ADVERTISEMENT

അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഔദ്യോഗികമായി ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനി ആകാൻ ഒരാഴ്ച മാത്രം ശേഷിക്കെ കടന്നുവന്ന ജീവിത വഴികൾ വെളിപ്പെടുത്തിയിരിക്കുകയാണ് കമലാ ഹാരിസ്. ഇടത്തരക്കാരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി ചിലവ് കുറയ്ക്കാനും എല്ലാ അമേരിക്കക്കാർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ശ്രമിക്കും എന്നാണ് കുറിപ്പിലൂടെ കമലാ ഹാരിസ് വ്യക്തമാക്കിയത്. ഇടത്തരക്കാരുടെ ജീവിത സാഹചര്യങ്ങൾ എന്താണെന്ന് തനിക്ക് കൃത്യമായി അറിയാം എന്ന് സ്വന്തം അനുഭവങ്ങൾ വിവരിച്ചുകൊണ്ട് കമലാ ഹാരിസ് കുറിച്ചു.

കമലാ ഹാരിസിന്‍റെ എക്സിലെ കുറിപ്പ് ഇങ്ങനെ: ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് താൻ ജനിച്ചത്. കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും കഴിഞ്ഞത്  വാടക വീടുകളിലായിരുന്നു. ഒരു പതിറ്റാണ്ടിലേറെ കാലം സ്വന്തമായി ഒരു വീട് വാങ്ങുന്നതിനു വേണ്ടി അമ്മ പണം സ്വരക്കൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ താൻ ടീനേജിൽ എത്തിയ ശേഷമാണ് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കുടുംബം സാക്ഷാത്കരിച്ചത്.  ആ ദിവസത്തിന്റെ സന്തോഷം ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. 

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജ് കാലത്തിലേയ്ക്ക് കടന്നപ്പോൾ ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും കമലാ ഹാരിസ് പോസ്റ്റിൽ വ്യക്തമാക്കി. കോളേജ് പഠനകാലത്ത്  മക് ഡൊണാൾഡ്സിൽ ജോലി ചെയ്തിരുന്നു. സ്വന്തം കാര്യങ്ങൾക്ക് പണം കണ്ടെത്തുക എന്നതായിരുന്നു ആവശ്യം. എന്നാൽ അക്കാലത്ത്  ഒപ്പം ജോലി ചെയ്ത പലരും അവിടെ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. ഇതിനുപുറമേ കിട്ടുന്ന സമയത്ത് ഒന്നോ രണ്ടോ ജോലികൾ കൂടി അധികമായി ചെയ്താണ് അവർ വാടകയ്ക്കും ആഹാരത്തിനുമൊക്കെയുള്ള പണം കണ്ടെത്തിയിരുന്നത്. ജീവിത ചിലവിലെ വർദ്ധനയ്ക്കനുസരിച്ച് മധ്യവർഗ്ഗക്കാരുടെ ജീവിതം കൂടുതൽ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണ് എന്നും കമലാ ഹാരിസ് കുറിക്കുന്നു.

ഈ അനുഭവങ്ങൾ ഉള്ളതുകൊണ്ട് തന്നെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ മുഴുവൻ അമേരിക്കക്കാർക്കും സാമ്പത്തിക സുരക്ഷ ഒരുക്കുക എന്നതിനാവും താൻ മുൻഗണന നൽകുന്നത് എന്നാണ് കമലാ ഹാരിസ് വാഗ്ദാനം. അമ്മയ്ക്കും ഇളയ സഹോദരിക്കും ഒപ്പമുള്ള ഒരു ബാല്യകാല ചിത്രവും ഇതിനൊപ്പം കമലാ ഹാരിസ് പങ്കുവച്ചിട്ടുണ്ട്. വിവിധ സർവേകൾ  പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് വിജയം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മധ്യവർഗ്ഗക്കാരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടാൻ ഈ പോസ്റ്റിന് സാധിച്ചിട്ടുണ്ട്. 

സ്വന്തമായി ഒരു വീട് നേടുന്നതിനായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത ഇടത്തരക്കാർ പോസ്റ്റിൽ പ്രതികരണങ്ങൾ അറിയിക്കുന്നു. ഇപ്പോഴും ഇതേ സാഹചര്യങ്ങളിൽ കൂടിയാണ് തങ്ങൾ കടന്നു പോകുന്നത് എന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. വാടക വീടുകളിലെ ജീവിതത്തിന്റെ ദുരിതവും കഷ്ടപ്പെട്ട് പണം സമ്പാദിച്ച് സ്വന്തമായി നേടിയ വീട്ടിലേക്ക് താമസം മാറ്റുമ്പോഴുള്ള സന്തോഷവും സമാനതകളില്ലാത്തതാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com