വീടില്ലാത്ത മസ്ക് പുതിയ ഗ്ലാസ് ഹൗസിന്റെ പണിപ്പുരയിലോ? വിവാദം, അന്വേഷണം
Mail This Article
ലോകത്തിലെ ഏറ്റവും വലിയ ധനികനായിട്ടും ഇലോൺ മസ്ക് ബോക ചിക്കയിൽ ലളിതമായ ഒരു വീട്ടിൽ താമസിക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിന്റെ അലയൊലികൾ അടങ്ങുന്നതേയുള്ളൂ. ഇതിന് തൊട്ടുപിന്നാലെ പുതിയ വീട് നിർമിക്കാൻ മസ്ക് ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇലോൺ മസ്കിനായി ഒരു ഗ്ലാസ് ഹൗസ് നിർമ്മിക്കാൻ നിഗൂഢ പദ്ധതി ഇടുന്നതായി സംശയിക്കപ്പെടുന്നതിനെ തുടർന്ന് മസ്തിന്റെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല ഫെഡറൽ അന്വേഷണം നേരിടുകയാണ്. കമ്പനിയുടെ ഫണ്ട് ഗ്ലാസ് ഹൗസ് നിർമ്മാണത്തിനായി മസ്ക് വകയിരുത്തുന്നുണ്ടോ എന്നത് സംബന്ധിച്ചാണ് അധികൃതർ അന്വേഷണം നടത്തുന്നത്.
കമ്പനി വാങ്ങുന്ന നിർമാണ സാമഗ്രികളെക്കുറിച്ചും കമ്പനിയുടെ ഫണ്ട് വാഹന നിർമ്മാണത്തിന് മാത്രമാണോ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ടെസ്‌ലയിൽ ഇപ്പോൾ ജോലി ചെയ്യുന്നവരും മുൻപ് ഉണ്ടായിരുന്നവരുമായ ഉദ്യോഗസ്ഥർക്ക് കോടതിയിലെത്തി സാക്ഷ്യം പറയാനുള്ള ഉത്തരവ് ന്യൂയോർക്കിലെ യുഎസ് അറ്റോർണിയുടെ ഓഫീസിൽ നിന്നും അയച്ചുകഴിഞ്ഞു. ടെസ്‌ലയുടെ ആസ്ഥാന മന്ദിരത്തിന് സമീപത്തായി പൂർണ്ണമായും ഗ്ലാസ് നിർമിതമായ ഭിത്തികളോടുകൂടിയ ഒരു വീട് മസ്കിനായി നിർമ്മിക്കുന്നു എന്ന ആരോപണമാണ് അന്വേഷണത്തിന് ആധാരം.
2022 ൽ കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം ഗ്ലാസ് വാങ്ങാനായി ടെസ്‌ല ഓർഡർ നൽകിയ സംഭവവും പ്രോസിക്യൂട്ടര്‍മാർ പരിശോധിച്ച് വരികയാണ്. എന്നാൽ ഇത്തരം ഒരു കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചിരുന്നോ എന്നതും അത് നിലവിൽ തുടരുന്നുണ്ടോ എന്നതും ഓർഡർ നൽകിയ നിർമാണ സാമഗ്രികൾ കൈപ്പറ്റിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഇത്തരം ഒരു അന്വേഷണം നടക്കുന്നു എന്നത് മസ്കിന് എതിരായി സിവിൽ നടപടികളോ ക്രിമിനൽ നടപടികളോ ഉണ്ടാവും എന്നതിന്റെ സൂചനയല്ല എന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ ടെസ്‌ല സ്വന്തമാക്കിയ ആയിരക്കണക്കിന് ഏക്കറുകൾ വരുന്ന കൃഷിഭൂമിയിൽ ഒരു ഉട്ടോപ്യൻ നഗരം സൃഷ്ടിച്ചെടുക്കണമെന്ന ആഗ്രഹം മുൻപ് തന്നെ മസ്ക് പങ്കുവച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി മസ്കും സംഘവും ഇക്കഴിഞ്ഞ മാർച്ചിൽ ഭൂവുടമകളെയും റിയൽ എസ്റ്റേറ്റ് ഏജന്റുമാരെയും കാണുകയും ചെയ്തിരുന്നു.
സ്പെയ്സ് എക്സ്, ടെസ്‌ല, ബോറിങ് കമ്പനി തുടങ്ങി തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് മാർക്കറ്റ് വിലയിൽ കുറഞ്ഞ വാടകയിൽ താമസിക്കാൻ പുതിയ വീടുകൾ നിർമിക്കണമെന്നാണ് മസ്കിന്റെ ആഗ്രഹം. എന്നാൽ ഈ ടൗൺഷിപ്പ് പദ്ധതിയും മസ്ക് നിർമിക്കാൻ ഉദ്ദേശിക്കുന്നു എന്ന് പറയപ്പെടുന്ന ഗ്ലാസ് ഹൗസും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
English Summary : Elon Musk Allegedly Building a Glass House for Him- Controversy