അന്ന് ഗൗരി ഗർഭിണി; ആദ്യ വീട് വാങ്ങാൻ പ്രതിഫലത്തുക മുൻകൂറായി ചോദിച്ച ഷാറുഖ് ഖാൻ; പിന്നെ എല്ലാം ചരിത്രം
Mail This Article
മുംബൈയിൽ ആദ്യമായി സന്ദർശനത്തിന് എത്തുന്നവരെല്ലാം കാണാനെത്തുന്ന ഒരു സ്ഥലമുണ്ട്. സാക്ഷാൽ ഷാറുഖ് ഖാന്റെ മന്നത്ത് എന്ന ബംഗ്ലാവ്. താരത്തെ ഒരുനോക്ക് കാണാനായില്ലെങ്കിലും മന്നത്തിനുമുന്നിൽനിന്ന് ഒരുചിത്രം പകർത്തുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ സിനിമയിൽ ചുവടുവയ്ക്കുന്ന സമയത്ത് ഷാറുഖ് മുംബൈയിൽ സ്വന്തമാക്കിയത് മറ്റൊരു വീടായിരുന്നു. താരപദവിയിലേക്ക് ഉയരുംമുൻപ് ആ വീട് സ്വന്തമാക്കാൻ ഷാറുഖ് നടത്തിയ പരിശ്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് ഖന്ന.
ഗുഡ്ഡു എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന വേളയിലായിരുന്നു ഷാറുഖ് ആദ്യമായി മുംബൈയിൽ ഒരു വീട് സ്വന്തമാക്കുന്നത്. ചിത്രത്തിൽ ഷാറുഖ് അച്ഛന്റെ വേഷത്തിൽ മുകേഷ് ഖന്നയും അഭിനയിച്ചിരുന്നു. വീട് വാങ്ങാനായി തന്റെ പ്രതിഫലത്തുക മുൻകൂറായി തരണമെന്ന് നിർമാതാവിനോട് ഷാറുഖ് ആവശ്യപ്പെട്ടു. അക്കാലത്ത് ഏകദേശം 35 ലക്ഷം രൂപയുണ്ടെങ്കിൽ തരക്കേടില്ലാത്ത ഒരു വീട് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ഗുഡ്ഡുവിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം കൊണ്ടാണ് ഷാറുഖ് ആദ്യത്തെ വീട് വാങ്ങിയത്.
ഗൗരി ആര്യനെ ഗർഭം ധരിച്ചിരുന്ന സമയത്ത് താമസിക്കാൻ സ്വന്തമായി ഒരു ഇടം വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് സാമ്പത്തിക സ്ഥിതി ഭദ്രമല്ലാതിരുന്നിട്ടും വീട് വാങ്ങിയത് എന്ന് ഷാറുഖ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. വീട് വാങ്ങിയെങ്കിലും വീട്ടിലേക്കുള്ള വസ്തുക്കൾ കയ്യിൽ പണം വരുന്നത് അനുസരിച്ച് മാത്രം വാങ്ങാം എന്നായിരുന്നു തീരുമാനം. ഒരു സോഫ വാങ്ങാനായി അന്വേഷിച്ചിറങ്ങിയതും വലിയ വില കാരണം അത്തരമൊന്ന് വാങ്ങാൻ ഏറെനാൾ കാത്തിരുന്നതും ഷാറുഖ് പങ്കുവച്ചിട്ടുണ്ട്.
ആദ്യ വീടിന്റെ അകത്തളം ഒരുക്കിയത് ഗൗരിയാണ്. ഒരു ഡിസൈനറെ ജോലി ഏൽപിക്കാൻ പണമില്ലാത്തത് തന്നെയായിരുന്നു കാരണം. പിന്നീട് സിനിമയിൽ നേട്ടങ്ങൾ വന്നുതുടങ്ങിയതോടെയാണ് മന്നത്ത് എന്ന ബംഗ്ലാവ് സ്വന്തമാക്കിയത്. എന്നാൽ അപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. കരുതി വച്ചിരുന്ന പണമെല്ലാം എടുത്ത് വീടും സ്ഥലവും വാങ്ങി. ഇന്റീരിയർ ഡിസൈനിങ്ങിനായി പണം തികയാതെ വന്നതോടെ വീണ്ടും ഗൗരി വീട് ഒരുക്കാനുള്ള ചുമതല ഏറ്റെടുത്തു.
മന്നത്ത് വാങ്ങുന്ന സമയത്ത് വീട് മോശമായ അവസ്ഥയിലായിരുന്നു. ഇന്ന് കാണുന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ ഏറെ നവീകരണങ്ങൾ വേണ്ടിവന്നു. വിശാലമായ ബാൽക്കണികളാണ് ബംഗ്ലാവിന്റെ ഏറ്റവും വലിയ ആകർഷണം. ഈ ബാൽക്കണിയിൽ നിന്നുകൊണ്ടാണ് കിങ് ഖാൻ ആരാധകരെ കാണുന്നത്. അഞ്ച് കിടപ്പുമുറികൾ, ജിം, ലൈബ്രറി, ഓഫീസ് റൂം, സ്വിമ്മിങ് പൂൾ, തിയറ്റർ തുടങ്ങി എല്ലാവിധ ആഡംബര സൗകര്യങ്ങളും വീട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആറു നിലകളിലായി 27,000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന ബംഗ്ലാവിന്റെ വിലമതിപ്പ് 200 കോടി രൂപയാണ്.