രയടിയുള്ള വീടാണിത്. അജയുടെയും അമ്മ വീണ വിരേന്ദ്ര ദേവ്ഗണിന്റെയും പേരിലാണ് ഈ വീട് രജിസ്റ്റർ ചെയ്തത്.
കൂടുതലും ജുഹുവിലെ ശക്തി എന്ന ബംഗ്ലാവിലാണ് അജയ് ദേവ്ഗണും ഭാര്യ കജോളും മക്കളായ നൈസയും യുഗും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഈ വീട് സ്ഥിതിചെയ്യുന്ന അതേ ലെയിനിലാണ് പുതിയ ബംഗ്ലാവുമുള്ളത്. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, അക്ഷയ് കുമാർ, ഹൃതിക് റോഷൻ തുടങ്ങിയ ബി-ടൗൺ താരങ്ങളും ഇതേ പ്രദേശത്ത് തന്നെയാണ് താമസിക്കുന്നത്.
English Summary- Ajay Devgn Real Estate Assets