ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു പത്രോസ്. സ്വാഭാവികത്തികവർന്ന അഭിനയശൈലിയിലൂടെ കഥാപാത്രങ്ങളെ മികച്ചതാക്കുന്ന മഞ്ജു തന്റെ സ്വപ്നഭവനം സഫലമായ സന്തോഷത്തിലാണ്. മഞ്ജു തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

സ്വപ്‌നവീട്‌... 

വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. ഇപ്പോൾ സ്വന്തം വീടിനുള്ളിൽ നിൽക്കുമ്പോൾ സന്തോഷവും സംതൃപ്തിയുമുണ്ട്. എന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചാണ് വീട് പണി കഴിപ്പിച്ചിരിക്കുന്നത്. ഇത്രയും കാലം ഞാൻ അമ്മച്ചിയുടെയും പപ്പയുടെയും കൂടെയാണ് താമസിച്ചത്. അവിടെ അമ്മയും പപ്പയും സഹോദരനും കുടുംബവുമാണ് താമസിക്കുന്നത്.    എല്ലാവരും ഉള്ളതുകൊണ്ട് മകൻ ബെർണാച്ചന് സ്വന്തമായി ഒരു റൂം കൊടുക്കാൻ അവിടെ ഇല്ല.  അവനു സ്വന്തമായി ഒരു റൂം വേണം എന്ന ആഗ്രഹം കൂടിയാണ് ഇപ്പോൾ സാക്ഷാത്കരിച്ചത്. 

actress-manju-pathrose-reaction-to-body-shaming-comment

10 സെന്റിലാണ് വീട് പണിതത്. ഞാൻ ജനിച്ചു വളർന്നത് കിഴക്കമ്പലം എന്ന സ്ഥലത്താണ്. അവിടെ കുറച്ചു സ്ഥലം വാങ്ങി വീട് വയ്ക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ അവിടെ ഇപ്പോൾ സ്ഥലത്തിന് വില വളരെ കൂടുതലാണ്.  അതുകൊണ്ട് തൊട്ടടുത്ത പഞ്ചായത്തിൽ ആണ് സ്ഥലം വാങ്ങിയത്. ഞാൻ അധ്വാനിച്ച പണവും കുറച്ചു ബാങ്ക് ലോണും ഒക്കെ എടുത്താണ് വീട് വച്ചത്.  വീട് വച്ചിട്ട് അവിടെ താമസിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല.  ജോലിത്തിരക്കുള്ളതിനാൽ വീട്ടിൽ വരവ് എപ്പോഴും നടക്കാറില്ല.  ഇതുവരെ മുഴുവനായി അവിടേക്ക് മാറിയിട്ടില്ല. എന്റെ അമ്മയുടെ വീട്ടിൽ തന്നെയാണ് മകൻ ബെർണാച്ചൻ.  ഞാൻ ജോലി കഴിഞ്ഞു വരുന്നതും അവിടെയാണ്.  സുഹൃത്തുക്കളും മറ്റും വീട് കാണാൻ വരുമ്പോൾ മാത്രമാണ് പുതിയ വീട്ടിലേക്ക് പോകാൻ പറ്റുന്നത്. ആഴ്ചാവസാനം ചിലപ്പോൾ അമ്മയും അപ്പനും മകനെയും കൊണ്ടുവന്ന് അവിടെ താമസിക്കും. 

വീട് മുഴുവൻ മഞ്ഞയും വെള്ളയും മാത്രം ആയിരിക്കണം എന്നായിരുന്നു ആഗ്രഹം. അത് ഞാൻ ആർക്കിടെക്റ്റിനോട് പറഞ്ഞു. പക്ഷേ അദ്ദേഹം പറഞ്ഞു ഒരു ആഷ് കളർ കൂടി കൊടുക്കാം ഇല്ലെങ്കിൽ കോൺട്രാസ്റ്റ് കാണില്ല എന്ന്.. അങ്ങനെ മൂന്ന് നിറത്തിലാണ് വീടിന് പെയിന്റടിച്ചിരിക്കുന്നത്..

ഞാൻ ആർക്കിടെക്ടിനോട് പറഞ്ഞത് എന്റേത് ഒരുതുറന്ന വീടായിരിക്കണം എന്നാണ്.  ബെഡ്റൂമിന് മാത്രം മതി ഭിത്തികൾ ബാക്കി വീട് മുഴുവൻ കാറ്റും  വെളിച്ചവും കയറുന്ന രീതിയിൽ തുറന്നു കിടക്കണം.  വലിയ വലിയ ജനാലകൾ വേണം, ലൈറ്റ് ഇട്ടില്ലെങ്കിലും വീട് മുഴുവൻ പ്രകാശമാനമായിരിക്കണം. എന്റെ ബെഡ്‌റൂമിൽ ഗ്ലാസ് ഡോർ വേണം, ബെഡ്‌റൂമിൽ ഒരു കുഞ്ഞുബാൽക്കണി വേണം. മഴക്കാലത്ത് എന്റെ ബെഡിൽ ഇരുന്ന് മഴ ആസ്വദിക്കുന്ന തരത്തിൽ വലിയ ഗ്ലാസ് ഡോർ ആണ് പിടിപ്പിച്ചിരിക്കുന്നത്. മുന്നിലും പിന്നിലുമായി വലിയ മുറ്റമുണ്ട്.  ഇനി മരങ്ങളും ചെടികളും ഒക്കെ വച്ച് പിടിപ്പിക്കണം. എന്റെ വീട്ടിൽ തടി കൊണ്ടുള്ള ഒന്നും വേണ്ട എന്ന് തീരുമാനിച്ചിരുന്നു.  അതുകൊണ്ട് ഒരു പണിക്കും തടി ഉപയോഗിച്ചിട്ടില്ല. മെറ്റൽ കൊണ്ടാണ് വാതിലും ജനലും എല്ലാം ഉണ്ടാക്കിയിരിക്കുന്നത്.

 

Manju-2

വീടുപണിയുമ്പോൾ ശ്രദ്ധിക്കേണ്ടത് 

എന്റെ വീടുപണിഞ്ഞപ്പോൾ ഞാൻ പഠിച്ച ഒരു പാഠമുണ്ട്. നമ്മുടെ സുഹൃത്തുക്കളെയോ അറിയാവുന്നവരേയോ വീടുപണി ഏൽപിക്കരുത്.  പിന്നെ നിങ്ങൾക്ക് സൗഹൃദം നഷ്ടപ്പെടാതിരിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും.  നമ്മൾ പറയുന്നതുപോലെ അവർ ചെയ്തെന്നു വരില്ല. അവർ പറയുന്നത് കേട്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. അത്തരം ചില കാര്യങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ എനിക്ക് വേണ്ടത് എന്റെ സ്വപ്നത്തിലുള്ള വീടായിരുന്നു. അതുകൊണ്ടു ഞാൻ ഒരു വീഴ്ചയ്ക്കും തയാറായില്ല. വീട് നമ്മുടെ ഒരു ആയുഷ്കാലത്തേക്കുള്ളതാണ്. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ട് ഒരു ജീവിതകാലത്ത് ഒരു വീടായിരിക്കും പണിയാൻ കഴിയുക അത് നമ്മുടെ ഇഷ്ടത്തിന് ചെയ്തു കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് കാര്യം...  

 

വീട്ടിലെ ഇഷ്ടമുള്ള ഇടം...

എന്റെ വീട്ടിൽ എനിക്ക് ഇഷ്ടമുള്ള ഇടം ഏതാണെന്ന് പറയാൻ കഴിയില്ല. എന്റെ വീടിന്റെ ഓരോ മുക്കും മൂലയും എനിക്ക് ഇഷ്ടമാണ്.  ആ വീടിന്റെ ഓരോ ഇഞ്ചും എന്റെ വിയർപ്പിന്റെ വിലയാണ്. ഞാൻ ആശിച്ചു കൊതിച്ച് സ്വപ്നം കണ്ടു പണിത വീടാണ്. അതുകൊണ്ടുതന്നെ  അവിടെയുള്ള എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.

English Summary- Manju Pathrose House Memories- Celebrity Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com