ADVERTISEMENT

വർഷങ്ങൾക്കുമുൻപ് നാട്ടുകാരാലും വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട്  കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവന്ന ആനി ശിവ ഇന്ന് പ്രചോദനകരമായ ഒരു ജീവിതത്തിന് ഉടമയാണ്. പൊലീസ് എസ്ഐ എന്ന സ്വപ്നം സഫലമാക്കിയതിനുശേഷം 'സ്വന്തമായി ഒരു  വീട്' എന്ന സ്വപ്നവും ഇപ്പോൾ അവർ സഫലമാക്കിയിരിക്കുകയാണ്. അതിന്റെ സന്തോഷം ആനി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കുറിപ്പ് വായിക്കാം.

നഭസ്സ്...

മണ്ണിൻ്റെ മണവും നിറവുമുള്ള കായലോരത്തെ ഓടിട്ട വീട്; ഇതായിരുന്നു എൻ്റെ സങ്കൽപത്തിലെ വീട്.

2004 ൽ ഞാൻ പത്തിൽ പഠിക്കുമ്പോൾ ആണ് ലാലേട്ടൻ്റെ വിസ്മയത്തുമ്പത്ത് സിനിമ തിയറ്ററിൽ പോയി കാണുന്നത്, 

സിനിമ കണ്ട് കഴിഞ്ഞു വന്നിട്ടും മനസ്സിൻ്റെ വേരുകളിൽ ഉടക്കിയത് 'നഭസ്സ് 'എന്ന പേരും 

കായലോര വീടും ആയിരുന്നു..

 വർഷങ്ങൾക്കിപ്പുറം 'വീട് ' എന്നൊരു ചിന്ത മനസ്സിൽ വന്നപ്പോൾ തന്നെ ബ്രോക്കർമാരോട് ഞാൻ പറഞ്ഞ 

നീണ്ട ഡിമാന്റുകളിൽ ചിലത് കായലോരം ആയിരിക്കണം, പത്ത് സെന്റ് എങ്കിലും വേണം, ഗ്രാമീണ അന്തരീക്ഷം വേണം,മെയിൻ റോഡ് സൈഡ് പാടില്ല,വാഹനങ്ങളുടെ ബഹളം പാടില്ല, കാർ കയറണം, 

30 ലക്ഷത്തിന് മുകളിൽ പോകരുത് എന്നൊക്കെ ആയിരുന്നു...

പലരുടെയും പരിഹാസങ്ങൾ നിറഞ്ഞ ഡയലോഗുകൾക്കൊടുവിൽ 

എന്റെ ഡിമാന്റുകൾ എല്ലാം അംഗീകരിച്ചുകൊണ്ട് 'അവൾ', ആ കായലോരത്ത് എന്റെ വരവും കാത്ത്  കിടപ്പുണ്ടായിരുന്നു.. എന്റെ വരവിന് ശേഷം ഞാൻ ' അവൾക്ക് ' പുതുജീവനേകി..

anie-siva-house

എന്റെ ഇഷ്ടങ്ങൾ ' അവളുടെയും ' ഇഷ്ടങ്ങളായി..എന്റിഷ്ടങ്ങളുടെ കാടൊരുക്കാൻ തുടങ്ങിയപ്പോൾ

 'അവളും ' എന്നോടൊപ്പം സന്തോഷത്തോടെ നിന്നു..

 വീട് പണി തുടങ്ങി, കഴിഞ്ഞ മാസം അധികം ആരെയും അറിയിക്കാതെ  വീട് കയറൽ ചടങ്ങ് നടത്തി താമസം തുടങ്ങിയ ദിവസം വരെ എന്നെ ഈ വീട് പണിയിൽ നേരിട്ടും അല്ലാതെയും സഹായിച്ച ഈ ലോകത്തിലെ പല കോണുകളിൽ ഉള്ള സുഹൃത്തുക്കളെ ഞാൻ സ്നേഹത്തോടെ സ്മരിക്കുന്നു.

ദ ആൽക്കെമിസ്റ്റിൽ പൗലോ കൊയ്‌ലോ പറഞ്ഞത് പോലെ  "ഒരു സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാധ്യതയാണ് ജീവിതത്തെ രസകരമാക്കുന്നത്."  

അങ്ങനെ എന്റെ ഈ സ്വപ്നവും രസകരമായി സാക്ഷാത്കരിച്ചു.. 

anie-home

വീടിനുള്ളിൽ പുസ്തകങ്ങൾ കൊണ്ടും വീടിനു പുറത്ത് പച്ചപ്പ് കൊണ്ടും കാടൊരുക്കുകയാണ്.. 

ഒരു പുസ്തകമോ ഒരു ചെടിയോ എനിക്കായി കരുതാം..കായൽ കാറ്റേറ്റ് ചൂട് കട്ടൻചായ ഊതിയൂതി കുടിച്ച് 

ഇച്ചിരി നേരം സൊറ പറഞ്ഞിരിക്കാം..വിളിച്ചിട്ട് വന്നോളൂ..

NB : വീട് വയ്ക്കുക എന്ന് പറയുന്നത് സാമ്പത്തികമായും മാനസികമായും അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല. പ്രത്യേകിച്ച് ആരുടെയും കൈതാങ്ങില്ലാതെ ഒരു പെണ്ണ് ഒറ്റയ്ക്ക് ഇതിന് ഇറങ്ങി പുറപ്പെടുമ്പോൾ.. ഒറ്റയ്ക്ക് വീട് വയ്ക്കാൻ തീരുമാനിക്കുന്നവർ എന്ത് റിസ്കും ഒറ്റയ്ക്ക് ഏറ്റെടുക്കാൻ മനസിനെ ആദ്യമേ റെഡിയാക്കി എടുക്കണം.. വിജയം മാത്രമേ മറ്റുള്ളവർ ആഘോഷിക്കൂ വീഴ്ചകളും റിസ്‌കും ഒറ്റയ്ക്ക് തന്നെ ഏറ്റെടുക്കേണ്ടി വരും..

എന്റെ അഭാവത്തിൽ വീട് പണിയുടെ ചുമതല മുഴുവൻ നോക്കിയത് 15 വയസ്സുള്ള എൻ്റെ മകൻ ചൂയിക്കുട്ടൻ ആയിരുന്നു..

ആനി ശിവയുടെ ജീവിതകഥ ഇങ്ങനെ..

 19–ാം വയസ്സിൽ ജീവിതപങ്കാളിക്കു പിന്നാലെ വീട്ടുകാരും കൈവിട്ടപ്പോൾ പകച്ചുനിൽക്കാതെ പോരാടി ജീവിതം തിരിച്ചുപിടിച്ച കഥയാണ് ആനിയുടേത്. എല്ലാവരാലും തിരസ്കരിക്കപ്പെട്ടപ്പോൾ കുഞ്ഞുമായി ബന്ധുവീട്ടിലെ ചായ്പിൽ കുറെ നാൾ കഴിഞ്ഞു. പല ഇടങ്ങളിൽ മാറി മാറി താമസിച്ചു. ജോലികൾ പലതു ചെയ്തു. വീടുകൾതോറും അവശ്യസാധനങ്ങൾ എത്തിച്ചും ഇൻഷുറൻസ് ഏജന്റായും ശിവഗിരി തീർഥാടന വേളയിൽ നാരങ്ങാവെളളവും ഐസ്ക്രീമും വിറ്റും ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ സോഷ്യോളജി ബിരുദത്തിന്റെ ബലത്തിൽ സർക്കാർ ജോലി എന്ന സ്വപ്നവുമായി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ചേർന്നു. പൊലീസ് എസ്ഐ ആവുകയെന്ന മോഹം ഒടുവിൽ സാധ്യമാവുന്നത് പത്ത് വർഷത്തിന് ഇപ്പുറമാണ്.  ഐസ്ക്രീമും മറ്റും വിറ്റു ജീവിച്ച അതേ സ്ഥലത്ത് തന്നെയാണ് ആനി എസ്ഐ ആയി പിന്നീടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com