പ്രായം വെറും 15 വയസ്സ്; ടിവി താരം വാങ്ങിയത് 4 കോടിയുടെ വീട്!
Mail This Article
പലരും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കണ്ടുതുടങ്ങണമെങ്കിൽ തന്നെ മുപ്പതുകൾ അടുക്കണം. അതിനുള്ള പണം സ്വരുക്കൂട്ടാനും സ്വപ്നം യാഥാർത്ഥ്യമാക്കാനും പിന്നെയും നീണ്ട വർഷങ്ങളുടെ പരിശ്രമവും വേണ്ടിവരും. എന്നാൽ തന്റെ പതിനഞ്ചാം വയസ്സിൽ കോടികൾ വിലമതിക്കുന്ന വീട് സ്വന്തമാക്കി ശ്രദ്ധ നേടുകയാണ് ഹിന്ദി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയയായ റുഹാനിക ധവാൻ എന്ന കുട്ടിത്താരം. ബോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രമായ മുംബൈയിലാണ് നാല് കോടി വിലമതിക്കുന്ന റുഹാനികയുടെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്.
എക്ത കപൂറിന്റെ പ്രശസ്ത ടെലിവിഷൻ ഷോയായ യേ ഹെ മൊഹ്ബതേനിലൂടെയാണ് റുഹാനിക പ്രശസ്തി നേടിയത്. ഏതാനും ബോളിവുഡ് ചലച്ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ റൂഹാനിക ചെയ്തിട്ടുണ്ട്. സ്വപ്നഭവനം സ്വന്തമാക്കിയ വിവരം റുഹാനിക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് തന്റെ മാതാപിതാക്കൾക്കും ഇന്നോളം ലഭിച്ച എല്ലാ അവസരങ്ങൾക്കും നന്ദി അറിയിക്കുന്നതായും പോസ്റ്റിൽ റുഹാനിക കുറിച്ചിരുന്നു. വീട്ടിൽ നിന്നും പകർത്തിയ ധാരാളം ചിത്രങ്ങളും താരത്തിന്റെ സമൂഹമാധ്യമ പേജുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ലോഖണ്ഡ്വാല കോംപ്ലക്സ് എന്ന ആഡംബര കെട്ടിടത്തിലെ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന രണ്ട് ഫ്ലാറ്റുകളാണ് താരം വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. ഇവയ്ക്ക് രണ്ടിനും ചേർത്താണ് നാലു കോടി രൂപ മുടക്കിയിരിക്കുന്നത്. എന്നാൽ റുഹാനിക മൈനർ ആയതിനാൽ വീട് റുഹാനികയുടെ അമ്മയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്ഥല വിസ്തൃതി ഉറപ്പാക്കിക്കൊണ്ടാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. വിശേഷ അവസരങ്ങളിൽ വീട് അലങ്കരിച്ചിരിക്കുന്നതിന്റെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം പങ്കിടുന്നതിന്റെയും ചിത്രങ്ങളും റുഹാനിക പങ്കുവയ്ക്കാറുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കോടികൾ വിലമതിക്കുന്ന വീട് സ്വന്തമാക്കിയെങ്കിലും ഇത് തന്റെ തുടക്കം മാത്രമായാണ് കാണുന്നതെന്നും പോസ്റ്റിൽ താരം കുറിക്കുന്നു.
English Summary- 15 year old actor bought flat worth 4 crore- Celebrity news