ആഡംബരവീട് വിൽപനയ്ക്കുവച്ച് സംവിധായകൻ ജെയിംസ് കാമറൂൺ
Mail This Article
ടൈറ്റാനിക്, ടെർമിനേറ്റർ, അവതാർ അടക്കമുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ജെയിംസ് കാമറൂണിന്റെ കലിഫോർണിയയിലെ ആഡംബര വസതി വില്പനയ്ക്ക് എത്തിയിരിക്കുന്നതായി റിപ്പോർട്ട്. ഗവിയോട്ട നഗരത്തിലെ 102 ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന വീടാണ് കാമറൂൺ കൈമാറ്റം ചെയ്യുന്നത്. കടൽകാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രദേശത്ത് സ്വപ്നസമാനമായി സ്ഥിതി ചെയ്യുന്ന ഈ വീട് സ്വന്തമാക്കാൻ പുതിയ ഉടമ 33 മില്യൺ ഡോളർ (272 കോടിയ്ക്കടുത്ത്) ചിലവഴിക്കേണ്ടി വരും.
1990കളിൽ 4.3 മില്യൻ ഡോളറിനാണ് (35 കോടി രൂപ) കാമറൂണും ഭാര്യ സൂസി ആമിസും എസ്റ്റേറ്റ് സ്വന്തമാക്കിയത്. ഒരു വീടും ഗസ്റ്റ് ഹൗസും ധാന്യപ്പുരയുമാണ് എസ്റ്റേറ്റിൽ ഉള്ളത്. ഇതിൽ പ്രധാന കെട്ടിടത്തിന് 8000 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. അഞ്ച് കിടപ്പുമുറികളും ആറ് ബാത്റൂമുകളും ഇവിടെയുണ്ട്. 2000 ചതുരശ്രഅടി വിസ്തീർണത്തിലാണ് ഗസ്റ്റ് ഹൗസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ 24000 ചതുരശ്രഅടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന ധാന്യപ്പുര നിലവിൽ ഒരു ഹെലികോപ്റ്റർ അടക്കം നിരവധി വാഹനങ്ങൾ സൂക്ഷിക്കാനായാണ് കാമറൂൺ ഉപയോഗിക്കുന്നത്.
ജിം, മൂവി തീയേറ്റർ, ഓഫിസ് റൂമുകൾ, ഗെയിം റൂം എന്നിവയാണ് വീട്ടിലെ മറ്റ് സൗകര്യങ്ങൾ. ചെറുതടാകത്തിന് സമാനമായി നിർമ്മിച്ചിരിക്കുന്ന ഔട്ട്ഡോർ സ്വിമ്മിങ് പൂളാണ് എസ്റ്റേറ്റിലെ മറ്റൊരു പ്രധാന ആകർഷണം. പുൽത്തകിടിക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ഈ സ്വിമ്മിങ് പൂൾ അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഇതിനു ചുറ്റുമായി പനകളും വളർത്തിയിരിക്കുന്നു. ഒരു ഹവായ് റിസോർട്ടിന്റെ പ്രതീതി നൽകാനാണ് ശ്രമിച്ചിരിക്കുന്നത് എന്ന് കാമറൂൺ പറയുന്നു.
സമുദ്ര ജീവികളെക്കുറിച്ച് മനസ്സിലാക്കുന്നതിൽ ഏറെ താല്പര്യമുള്ളതുകൊണ്ട് മിലിറ്ററി ഗ്രേഡ് ബൈനോക്കുലറുകളും കാമറൂൺ സ്ഥാപിച്ചിട്ടുണ്ട്. സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വായുവിൽനിന്നും സൗരോർജത്തിൽനിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് പ്രധാനമായും വീട്ടിൽ ഉപയോഗിക്കുന്നത്. സ്വാഭാവിക വെളിച്ചം ധാരാളമായി അകത്ത് ലഭിക്കുന്ന വിധത്തിലാണ് രൂപകല്പന. റൂഫിങ്ങിന് തടി കൊണ്ടുള്ള പാനലുകൾ ഉപയോഗിച്ചിരിക്കുന്നു. എസ്റ്റേറ്റിൽ ഒരു പച്ചക്കറി തോട്ടവും കുടുംബം ഒരുക്കിയിട്ടുണ്ട്. നിലവിൽ കൂടുതൽ സമയവും ന്യൂസിലൻഡിൽ ചിലവഴിക്കേണ്ടി വരുന്നതിനാലാണ് എസ്റ്റേറ്റ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
English Summary- James Cameron Luxury House for Sale- News