രണ്ടാനമ്മ വ്യാജ ഒപ്പിട്ട് വീട് പണയപ്പെടുത്തി; വില്യംസ് സഹോദരിമാരുടെ വീട് ലേലത്തിന്
Mail This Article
ടെന്നീസിൽ ലോകത്തിലെ ഒന്നാംനിര താരങ്ങളായിരുന്ന സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും ജീവിതത്തിൽ അവരുടെ കുടുംബവീടിന് വലിയ പ്രാധാന്യമാണുള്ളത്. ഫ്ലോറിഡയിലെ പാം ബീച്ച് ഗാർഡൻസിൽ സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ വച്ചാണ് പിതാവായ റിച്ചാർഡ് വില്യംസ് ഇരുവർക്കും പരിശീലനം നൽകി തുടങ്ങിയത്. അതിനായി രണ്ട് ടെന്നീസ് കോർട്ടുകളും അദ്ദേഹം സജ്ജീകരിച്ചിരുന്നു. കിങ് റിച്ചാർഡ് എന്ന പേരിൽ ഇവരുടെ ജീവിതകഥ ആസ്പദമാക്കി കഴിഞ്ഞ വർഷം ഇറങ്ങിയ ഹോളിവുഡ് സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ കായികലോകത്ത് ഏറെ പ്രാധാന്യമുള്ള ഈ വീട് ഇന്ന് കടബാധ്യതയെ തുടർന്ന് ലേലത്തിന് വച്ചിരിക്കുകയാണ്.
സെറീനയുടെയും വീനസിന്റെയും രണ്ടാനമ്മയായ ലക്കിഷ ജുവാനിറ്റ വായ്പയായി വാങ്ങിയ പണം തിരിച്ചടയ്ക്കാത്തതിനെത്തുടർന്നാണ് ഇപ്പോൾ വീട് ലേലത്തിനു വയ്ക്കേണ്ടി വന്നിരിക്കുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് ലക്കിഷ ഒരു ബിസിനസ് നടത്തുന്നതിനായി ഡേവിഡ് സൈമൺ എന്ന വ്യക്തിയിൽ നിന്നും 2,55,000 ഡോളർ ( 2 കോടി 10 ലക്ഷം രൂപ) വായ്പയായി വാങ്ങിയിരുന്നു. റിച്ചാർഡ് വില്യംസുമായി ബന്ധം പിരിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ വ്യാജ ഒപ്പ് ഇട്ടശേഷം വീട് പണയപ്പെടുത്തിയാണ് ഇവർ പണം വാങ്ങിയത്. ബിസിനസ് തകരുകയും ലക്കിഷ പണം തിരിച്ചടയ്ക്കാതെ വരികയും ചെയ്തതോടെ ഡേവിഡ് അഞ്ചുവർഷമായി അത് തിരികെ നേടാനുള്ള ശ്രമങ്ങളിലായിരുന്നു.
നിലവിൽ പലിശയടക്കം 5,84,000 ഡോളറാണ് (4 കോടി 81 ലക്ഷം രൂപ) ലക്കിഷ തിരിച്ചടയ്ക്കേണ്ടത്. ജപ്തിയിലായ വീട് ലേലത്തിന് വയ്ക്കാൻ തീരുമാനം വന്നതോടെ രണ്ടുതവണ അത് തടയാൻ ലക്കിഷ ശ്രമിക്കുകയും ചെയ്തിരുന്നു. അതിനുശേഷം പണം തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാലാണ് നാല് കിടപ്പുമുറികൾ ഉൾപ്പെടുന്ന വീട് അടുത്തമാസം ലേലത്തിനായി വച്ചിരിക്കുന്നത്. 1.42 മില്യൺ ഡോളറാണ് (11 കോടി രൂപ ) അടിസ്ഥാന വില. ലേലത്തിൽ നിന്നും ലഭിക്കുന്ന തുകയുടെ സിംഹഭാഗവും ഡേവിഡിനാണ് ലഭിക്കുന്നത്.
1981ൽ നിർമ്മിക്കപ്പെട്ട വീട് 1995 ലാണ് റിച്ചാർഡ് വില്യംസ് സ്വന്തമാക്കിയത്. പത്തേക്കർ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായതിനാൽ ഈ വീടിന് ഇൻഷുറൻസ് ലഭിക്കില്ല എന്നും ഡേവിഡ് പറയുന്നു. അതേസമയം റിച്ചാർഡ് 9000 ഡോളർ (7 ലക്ഷം രൂപ) വീടിന്റെ നികുതി ഇനത്തിൽ അടയ്ക്കാനുണ്ടെന്ന് 2014ൽ നിന്നുള്ള രേഖകൾ സൂചിപ്പിക്കുന്നു.
English Summary- Sereena Venus Williams sisters Childhood House forced to Auction- Celebrity News