തകർന്നടിഞ്ഞ് സിനിമകൾ, രാഷ്ട്രീയപ്രവേശം; മുംബൈയിലെ 'വിവാദ വീട്' വിൽക്കാനൊരുങ്ങി കങ്കണ
Mail This Article
മുംബൈയിലെ പാലി ഹിൽസിലുള്ള ആഡംബര വീട് വിൽപനയ്ക്ക് വച്ച് നടി കങ്കണ റണൗത്. ഒരു റിയൽ എസ്റ്റേറ്റ് യൂട്യൂബ് ചാനലിൽ വീടിൻ്റെ അകത്തളത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അത് വിൽപനയ്ക്ക് വച്ചിരിക്കുന്ന വാർത്ത മാധ്യമങ്ങളിൽ ഇടം നേടിയത്. കങ്കണയുടെ അടുത്ത വൃത്തങ്ങൾ വീടിന്റെ വിൽപന സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ കച്ചവടത്തിന്റെ ഇടനിലക്കാർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
40 കോടി വിലയായി ആവശ്യപ്പെട്ടു കൊണ്ടാണ് വീട് പരസ്യപ്പെടുത്തിയിരിക്കുന്നത്. കങ്കണയുടെ ചലച്ചിത്ര നിർമാണ സ്ഥാപനമായ മണികർണിക ഫിലിംസിന്റെ ഓഫിസും ഈ വീട്ടിലാണുള്ളത്. തടിയിൽ തീർത്ത ഇന്റീരിയറുകളാണ് വീടിന്റെ പ്രധാന ആകർഷണം. ഫ്രഞ്ച് മാതൃകയിലുള്ള ജനാലകളും വാതിലുകളും ഇവിടെ കാണാം. രാജസ്ഥാനിൽ നിന്നും വാങ്ങിയ ഫർണിച്ചറുകളാണ് വീട്ടിലുള്ളത്.
285 സ്ക്വയര്‍ മീറ്റര്‍ പ്ലോട്ടിൽ സ്ഥിതിചെയ്യുന്ന വീടിന് മൂന്ന് നിലകളുണ്ട്. 3042 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. പാർക്കിങ്ങിന് മാത്രമായി പ്രത്യേകം 500 ചതുരശ്ര അടി സ്ഥലവും വേറെയുണ്ട്.
എഡിറ്റിങ് സ്റ്റുഡിയോ, ചർച്ചകൾ നടത്തുന്നതിനായി പ്രത്യേക ഇടം, കോൺഫറൻസ് റൂം എന്നിവയെല്ലാം ഓഫിസിലുണ്ട്. രണ്ടാം നിലയിൽ വിശാലമായ മീറ്റിങ് ഏരിയ കാണാം.
സിനിമയ്‌ക്കൊപ്പം രാഷ്ട്രീയ മേഖലയിലും സജീവമായതോടെ കങ്കണ നിലവിൽ കൂടുതൽ സമയവും ഡൽഹിയിലും ഹിമാചൽ പ്രദേശിലുമാണ് ചെലവഴിക്കുന്നത്. ഇതുമൂലമാണ് വീട് വിൽക്കാൻ തീരുമാനമെടുത്തത് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതേസമയം ചലച്ചിത്രങ്ങളുടെ തുടർച്ചയായ പരാജയമാണ് തീരുമാനത്തിന് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.
2017ലാണ് താരം ഈ വീട് സ്വന്തമാക്കിയത്. വീട് വിൽപനയ്ക്ക് എത്തുന്നതിനു മുൻപുതന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. വീടിന്റെ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ബൃഹന്‍മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അതിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയിരുന്നു. ഇതിനെതിരെ 2020ൽ കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അധികൃതരുടെ നടപടികൾ വിശ്വാസയോഗ്യമല്ലെന്നും കങ്കണയുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി കോടതി മുൻസിപ്പാലിറ്റിയുടെ നടപടികൾ സ്റ്റേ ചെയ്തു.. രണ്ടുകോടി രൂപ നഷ്ടപരിഹാരത്തുകയായി താരം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഈ ആവശ്യം പിൻവലിക്കുകയായിരുന്നു. 2023 ലാണ് കേസ് പിന്‍വലിച്ചത്.