വിവാഹമോചനം, മൂന്നര കോടിയുടെ കടം: വീട് നഷ്ടപ്പെട്ട് ഔഡി കാറിൽ കഴിയേണ്ടി വന്നു: പോയ കാലം ഓർത്തെടുത്ത് ടിവി താരം
Mail This Article
ഹിന്ദി ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രഷാമി ദേശായി. നടനായ നന്ദിഷ് സന്തുവുമായുള്ള വിവാഹവും പിന്നീട് ഇരുവരും ബന്ധം പിരിഞ്ഞതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം നേരിടേണ്ടിവന്ന കനത്ത വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രഷാമി. ഒരു യൂട്യൂബ് ചാനലിലെ പോഡ് കാസ്റ്റിലൂടെയാണ് കടം കയറി ബുദ്ധിമുട്ടിലായതും ഭവനരഹിതയായി കാറിൽ കഴിയേണ്ടി വന്നതിനെ കുറിച്ചുമെല്ലാം രഷാമി വെളിപ്പെടുത്തിയിരിക്കുന്നത്.
വിവാഹബന്ധം വേർപ്പെടുത്തിയ സമയത്താണ് രഷാമി സ്വന്തമായി പുതിയ വീട് വാങ്ങിയത്. രണ്ടരക്കോടി രൂപ ഇതിനായി വായ്പയെടുത്തിരുന്നു. ഇതിനുപുറമേ ഒരു കോടി രൂപയുടെ കടവും ഉണ്ടായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ജീവിതം തുടരുന്നതിനിടെയാണ് പെട്ടെന്ന് അഭിനയിച്ചുകൊണ്ടിരുന്ന ഷോ അവസാനിച്ചത്. ഇതോടെ സ്ഥിരമായി ലഭിച്ചിരുന്ന വരുമാനം ഇല്ലാതെയായി. ലോൺ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ പുതിയ വീടും നഷ്ടപ്പെട്ടു.
സാമ്പത്തിക സ്ഥിതിയാകെ താളം തെറ്റി. നാലുദിവസം സ്വന്തമായി ഒരു വീടില്ലാതെ റോഡിൽ കഴിയേണ്ടി വന്നു. ഔഡി കാറിലാണ് ഈ ദിവസങ്ങളിൽ അത്രയും ഉറങ്ങിയത്. സ്വന്തമായി കയ്യിൽ ബാക്കിയുണ്ടായിരുന്ന സമ്പാദ്യം ആ കാർ മാത്രമായിരുന്നു. വീട്ടുസാമഗ്രികളെല്ലാം തന്റെ മാനേജറിന്റെ വീട്ടിലേക്ക് മാറ്റി. കുടുംബവുമായി പിണക്കത്തിലായിരുന്നതിനാൽ മറ്റാരെയും ആശ്രയിക്കാനും സാധിച്ചില്ല. റിക്ഷാവാലകൾക്ക് അന്ന് 20 രൂപയ്ക്ക് ഭക്ഷണം കിട്ടുമായിരുന്നു. ചോറും പരിപ്പും രണ്ട് റൊട്ടിയും അടങ്ങുന്ന ഭക്ഷണം പ്ലാസ്റ്റിക് ബാഗിലാണ് ലഭിച്ചിരുന്നത്. പലപ്പോഴും ഭക്ഷണത്തിനുള്ളിൽ കല്ലുകളും കടന്നുകൂടും. എന്നാൽ അതൊന്നും വകവയ്ക്കാതെ മൂന്നുനേരവും ഈ ഭക്ഷണം വാങ്ങി കഴിച്ചാണ് നാലുദിവസം തള്ളി നീക്കിയത്.
പിന്നീട് വളരെ കഷ്ടപ്പെട്ട് വായ്പകൾ അടച്ചു തീർത്തു. എന്നാൽ മാനസിക പിരിമുറുക്കത്തിന് അപ്പോഴും കുറവ് വന്നിരുന്നില്ല. ഉറക്കമില്ലായ്മയും മാനസിക സമ്മർദ്ദവും മൂലം ആത്മഹത്യയെ പറ്റി വരെ ചിന്തിച്ചിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും സഹായിക്കാനായി ഒപ്പം നിന്നതുകൊണ്ട് മാത്രമാണ് ആ മാനസികാവസ്ഥയിൽ നിന്നും കരകയറാനായത് എന്നും രഷാമി പോഡ് കാസ്റ്റിൽ പറയുന്നുണ്ട്. വീടില്ലാതെ കാറിൽ കഴിയേണ്ടി വന്ന അവസ്ഥ ഒരു സെലിബ്രിറ്റി തന്നെ വെളിപ്പെടുത്തിയതോടെ അത് സമൂഹമാധ്യമങ്ങളിൽ വേഗത്തിൽ ശ്രദ്ധ നേടി.
എന്നാൽ വീടില്ലാത്ത അവസ്ഥയിൽ അരക്കോടിക്ക് മുകളിൽ വിലമതിക്കുന്ന ആഡംബരക്കാറിൽ കഴിഞ്ഞ അവസ്ഥ അത്ര പരിതാപകരമല്ല എന്നാണ് മറ്റുചിലർ പ്രതികരിക്കുന്നത്. നാലുദിവസത്തേക്ക് താൽക്കാലികമായി ജീവിതത്തിൽ ഉണ്ടായ ഈ മാറ്റം അനുഭവിച്ചതുമൂലം ഭവനരഹിതരായ ആളുകൾ അനുഭവിക്കുന്നത് ഇത്രയുമാണെന്ന് കരുതരുതെന്നും ചിലർ ഓർമ്മിപ്പിക്കുന്നു. ലോകത്ത് ഔഡി കാർ സ്വന്തമായുള്ള ആദ്യത്തെ ഭവനരഹിത രഷാമി ആയിരിക്കുമെന്ന് പരിഹസിക്കുന്നവരും കുറവല്ല.