ഭൂമിയിലെ ഏറ്റവും ചെലവേറിയ വീട് നിർമിക്കാൻ ഒരുങ്ങി ശതകോടീശ്വരൻ
Mail This Article
ഭൂമിയിലെ ഏറ്റവും വിലമതിപ്പുള്ള വീട് നിർമിക്കാൻ തയാറെടുക്കുകയാണ് ഹെഡ്ജ് ഫണ്ട് ബില്യനയറും ലോകത്തിലെ ധനികരുടെ പട്ടികയിൽ 38 ാം സ്ഥാനക്കാരനുമായ കെന്‍ ഗ്രിഫിൻ. ഫ്ലോറിഡയിലെ പാം ബീച്ചിൽ 100 കോടി ഡോളർ (8316 കോടി രൂപ) മുതൽമുടക്കിയാണ് മെഗാ എസ്റ്റേറ്റ് നിർമിക്കാൻ അദ്ദേഹം പദ്ധതിയിടുന്നത്.
ലോകത്തിന്റെ പലഭാഗങ്ങളിലായി നിരവധി പ്രോപ്പർട്ടികൾ സ്വന്തമാക്കിയിട്ടുള്ള കെൻ 20 ഏക്കറോളം സ്ഥലമാണ് പാം ബീച്ചിൽ വാങ്ങിയത്.
ഇവിടെയുണ്ടായിരുന്ന വീടുകൾ ബംഗ്ലാവിന്റെ നിർമാണത്തിന് മുന്നോടിയായി പൊളിച്ചു കളഞ്ഞിരുന്നു. മെഗാ എസ്റ്റേറ്റിന്റെ നിർമാണത്തിന് മാത്രമായി 150 മില്യൻ ഡോളർ മുതൽ 400 മില്യൻ ഡോളർ വരെ ചെലവാകും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ലക്ഷ്വറി സ്പാ, അറ്റ്ലാൻറിക് സമുദ്രത്തിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കുന്ന സ്വിമ്മിങ് പൂൾ, ജലാശയത്തിന് സമീപത്തായി ഒരുക്കുന്ന പൂന്തോട്ടങ്ങൾ, വീട്ടുജോലിക്കാർക്കുള്ള കോട്ടേജുകൾ, അതിഥികൾക്കുള്ള താമസ സൗകര്യം എന്നിങ്ങനെ വിശാലമായ സൗകര്യങ്ങളോടെയാണ് ബംഗ്ലാവ് ഒരുങ്ങുന്നത്.
50,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ കണ്ടമ്പററി ശൈലിയിൽ ബംഗ്ലാവ് ഒരുക്കാനാണ് പദ്ധതി. നിർമാണം പൂർത്തിയായ ശേഷം കെന്നിന്റെ മാതാവ് കാതറിൻ ഗ്രാറ്റ്സ് ഗ്രിഫിനാവും ഇവിടെ താമസിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഭാവിയിൽ ഇത് തന്റെ റിട്ടയർമെന്റ് ഹോമായി ഉപയോഗിക്കാനാണ് കെൻ ആഗ്രഹിക്കുന്നത്. ബംഗ്ലാവിന്റെ നിർമാണത്തിനായി 2022 ജൂണിൽ ആർക്കിടെക്ചറൽ ബോർഡിൽനിന്ന് അനുമതിയും വാങ്ങി. ബംഗ്ലാവിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു.
മാൻഹട്ടനിലെയും ഷിക്കാഗോയിലെയും കോണ്ടോമിനിയം യൂണിറ്റുകളും ചരിത്ര പ്രാധാന്യമുള്ള ലണ്ടൻ ബംഗ്ലാവും എല്ലാം ചേർത്ത് 600 മില്യൻ ഡോളറിന്റെ (4990 കോടി രൂപ) വ്യക്തിഗത റിയൽ എസ്റ്റേറ്റ് ആസ്തിയാണ് കെൻ ഗ്രഫിന് നിലവിലുള്ളത്. 2019 ൽ ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് സൗത്തിൽ 238 മില്യൻ ഡോളർ മുടക്കി ഒരു പെന്റ് ഹൗസും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അമേരിക്കയിൽ ഒരു വീടിനായി മുടക്കുന്ന ഏറ്റവും ഉയർന്ന തുകയായിരുന്നു അത്.