20 കോടിയുടെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി ക്രിക്കറ്റ് താരം കെ എൽ രാഹുൽ
Mail This Article
കായിക രംഗത്തെയും ചലച്ചിത്രരംഗത്തെയും സെലിബ്രിറ്റികൾക്ക് എക്കാലവും പ്രിയപ്പെട്ട ഇടമാണ് മുംബൈ. പല സെലിബ്രിറ്റികളും മുംബൈയിൽ വീടുകൾ സ്വന്തമാക്കിയിട്ടുമുണ്ട്. ഇതിന്റെ ചുവടുപിടിച്ച് മുംബൈയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ഭാര്യ ആതിയ ഷെട്ടിയും. മുംബൈയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ പാലി ഹിൽസിലാണ് 20 കോടി രൂപ മുടക്കി താര ദമ്പതികൾ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്.
സന്ധു പാലസ് ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റിന്റെ വിസ്തീർണ്ണം 3350 ചതുരശ്ര അടിയാണ്. 18 നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 1.20 കോടി രൂപയും രജിസ്ട്രേഷൻ ഫീയായി മുപ്പതിനായിരം രൂപയുമാണ് രാഹുൽ കെട്ടിവച്ചത്. ജൂലൈ 15ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.
കെട്ടിടത്തിലെ നാല് കാർ പാർക്കിങ് സ്ലോട്ടുകളാണ് രാഹുലിനും ആതിയയ്ക്കുമായി നീക്കിവച്ചിരിക്കുന്നത്. സമ്പന്നരായ വ്യക്തികളും പ്രശസ്തരും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലമായി പാലി ഹിൽസ് മാറിക്കഴിഞ്ഞു. ഒരുചതുരശ്ര അടിക്ക് ഒരുലക്ഷം രൂപയിലധികമാണ് നിലവിൽ പാലി ഹിൽസിലെ പ്രോപ്പർട്ടികളുടെ വില.
നിറഞ്ഞുനിൽക്കുന്ന പച്ചപ്പും ശാന്തമായ നിരത്തുകളും പ്രധാന ഹോട്ട്സ്പോട്ടുകളുടെ സാമീപ്യവുമെല്ലാം പാലി ഹിൽസിനെ ആഡംബരവും സൗകര്യവും ഒരുപോലെ ഒത്തിണങ്ങിയ ഇടമാക്കി മാറ്റുന്നുണ്ട്. ഇവിടെ രാഹുലും ആതിയയും ചേർന്ന് പുതിയ വീട് വാങ്ങിയത് ഇരുവരുടെയും കരിയറിലെ ഉയർച്ചയുടെ സൂചനയായാണ് ആരാധകർ കാണുന്നത്.
മുംബൈയിൽ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു വീട്ടിലാണ് നിലവിൽ രാഹുലും ആതിയയും താമസിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ് ഇരുവരുടെയും വസതിയുടെ ചിത്രങ്ങൾ ആരാധകരിലേക്കെത്തുന്നത്. ഈ വീടിന് പുറമേ ബെംഗളൂരുവിലെ ബെൻസൺ ടൗൺ ഏരിയയിലും രാഹുലിന് സ്വന്തമായി വീടുണ്ട്.