ADVERTISEMENT

ടി20 ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ വിജയതിലകം ചൂടിയതിന് തൊട്ടുപിന്നാലെ വിരാട് കോലിയും രോഹിത് ശർമയും രവീന്ദ്ര ജഡേജയും രാജ്യാന്തര ട്വൻ്റി ട്വൻ്റി ഫോർമാറ്റിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു.

 ക്രിക്കറ്റ് ലോകത്തുനിന്നുള്ള ഇടവേളകളിൽ കുടുംബവുമൊത്ത് സമയം പങ്കിടാനാണ് താരങ്ങൾ ആഗ്രഹിക്കുന്നത്. ഈ നിമിഷങ്ങൾ ഏറ്റവും വിലപ്പെട്ടതാക്കുന്നതിന് രോഹിത്തും കോഹ്ലിയും മുംബൈയിലും ജഡേജ ജാംനഗറിലും ആഡംബര ഭവനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

രോഹിത് ശർമ

അറബിക്കടലിന് അഭിമുഖമായാണ് ഹിറ്റ്മാൻ രോഹിത് ശർമയുടെ മുംബൈയിലെ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. 53 നിലകളുള്ള പ്രീമിയം റസിഡൻഷ്യൽ ടവറായ അഹൂജ ടവേഴ്സിന്റെ 29-ാം നിലയിലാണ് താരത്തിന്റെ വീട്. 6000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റിൽ നാല് കിടപ്പുമുറികളുണ്ട്. 

വിശാലമായ ബാൽക്കണിയും രോഹിത്തിന്റെ ജിമ്മുമാണ് വീട്ടിലെ പ്രധാന കാഴ്ചകൾ. കുടുംബത്തിനൊപ്പം വീട്ടിൽ സമയം പങ്കിടുന്നതിന്റെ ചിത്രങ്ങൾ രോഹിത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം 30 കോടി രൂപയാണ് വീടിന് വില. സ്വിമ്മിങ് പൂൾ, ജാക്കുസി, മിനി തിയറ്റർ, സ്കൈ കഫെ തുടങ്ങിയ സൗകര്യങ്ങളെല്ലാം ടവറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

വിരാട് കോലി 

മുംബൈയിലെ വർളിയിലുള്ള ഓംകാർ 1973 എന്ന കോണ്ടോമിനിയം കോംപ്ലക്സിലാണ് വിരാട് കോലി, ഭാര്യ അനുഷ്ക, മക്കളായ വാമിക, അകായി എന്നിവർക്കൊപ്പം താമസിക്കുന്നത്. 

കടൽകാഴ്ചകൾ കാണാവുന്ന വിധത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഫ്ലാറ്റ് 2016ലാണ് താരം സ്വന്തമാക്കിയത്. അതിനുശേഷം ഇഷ്ടത്തിനൊത്ത് രീതിയിൽ ഇന്റീരിയർ മാറ്റിയെടുക്കുകയും ചെയ്തു. 7171 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ അപ്പാർട്ട്മെന്റിൽ കടൽക്കാഴ്ചകൾ ആസ്വദിക്കാനായി വരാന്തകളും ഡക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇൻഡോർ ജിം അടക്കം എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. 34 കോടി രൂപയാണ് ഈ വീടിന്റെ വിലമതിപ്പ്. ഈ വീടിനുപുറമെ  ഗുരുഗ്രാമിലും അലിബാഗിലും കോലിക്ക് വീടുകളുണ്ട്.

രവീന്ദ്ര ജഡേജ  

ജന്മനാടായ ഗുജറാത്തിലെ ജാംനഗറിലാണ് രവീന്ദ്ര ജഡേജ വീട് സ്വന്തമാക്കിയിരിക്കുന്നത്. നാലുനിലകളുള്ള ആഡംബര ബംഗ്ലാവിലാണ് താരത്തിന്റെ താമസം. ഓരോ കോണിലും രാജകീയത നിറച്ചു കൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത്. ഫർണിച്ചറുകളിലും അലങ്കാരത്തിലും ക്ലാസിക് ലുക്കിന് പ്രാധാന്യം നൽകി കൊണ്ടാണ് ഇൻ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

പരമ്പരാഗത ശൈലിയിലുള്ള രാജകീയ ഷാൻലിയറുകളും സങ്കീർണമായ കൊത്തുപണികൾ ചെയ്ത വാതിലുകളും ഇവിടെ കാണാം. പാരമ്പര്യ തനിമ നിറഞ്ഞുനിൽക്കുന്ന വീട്ടിൽ അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്രിക്കറ്റ് പരിശീലിക്കാനും വ്യായാമത്തിനുമായി വിശാലമായ പുൽത്തകിടികളും വീടിനു ചുറ്റും തയാറാക്കിയിട്ടുണ്ട്.  ജാംനഗറിലെ ബംഗ്ലാവിൽ നിന്നും 25 കിലോമീറ്റർ മാത്രം അകലെയായി ഒരു  ഫാംഹൗസും ജഡേജ സ്വന്തമാക്കിയിട്ടുണ്ട്. വീടിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ  പങ്കുവയ്ക്കാറുണ്ട്.

English Summary:

Celebrity Homes of Virat Kohli, Rohit Sharma, Ravindra Jadeja- Family, Lifestyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com