ADVERTISEMENT

ലോകത്തെവിടെ ജീവിച്ചാലും നാടിന്റെ പൈതൃകത്തിന് മറ്റെന്തിനേക്കാളും മൂല്യം നൽകുന്നവരുണ്ട്. നടി സോനം കപൂറും അക്കൂട്ടത്തിലാണ്. ലണ്ടനിലെ വീട് ഓരോ നിമിഷവും ഇന്ത്യയെ ഓർമപ്പെടുത്തുന്ന വിധത്തിലാണ് സോനം അണിയിച്ചൊരുക്കിയിരിക്കുന്നത്. അപ്പോൾ മുംബൈയിൽ സ്വന്തമാക്കിയ വീടിന്റെ കാര്യം പറയേണ്ടതുണ്ടോ? ഇന്ത്യയുടെ തനത് കലാവൈഭവവും പൈതൃകവുമെല്ലാം ഒത്തുചേരുന്ന ഇടമായാണ് സോനം മുംബൈയിലെ തന്റെ വീട് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞവർഷമാണ് മുംബൈയിലെ പുതിയ വീട്ടിലേക്ക് സോനം താമസം മാറ്റിയത്. ഇവിടെ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് സോനം പറയുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഷൂട്ടിങ്ങുകൾക്കായി പോയ അവസരങ്ങളിൽ ശേഖരിച്ച മനോഹരമായ കലാസൃഷ്ടികളെല്ലാം സോനവും ഭർത്താവ് ആനന്ദ് അഹൂജയും ഇവിടെ ചേർത്തുവച്ചിരിക്കുന്നു.

ലിവിങ് റൂമിലേക്ക് കടക്കുമ്പോൾ തന്നെ തഞ്ചാവൂർ പെയിന്റിങ്ങുകളുടെ നീണ്ട നിരയാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്. നിറങ്ങളുടെ അതിമനോഹരമായ വിന്യാസമാണ് ഈ മുറിയെ വ്യത്യസ്തമാക്കുന്നത്. ലളിതവും മനോഹരവുമായ സോഫയിലും മുഗൾ സർദോസി കുഷ്യനുകളിലും ആൻ്റിക് തുണിത്തരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.  

പഴയ ശൈലിയിലുള്ള ഷാൻലിയർ, വിക്ടോറിയൻ കാലത്തുനിന്നുള്ള മാൻഡലേ മ്യൂസിക്കൽ ചെസ്റ്റ്, വിന്റേജ് കസേരകൾ എന്നിവയാണ് ഗസ്റ്റ് റൂമിൽ ഉപയോഗിച്ചിരിക്കുന്നത്. യാത്രകളിൽ സോനം ശേഖരിച്ചതാണ് ഇവയെല്ലാം. ഇതിനൊപ്പം അമ്മ സമ്മാനിച്ച പരമ്പരാഗത ശൈലിയിലുള്ള ഒരു ബെഞ്ചും കിടക്കയോട് ചേർന്ന് ഇടം പിടിച്ചിട്ടുണ്ട്. അകത്തളത്തിൽ ധാരാളം വെളിച്ചം കടന്നെത്തുന്ന തരത്തിൽ വലിയ ഗ്ലാസ് ജനാലകളും ഉൾപ്പെടുത്തിയിരിക്കുന്നു.

ചെമ്പിലും പിച്ചളയിലും നിർമിച്ച പാത്രങ്ങളാണ് അടുക്കളയിൽ ഏറെയും. പഴയ ധാരാളം ഭരണികളും  കാണാം. കസ്റ്റമൈസ് ചെയ്ത വെനീഷ്യൻ കണ്ണാടിയും ജയ്പൂരിൽ നിന്നുള്ള ധൂരി റഗ്ഗും വെള്ളി ടേബിളും നീലയും വെള്ളയും നിറങ്ങൾ ഇടകലർത്തി വികാസ് സോണി പെയിന്റ് ചെയ്ത മനോഹരമായ ഭിത്തിയും കൂടിച്ചേരുമ്പോൾ ഡ്രസിങ് ഏരിയയിൽ സമാനതകളില്ലാത്ത രാജകീയ പ്രൗഢി പ്രതിഫലിക്കുന്നുണ്ട്. 

വനം തീമാക്കിയാണ് സോനം മകൻ വായുവിന്റെ മുറി അലങ്കരിച്ചിരിക്കുന്നത്. ഈ തീമിന് ചേർന്നു പോകുന്ന മ്യൂറൽ പെയിന്റിങ്ങും റഗ്ഗും പാവകളുമെല്ലാം ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. പച്ചപ്പിന് നടുവിൽ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ ഒരു ഔട്ട്ഡോർ ബാൽക്കണിയും  സോനത്തിന്റെ വീട്ടിലുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com