ADVERTISEMENT

എന്തുമേതും വീട്ടുമുറ്റത്ത് എത്തിക്കുന്ന ആമസോൺ സാധാരണക്കാർക്കുപോലും സുപരിചിതമാണ്. എന്നാൽ ഏതൊരു സംരംഭവും പോലെ ലളിതമായ രീതിയിലായിരുന്നു ആമസോണിന്റെയും തുടക്കകാലം. കൃത്യമായി പറഞ്ഞാൽ ലേക്ക് വാഷിങ്ടണിന് സമീപമുള്ള ഒറ്റനില വീടിന്റെ ഗാരിജിൽനിന്നുമായിരുന്നു ആമസോണിന്റെ യാത്ര ആരംഭം കുറിച്ചത്.  ഇപ്പോൾ ഈ വീട്  വിലയ്‌ക്കെടുത്ത് ചരിത്രത്തിന്റെ  ഭാഗമാകാനുള്ള അവസരം തുറന്നിട്ടിരിക്കുകയാണ് ഉടമകൾ.

മൂന്ന് കിടപ്പുമുറികളുള്ള ഈ വീട് 1990 കളിൽ ജെഫ് ബെസോസും അന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന മകെൻസി സ്കോട്ടും വാടകയ്ക്ക് എടുക്കുകയായിരുന്നു. ഈ വീടിന്റെ ഗാരിജിൽനിന്നും പുസ്തകങ്ങൾ ഓൺലൈനായി വില്പന നടത്തിയാണ് ആമസോണിന്റെ തുടക്കം. ഒരു കമ്പ്യൂട്ടർ, അടിസ്ഥാന ഓഫിസ് സാമഗ്രികൾ, ഒരു ഡെസ്ക് എന്നിവ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പുസ്തകങ്ങൾവിറ്റു തുടങ്ങിയ ഓൺലൈൻ സംരംഭം ചുരുങ്ങിയ കാലംകൊണ്ട് ഇന്നത്തെ നിലയിലേയ്ക്ക് എത്തുകയും ചെയ്തു. 

1540 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന് 890 ഡോളറാണ് (ഇന്നത്തെ 73000 രൂപ) ബസ്സോസ് അക്കാലത്ത് മാസ വാടകയായി നൽകിയിരുന്നത്.  ഓൺലൈൻ ബുക്ക് സ്റ്റോറിന് വേണ്ടി ബസ്സോസ് അന്നു സ്ഥാപിച്ച സാധാരണയിലധികം വലുപ്പമുള്ള മെയ്ൽ ബോക്സ് ഇന്നും വീട്ടുമുറ്റത്ത് കാണാം. ആമസോണിന്റെ ആദ്യത്തെ വിലാസം അതായിരുന്നതുകൊണ്ടുതന്നെ ഒരിക്കലും മെയ്ൽ ബോക്സ് അവിടെ നിന്നും എടുത്തുമാറ്റില്ല. 2019 ലാണ് ഇതിനുമുൻപ് വീട് വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരുന്നത്. 1.5  മില്യൺ ഡോളർ (12.46 കോടി രൂപ) ആയിരുന്നു അന്നത്തെ വില. നിലവിലെ ഉടമകൾ 2.28 മില്യൺ ഡോളറാണ് (18.95 കോടി രൂപ) വീടിന് വിലയായി ആവശ്യപ്പെടുന്നത്. 

1954 നിർമ്മിക്കപ്പെട്ട വീട്ടിൽ 2001ൽ നവീകരണം നടന്നിരുന്നു. ലിവിങ് ഏരിയ, കിച്ചൻ എന്നിവയെ ബന്ധിപ്പിക്കുന്ന വിശാലമായ റൂം ഇവിടെയുണ്ട്. വീടിന്റെ അകത്തളം ആധുനിക ശൈലിയിൽ പുനർനിർമ്മിച്ചിട്ടുണ്ട്. ആമസോണിന്റെ ജന്മസ്ഥലമായ ഗാരിജും നവീകരിച്ചിട്ടുണ്ട്. ബസ്സോസ് താമസിച്ചിരുന്ന കാലത്ത് വീടിന്റെ വിലമതിപ്പ് അന്നത്തെ 135,000 ഡോളർ ആയിരുന്നു. എന്നാൽ അദ്ദേഹം താമസം മാറിയശേഷം 1998 ൽ 182,000 ഡോളറിനാണ് വീടിന്റെ വില്പന നടന്നത്. പിന്നീട് 2009ലും വീട് കൈമാറ്റം ചെയ്യപ്പെട്ടു.   

ആമസോൺ ആരംഭിച്ച ഗാരിജിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ നവംബറിൽ ബസ്സോസ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. നിലവിൽ ഇന്ത്യൻ ക്രീക്ക് വില്ലേജിലെ 79 മില്യൺ ഡോളർ (656 കോടി രൂപ) വിലമതിപ്പുള്ള ബംഗ്ലാവിലാണ് ബസ്സോസിന്റെ താമസം.

English Summary:

House where Amazon started for sale- Real Estate News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com