ADVERTISEMENT

പുരസ്‌കാരനിറവിലാണ് വിൻസി അലോഷ്യസ്. ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് അഭിനയത്തോടുള്ള പാഷൻ മാത്രം കൈമുതലാക്കി വിൻസി സിനിമയിലെത്തിയത്. ഇപ്പോഴിതാ ആ കഷ്ടപ്പാടുകൾക്കുള്ള അർഹിച്ച അംഗീകാരമായി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും. രേഖ എന്ന ചിത്രമാണ് വിന്‍സിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. വിൻസിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് താരത്തിന്റെ വീട്ടുവിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പഴയ അഭിമുഖം സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു. 

വീട് ഓർമകൾ...

മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് എന്റെ നാട്. അച്ഛൻ അലോഷ്യസ് ഡ്രൈവറാണ്. അമ്മ സോണി വീട്ടമ്മയും. എനിക്കൊരു ചേട്ടൻ വിപിൻ. ഇതാണ് എന്റെ കുടുംബം. വീടിനെക്കുറിച്ചുള്ള ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് പൊന്നാനിയിലുള്ള പപ്പയുടെ തറവാട് വീടായിരുന്നു. തറവാട് എന്നു പറയുമ്പോൾ ഒരുപാട് വലിയ വീട് ഒന്നുമല്ല കേട്ടോ...ഏകദേശം 1500 ചതുരശ്രയടിയുള്ള ഓടിട്ട ചെറിയ ഒരുനില വീട്...തന്മാത്ര സിനിമയിൽ കാണിക്കുന്ന വീട് പോലെ നിരവധി പടികൾ കയറി വേണം മുകളിലെത്താൻ. കൂട്ടുകുടുംബമായിരുന്നു പപ്പയുടേത്.. ഞങ്ങൾ ഒൻപത് കസിൻസുണ്ട്..അവധിക്കാലത്ത് ഞങ്ങൾ എല്ലാവരും വീട്ടിൽ ഒത്തുകൂടും. പിന്നെ ഒളിച്ചുകളിയും പാട്ടുമൊക്കെയായി നല്ല രസമായിരുന്നു... 

 

പണി തീരാത്ത വീട്... 

ഭാഗംവച്ചുകഴിഞ്ഞു ഞങ്ങൾ തറവാട്ടിൽനിന്നും മാറി ഒരു ചെറിയ വീട് പണിതു തുടങ്ങി. 18 വർഷം മുൻപാണ്. സാമ്പത്തികമായി അൽപം പിന്നോക്കമുള്ള കുടുംബമാണ് എന്റേത്. അതുകൊണ്ടുതന്നെ പണം ലഭിക്കുന്നതിനനുസരിച്ച് പടിപടിയായായിരുന്നു നിർമാണം. ആദ്യം വെട്ടുകല്ല് കൊണ്ട് ചുവരുകൾ കെട്ടി, മേൽക്കൂര വാർത്തു ഞങ്ങൾ താമസം തുടങ്ങി... പിന്നെ മുകളിലേക്ക് ഒരു നില പണിതു, വീട് വൈറ്റ് വാഷ് ചെയ്തു, ഫർണിഷ് ചെയ്തു..ഇതെല്ലാം ഇത്രയും വർഷങ്ങൾ കൊണ്ടാണ് ചെയ്തത്. എന്നോടൊപ്പം വളർന്ന വീടാണ് ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട്. അതുകൊണ്ടുതന്നെ വീടിനോട് മാനസികമായി വല്ലാത്തൊരു അടുപ്പമുണ്ട്.

Vincy Aloysius with her parents and brother.
Vincy Aloysius with her parents and brother.

 

ആർക്കിടെക്ചറും അഭിനയവും...

എങ്ങനെയെങ്കിലും ഡിഗ്രി വരെ പഠിപ്പിക്കുക. അതുകഴിഞ്ഞു വിവാഹം കഴിപ്പിച്ചയയ്ക്കുക. വീട്ടുകാർക്ക് ഇത്രയും സ്വപ്നം കാണാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂ. ചെറുപ്പം മുതൽ അത്യാവശ്യം വരയ്ക്കുമായിരുന്നു. പ്ലസ്ടുവിന് അത്യാവശ്യം മാർക്കും ഉണ്ടായിരുന്നു. അങ്ങനെയാണ് ആർക്കിടെക്ചർ തിരഞ്ഞെടുക്കുന്നത്. 

പഠനത്തിന്റെ ഭാഗമായുള്ള ഒരു നോർത്ത് ഇന്ത്യൻ യാത്രയ്ക്കിടയിൽ എനിക്ക് ചിക്കൻ പോക്സ് പിടിച്ചു. തിരികെ വീട്ടിലെത്തി ഡിപ്രഷൻ അടിച്ചു മുറിയിൽ ഒറ്റയ്ക്ക് ചെലവഴിക്കുമ്പോഴാണ് ടിവിയിൽ നായികാനായകന്റെ പരസ്യം കാണുന്നത്. വെറുതെ അപേക്ഷിച്ചു. കിട്ടി. ഹിറ്റായി. പിന്നെ നടന്നത് എന്നെ സംബന്ധിച്ച് ഇപ്പോഴും അദ്ഭുതമാണ്. 

 

എന്റെ സ്വപ്നവീട്...

ആർക്കിടെക്ചർ പഠിച്ചതുകൊണ്ട് വീടിനെക്കുറിച്ചു നിരവധി സങ്കൽപ്പങ്ങളുണ്ട്. ഒരുപാട് ആഡംബരം നിറഞ്ഞ വീടുകളോട് താൽപര്യമില്ല. ഭാവിയിൽ വിവാഹം ഒക്കെ കഴിഞ്ഞു ഒരു വീട് വയ്ക്കുകയാണെങ്കിൽ നടുമുറ്റവും തുറന്ന അകത്തളങ്ങളുമുള്ള, നിറയെ കാറ്റും വെളിച്ചവും ലഭിക്കുന്ന, പരമ്പരാഗത ശൈലിയിലുള്ള ഒരു വീട് നിർമിക്കണം. അത്യാവശ്യം മുറ്റം വേണം. നിറയെ ചെടികൾ വേണം.. ഇതൊക്കെയാണ് മിക്ക മലയാളികളെയും പോലെ എന്റെയും സ്വപ്നം...

English Summary- Vincy Aloshious Home Memories- State Award Winner Best Actress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com