37 കോടിയുടെ ആഡംബര പ്രോപ്പർട്ടി സ്വന്തമാക്കി ഷാറുഖിന്റെ മകൻ ആര്യൻ
Mail This Article
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒന്നിലധികം ആഡംബര വീടുകളാണ് ബോളിവുഡ് താരരാജാവ് ഷാറുഖ് ഖാനുള്ളത്. മുംബൈയിലെ മന്നത്തും ദുബായിലെ ജന്നത്തും അടക്കമുള്ള അദ്ദേഹത്തിൻ്റെ വസതികൾ ആരാധകർക്ക് സുപരിചിതവുമാണ്. ഖാൻ കുടുംബത്തിന് ഡൽഹിയിൽ പുതിയൊരു വീട് കൂടി ലഭിച്ചിരിക്കുന്നു എന്നതാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഷാറുഖിന്റെ മകൻ ആര്യൻ ഖാനാണ് ഡൽഹിയിൽ ആഡംബര വീട് സ്വന്തമാക്കിയിരിക്കുന്നത്. വെബ് സീരിയസായ സ്റ്റാർഡത്തിൻ്റെ സംവിധാനം നിർവഹിക്കുന്നതിലൂടെ ബോളിവുഡ് രംഗത്ത് ചുവടുറപ്പിക്കുന്നതിനിടെയാണ് ആര്യൻ പുതിയ വീട് വാങ്ങിയത്.
രേഖകൾ പ്രകാരം 37 കോടി രൂപയാണ് വീടിന്റെ വില. സൗത്ത് ഡൽഹിയിലെ ആഡംബര റസിഡൻഷ്യൽ ഏരിയയായ പഞ്ചശീൽ പാർക്കിലാണ് വസതി. രണ്ട് നിലകൾ ഉൾപ്പെടുന്നതാണ് ഈ വീട്. ഇതേ കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറും ബേസ്മെന്റും മുൻപ് തന്നെ ഷാറുഖിന്റെ ഉടമസ്ഥതയിലാണ് എന്ന പ്രത്യേകതയുമുണ്ട്. ഈ വീട്ടിലായിരുന്നു തുടക്കകാലത്ത് ഭാര്യ ഗൗരിക്കൊപ്പം അദ്ദേഹം താമസിച്ചിരുന്നത്. കൈമാറ്റ രേഖകൾപ്രകാരം 2024 മെയ് മാസത്തിൽ ആര്യന്റെ വീടിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.
2.64 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ആര്യൻ കെട്ടിവച്ചിരിക്കുന്നത്. ഗൗരി ഖാൻ മകൻ്റെ വീടിന്റെ ഇന്റീരിയർ ഡിസൈനിങ്ങും നിർവഹിച്ചിരിക്കുന്നു. കുടുംബത്തിന്റെ പ്രധാന വസതിയായ മന്നത്തിൻ്റെ അകത്തളം രൂപകൽപന ചെയ്തതും ഗൗരിയാണ്.
പഞ്ചശീൽ പാർക്കിൽ ഷാറുഖിന്റെ ഉടമസ്ഥതയിൽ ഒരു ഹെറിറ്റേജ് വില്ലയും സ്ഥിതിചെയ്യുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 27 ,000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണ്ണം. 2001 ൽ 13 കോടി രൂപ മുടക്കിയാണ് ഷാറുഖ് വില്ല സ്വന്തമാക്കിയത്. എന്നാൽ നിലവിൽ ഇതിന്റെ വില മതിപ്പ് 200 കോടിയിൽ അധികമാണെന്നും വിലയിരുത്തപ്പെടുന്നു.
കോവിഡ് കാലത്തിനുശേഷം രാഷ്ട്രപതി ഭവനും സൗത്ത് ഡൽഹിക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽ ഉയർന്ന വിലനിരക്കിലുള്ള ധാരാളം സ്ഥല ഇടപാടുകൾ നടക്കുന്നുണ്ട്. നഗരത്തിലെ ഏറ്റവും പോഷ് കോളനികളിൽ സംരംഭകരും അതിസമ്പന്നരും താരതമ്യേന വലിയ വീടുകൾ സ്വന്തമാക്കി തുടങ്ങിയതിനാലാണ് ഇത്.