വിവാഹമോചനത്തിനുമുൻപ് താമസിച്ച വീട് തിരികെ വാങ്ങി സമാന്ത
Mail This Article
സമാന്ത-നാഗചൈതന്യ താരജോഡികളുടെ വിവാഹമോചനവാർത്തകൾ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷം നാഗചൈതന്യയുമൊത്ത് ജീവിച്ചിരുന്ന വീട് സമാന്ത സ്വന്തമാക്കിയിരിക്കുകയാണ്. ഒരു വെബ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ തെലുങ്ക് താരമായ മുരളി മോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പക്കൽ നിന്നുമാണ് നാഗചൈതന്യയും സമാന്തയും അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നത്.
വിവാഹശേഷം സമാന്തയും നാഗചൈതന്യയും ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള ഈ ആഡംബര അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. പിന്നീട് ഇരുവരും ചേർന്ന് മറ്റൊരു വീട് സ്വന്തമാക്കിയിരുന്നു. അതോടെ ഈ അപ്പാർട്ട്മെന്റ് മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. എന്നാൽ വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം മനസ്സിനിണങ്ങിയ ഒരു വീട് കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു സമാന്ത. പല വീടുകളും വാങ്ങാൻ പദ്ധതിയിട്ടെങ്കിലും ഒന്നിലും തൃപ്തി തോന്നാതിരുന്ന താരം തനിക്ക് ഏറ്റവും യോജിച്ച ഇടം പഴയ അപ്പാർട്ട്മെന്റാണെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
അതേസമയം അപാർട്ട്മെന്റിന്റെ പുതിയ ഉടമ അത് വിൽക്കാൻ പദ്ധതിയിട്ടിരുന്നില്ല എന്നും മുരളി പറയുന്നു. ഏറെ ചർച്ചകൾക്ക് ശേഷം ഒടുവിൽ ഉയർന്ന വില നൽകിയാണ് അപ്പാർട്ട്മെന്റ് സമാന്ത വാങ്ങിയത്. ഇത് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സമാന്തയും അമ്മയും ഈ അപ്പാർട്ട്മെന്റിലാണ് താമസം.
English Summary- Samantha buys House used to live with Nagachaithanya