പുതിയ സ്വപ്നഭവനം സ്വന്തമാക്കി നടി മഞ്ജു പിള്ള
Mail This Article
പുതിയ സ്വപ്നഭവനം സ്വന്തമാക്കി നടി മഞ്ജു പിള്ള. കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ മഞ്ജു പങ്കുവച്ചപ്പോൾ സഹതാരങ്ങൾ അടക്കമുള്ളവർ ആശംസകൾ കമന്റ് ചെയ്തിട്ടുണ്ട്.
കസവുസാരിയും മുല്ലപ്പൂവും ചൂടി കേരളീയ ലുക്കിലാണ് മഞ്ജു ചടങ്ങിൽ പങ്കെടുത്തത്. കൂടെ മകൾ ദയയുമുണ്ട്. ചടങ്ങിൽ ഭർത്താവും ഛായാഗ്രാഹകനുമായ സുജിത് വാസുദേവ് ഇല്ല. സുജിത്തേട്ടൻ എവിടെ എന്ന ഒരാളുടെ ചോദ്യത്തിന്, ഷൂട്ടിലാണ് എന്ന് മഞ്ജു കമന്റ് ചെയ്തിട്ടുണ്ട്.
മഞ്ജു കുറച്ചുവർഷങ്ങൾക്ക് മുൻപ് പങ്കുവച്ച വീട് ഓർമകൾ വായിക്കാം...
സ്വന്തം പോലെ വാടകവീടുകൾ...
കോട്ടയം ഏറ്റുമാനൂരിലുള്ള തറവാട്ടിലാണ് ഞാൻ ജനിച്ചത്. എനിക്ക് ഒരു വയസുള്ളപ്പോൾ അച്ഛന് തിരുവനന്തപുരം VSSCയിലേക്ക് ട്രാൻസ്ഫർ ലഭിച്ചു. അങ്ങനെ പിന്നീട് തിരുവനന്തപുരമായി എന്റെ നാട്. വാടകവീടുകളിലായി പിന്നീടുള്ള ജീവിതം. എങ്കിലും അമ്മ സ്വന്തം വീട് കരുതുംപോലെ വാടകവീടുകൾ നോക്കിനടത്തുന്നത് കണ്ടാണ് ഞാൻ വളർന്നത്.
വിവാഹശേഷം കൊച്ചിയിലാണ് താമസം. വൈറ്റിലയിലുള്ള ഫ്ലാറ്റ് വാടകയ്‌ക്കെടുക്കുമ്പോൾ നാലു വർഷത്തേക്കായിരുന്നു കോൺട്രാക്ട്. അൺഫർണിഷ്ഡ് ആയ ഫ്ലാറ്റായിരുന്നു. ഞങ്ങൾ മുൻകയ്യെടുത്താണ് ചുവരുകൾ വെള്ളപൂശി, ഇന്റീരിയർ ഒക്കെ അലങ്കരിച്ച് ഒരു വീടാക്കി ഫ്‌ളാറ്റിനെ മാറ്റിയെടുത്തത്. ഒരുദിവസം വാടക കൂട്ടണമെന്ന് പറഞ്ഞുവന്ന ഉടമസ്ഥൻ ഫ്ലാറ്റിന്റെ ഈ മാറ്റം കണ്ടതോടെ വാടകകാര്യം വേണ്ടെന്നുവച്ചു സന്തോഷത്തോടെ മടങ്ങിപ്പോയി. ഫ്ലാറ്റ് കൈമാറുമ്പോൾ ഉടമസ്ഥന് ഒരു ഡിമാൻഡ് ഉണ്ടായിരുന്നു. അകത്തുള്ള കർത്താവിന്റെ ചിത്രം മാറ്റാൻ പാടില്ല. ആ ഡിമാൻഡ് അംഗീകരിച്ചു എന്നുമാത്രമല്ല ഞാൻ കൊച്ചിയിലുള്ളപ്പോൾ ഇന്നും മെഴുകുതിരി കത്തിച്ചു പ്രാർഥിക്കുന്നത് ആ രൂപത്തിന് മുന്നിലാണ്.
സ്വപ്നവീട്ടിലേക്ക് താമസിയാതെ...
വൈറ്റിലയിൽ വാടക ഫ്ലാറ്റിലാണ് ഏറെക്കാലമായി താമസം. സ്വന്തമായി ഒരു വീട് വേണം എന്ന മോഹം താമസിയാതെ പൂവണിയും. കളമശേരിയിൽ ഫ്ലാറ്റിന്റെ പണികൾ അവസാന ഘട്ടത്തിലാണ്. രണ്ടു നിലകൾ യോജിപ്പിച്ച് ഡുപ്ലെയ് ഫ്ലാറ്റായാണ് ഫർണിഷിങ് നടത്തുന്നത്. കോവിഡ് കാരണം കുറേക്കാലം പണി നിർത്തിവച്ചിരിക്കുകയായിരുന്നു.
English Summary- Manju Pillai New Flat Housewarming- News