മുംബൈയിൽ സ്വന്തമാക്കിയത് 17 കോടിയുടെ വീട്; ബോളിവുഡിൽ ചുവടുറപ്പിക്കാൻ മാധവൻ
Mail This Article
മുംബൈ നഗരം സെലിബ്രിറ്റികളെ കൊണ്ട് സമ്പന്നമാണ്. കുറച്ചുകാലമായി ചലച്ചിത്ര താരങ്ങൾ മുംബൈയിൽ പുതിയ വീടോ പ്രോപ്പർട്ടിയോ സ്വന്തമാക്കുന്നത് ട്രെൻഡാണ്.
മുൻനിര താരങ്ങളിൽ ഭൂരിഭാഗവും ഒന്നിലധികം വീടുകൾ ഇവിടെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പാൻ ഇന്ത്യൻ താരം ആർ. മാധവനും ആ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. ബാന്ദ്രാ കുർള കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന റസിഡൻഷ്യൽ പ്രോപ്പർട്ടിയിലാണ് മാധവൻ നിക്ഷേപം നടത്തിയിരിക്കുന്നത്.
4, 5 ബിഎച്ച്കെ അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന ലക്ഷ്വറി റെസിഡൻഷ്യൽ കെട്ടിടമായ സിഗ്നിയ പേളിലാണ് 4182 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഫ്ലാറ്റ്.
രജിസ്ട്രേഷൻ രേഖകൾ പ്രകാരം 17.5 കോടി രൂപയാണ് വീട് സ്വന്തമാക്കാനായി താരം മുടക്കിയത്. ഉടൻ താമസമാരംഭിക്കാവുന്ന നിലയിൽ നിർമാണം പൂർത്തിയായ വീടാണിതെന്നും രേഖകൾ വ്യക്തമാക്കുന്നു. കെട്ടിടത്തിലെ രണ്ട് പാർക്കിങ് സ്പേസുകളും മാധവനായി നീക്കിവച്ചിട്ടുണ്ട്.
ജൂലൈ 22ന് അപ്പാർട്ട്മെന്റിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. രജിസ്ട്രേഷൻ ഫീ ഇനത്തിൽ 30,000 രൂപയും സ്റ്റാമ്പ് ഡ്യൂട്ടിയായി 1.05 കോടി രൂപയും താരം മുടക്കിയിട്ടുണ്ട്. എന്നാൽ മാധവനും കുടുംബവും ഇവിടേക്ക് താമസം മാറുമോ എന്ന കാര്യം വ്യക്തമല്ല.
മുംബൈയിൽ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വീട്ടിലാണ് മാതാപിതാക്കൾക്കും ഭാര്യക്കും മകനുമൊപ്പം മാധവൻ നിലവിൽ താമസിക്കുന്നത്. ഓപ്പൺ പ്ലാനിൽ വിശാലമാണ് താരത്തിന്റെ ഈ വീട്. സ്വിമ്മിങ് പൂൾ ഉൾക്കൊള്ളിച്ച ബാൽക്കണിയാണ് പ്രധാന ആകർഷണം.
പൂൾ ടേബിളും ബാറും ഉൾപ്പെടുത്തിയ പ്രത്യേക എന്റർടൈൻമെന്റ് സോണും ഇവിടെയുണ്ട്. പ്രധാന കിടപ്പുമുറിയോട് ചേർത്ത് ഒരു അടുക്കളത്തോട്ടവും മാധവൻ സജ്ജീകരിച്ചിരിക്കുന്നു.