ADVERTISEMENT

ബോളിവുഡ് എന്നത് കോടിക്കണക്കിന് ഡോളറുകൾ ഒഴുകുന്ന വ്യവസായമാണ്.  ബോളിവുഡിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ താരങ്ങളെല്ലാം  സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമായി കണക്കാക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയാണ്. സിനിമയിലെ തുടക്കക്കാർ വരെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് വീടും സ്ഥലവും വാങ്ങാൻ മുടക്കാറുണ്ട്.

ഇവയിൽ നിന്നും താമസത്തിനായി തിരഞ്ഞെടുക്കുന്ന വീട് ഒഴികെ ശേഷിക്കുന്നവ വാടകയ്ക്ക് വിട്ടുനൽകുന്നതും പതിവാണ്. എന്നാൽ ഈ വീടുകൾ വാടകയ്ക്ക് എടുക്കുന്നതും സെലിബ്രിറ്റികളാണ് എന്നതാണ് കൗതുകം. അത്തരത്തിൽ സഹതാരങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകളിൽ വാടകയ്ക്ക് താമസിക്കുന്ന ബോളിവുഡ് സെലിബ്രിറ്റികൾ ആരൊക്കെയാണെന്ന് നോക്കാം.

വരുൺ ധവാൻ

വരുൺ ധവാനും ഭാര്യ നതാഷയ്ക്കും ഒരുമാസം മുൻപാണ് ഒരു പെൺകുഞ്ഞ് ജനിച്ചത്. 2017ൽ വരുൺ ധവാൻ വാങ്ങിയ ജുഹുവിലെ അപ്പാർട്ട്മെന്റിലായിരുന്നു ഇവരുടെ താമസം.

എന്നാൽ മകളുടെ ജനനത്തോടെ കൂടുതൽ സൗകര്യമുള്ള വീട്ടിലേക്ക് താമസം മാറാനാണ് താരത്തിന്റെ തീരുമാനം. ഇതിനായി ഇവർ തിരഞ്ഞെടുത്തിരിക്കുന്നത് ജുഹുവിൽ തന്നെ സ്ഥിതിചെയ്യുന്ന ഹൃതിക് റോഷന്റെ വീടാണ്. കടൽ കാഴ്ചകൾ കാണാവുന്ന വിധത്തിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ടുമെൻ്റാണിത്. റിപ്പോർട്ടുകൾ പ്രകാരം എട്ടു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വീടിന്റെ വാടക.

ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാനും ഭാര്യ ലേഖയും ഈ വർഷം ആദ്യമാണ് ബാന്ദ്രയിലെ ഒരു അപ്പാർട്ട്മെന്റിൽ ഒരുമിച്ച് താമസം ആരംഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഇത്. പ്രതിമാസ വാടകയായി ഒൻപത് ലക്ഷം രൂപ കരണിന് നൽകുന്നുണ്ടെന്നാണ് വിവരം. മാർച്ച് 20നാണ് വാടക കരാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നുവർഷം കാലാവധിക്കാണ് ഇമ്രാൻ ഖാൻ വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. 

കുറച്ചുവർഷങ്ങളായി നഗരത്തിരക്കുകളിൽനിന്നുമാറി പ്രകൃതിയോട് ഇഴുകിച്ചേർന്ന് ഒരു വീട് നിർമിക്കുന്നതിനോ പണിപ്പുരയിലാണ് താരം. വീട് നിർമാണം അവസാനഘട്ടത്തിലാണ്. 

കൃതി സനോൺ

ബോളിവുഡ് താര സുന്ദരി കൃതി സനോണും താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് വാടക വീടാണ്. സാക്ഷാൽ ബിഗ് ബിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കൃതിയുടെ താമസം. മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള അറ്റ്ലാൻഡിസ് ബിൽഡിങ്ങിലെ 27, 28 നിലകളിലായി സ്ഥിതിചെയ്യുന്ന ഡ്യൂപ്ലക്സ് അപ്പാർമെന്റ് യൂണിറ്റാണിത്. പ്രതിമാസം 10 ലക്ഷം രൂപയാണ് വാടക. ഒറ്റത്തവണ സെക്യൂരിറ്റിയായി 60 ലക്ഷം രൂപ കൃതി അമിതാഭ് ബച്ചന് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ജാക്വിലിൻ ഫെർണാണ്ടസ്

പ്രിയങ്ക ചോപ്രയുടെ വീട്ടിലാണ് ജാക്വിലിൻ ഫെർണാണ്ടസ് നിലവിൽ താമസിക്കുന്നത്.  ജുഹുവിലെ കർമ്മയോഗ് ബിൽഡിങ്ങിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

നിക് ജോനാസിനെ വിവാഹം ചെയ്യുന്നതിനു മുൻപ് പ്രിയങ്ക ചോപ്ര ഇവിടെയായിരുന്നു താമസിച്ചിരുന്നത്. കടലിന് അഭിമുഖമായി നിർമിച്ചിരിക്കുന്ന ഈ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിന് താരം പ്രതിമാസം 6.78 ലക്ഷം രൂപ വാടകയായി നൽകുന്നുണ്ട്.

English Summary:

Bollywood celebrities who rent out house of fellow stars- bollywood news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com