കഠിനാധ്വാനത്തിന്റെ ഫലം; ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ആഡംബരജീവിതം ഇങ്ങനെ
Mail This Article
ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈ സാങ്കേതിക ലോകത്തെ തന്റെ മുന്നേറ്റങ്ങളിലൂടെ ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ വക നൽകിയ വ്യക്തിത്വമാണ്. കലിഫോർണിയയിലെ ലോസ് അൾട്ടോസിൽ സ്ഥിതി ചെയ്യുന്ന സുന്ദർ പിച്ചൈയുടെ അത്യാഡംബര ബംഗ്ലാവാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. കുന്നിൻ മുകളിലായി 31.17 ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവാണ് ഇത്. അകവും പുറവും ഒരേപോലെ ആകർഷകമായ കാഴ്ചകൾ സമ്മാനിക്കുന്ന രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്.
2020ൽ 40 മില്യൺ ഡോളർ (328. 16 കോടി രൂപ) ചിലവിട്ടാണ് പിച്ചൈ ഈ ബംഗ്ലാവ് സ്വന്തമാക്കിയത്. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ സമീപപ്രദേശങ്ങളുടെ മനോഹരമായ കാഴ്ച ഇവിടെയിരുന്ന് ആസ്വദിക്കാം. കാലത്തിനനുസൃതമായി അത്യാധുനിക സൗകര്യങ്ങളാണ് ബംഗ്ലാവിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഇൻഫിനിറ്റി പൂൾ, ജിം, സ്പാ, വൈൻ നിലവറ, സോളാർ പാനലുകൾ, ജോലിക്കാർക്കായി തയ്യാറാക്കിയ പ്രത്യേക ക്വാർട്ടേഴ്സുകൾ തുടങ്ങി ഹോളിവുഡ് താര രാജാക്കന്മാരുടെ ബംഗ്ലാവുകളോടു കിടപിടിക്കത്തക്ക സൗകര്യങ്ങൾ ഇവിടെയുണ്ട്.
എന്നാൽ ബംഗ്ലാവ് സ്വന്തമാക്കിയ ശേഷം അതിൽ കുടുംബത്തിന്റെ ഇഷ്ടങ്ങളുമായി ചേർന്നു പോകുന്ന തരത്തിൽ ഏറെ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. 49 കോടി രൂപയാണ് അകത്തളം പുനർനിർമ്മിക്കാനായി മാത്രം ചിലവിട്ടത്. പിച്ചൈയുടെ ഭാര്യ അഞ്ജലിയാണ് അകത്തളത്തിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. മാറ്റങ്ങൾ വരുത്തിയതോടെ അകത്തളത്തിന്റെ പ്രൗഢിയും നിർമിതിയുടെ വില മതിപ്പും കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. ധാരാളം സ്ഥല വിസ്തൃതി ഉറപ്പാക്കിക്കൊണ്ടാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.
കഠിനാധ്വാനവും ആത്മാർത്ഥതയും കൈമുതലാക്കി സുന്ദർ പിച്ചൈ സ്വന്തമാക്കിയ നേട്ടങ്ങൾ ഇന്ത്യക്കാർക്ക് മാത്രമല്ല ലോകജനതയ്ക്ക് തന്നെ പ്രചോദനം നൽകുന്നവയാണ്. തൊഴിൽ മേഖലയിലെ മികവിലൂടെ സാങ്കേതിക ലോകത്തെ ഉന്നത സ്ഥാനത്ത് എത്തിയെങ്കിലും കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി അവർക്കൊപ്പം ചിലവിടുന്ന സമയം മനോഹരമാക്കാൻ ഉതകുന്ന രീതിയിലാണ് തന്റെ ബംഗ്ലാവ് പിച്ചൈ അണിയിച്ചൊരുക്കിയിരിക്കുന്നത്.
English Summary- Google CEO Sundar Pichais Luxury Home- News