15 ലക്ഷം മാസവാടകയ്ക്ക് ഹൃതിക് റോഷന്റെ അപ്പാർട്ട്മെന്റിൽ താമസിക്കാനൊരുങ്ങി ശ്രദ്ധ കപൂർ
Mail This Article
മുംബൈയിലെ ജുഹുവിൽ സ്ഥിതി ചെയ്യുന്ന ഹൃതിക് റോഷന്റെ ആഡംബര അപ്പാർട്ട്മെന്റ് ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂർ വാടകയ്‌ക്കെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശ്രദ്ധ കപൂർ അഭിനയിച്ച ‘സ്ത്രീ 2’ എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിനിടെയാണ് താരം ഹൃതിക്കിന്റെ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുക്കുന്നതായി വാർത്തകൾ പുറത്തു വരുന്നത്. കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ആസംബര ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റാണ് ഇത്.
അടുത്തയിടെ ഒരു പെൺകുഞ്ഞ് ജനിച്ചതോടെ വരുൺ ധവാനും ഭാര്യ നതാഷ ദലാലും കൂടുതൽ സൗകര്യപ്രദമായ താമസ സ്ഥലം എന്ന നിലയിൽ ഹൃതിക് റോഷൻ്റെ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുക്കാൻ പോകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിന് മുൻപാണ് ശ്രദ്ധ കപൂർ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുക്കാൻ തീരുമാനിച്ചതായി വാർത്തകൾ പുറത്തുവരുന്നത്. 15 ലക്ഷത്തിനടുത്താണ് അപ്പാർട്ട്മെന്റിന്റെ വാടക. താമസം മാറുന്നതോടെ ശ്രദ്ധ അക്ഷയ്കുമാറിന്റെ അയൽക്കാരിയാകും.
100 കോടി രൂപയാണ് അപ്പാർട്ട്മെന്റിന്റെ വിലമതിപ്പ്. 2020 ന്റെ അവസാനകാലത്താണ് ഹൃതിക് ഈ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. തന്റെ ഉള്ളിലെ ആഗ്രഹങ്ങളുടെയും ചിന്തകളുടെയുമൊക്കെ പ്രതിഫലനം എന്ന രീതിയിലാണ് വീടിന്റെ ഓരോ ഭാഗവും നിർമ്മിച്ചടുത്തത് എന്ന് ഹൃതിക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
മന്നത്ത് അപ്പാർട്ട്മെൻ്റ്സ് എന്ന കെട്ടിടത്തിന്റെ 14, 15, 16 നിലകളിലായാണ് താരത്തിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റും ഒറ്റ നിലയുള്ള മറ്റൊരു അപ്പാർട്ട്മെൻ്റുമാണ് ഹൃതിക് വാങ്ങിയത്. പിന്നീട് ഇവ മൂന്നും ഒന്നായി ചേർത്ത് രാജകീയ പ്രൗഢിയിൽ അപ്പാർട്ട്മെൻ്റ് ഒരുക്കുകയായിരുന്നു. ഏകദേശം 38,000 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. 6500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ടെറസും വീടിന്റെ ഭാഗമായുണ്ട്. ഓഫീസ് റൂം , വിനോദങ്ങൾക്കായുള്ള ഡെൻ റൂം തുടങ്ങിയ സൗകര്യങ്ങളെല്ലാം അപ്പാർട്ട്മെൻ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കടൽ കാഴ്ചകൾ ആസ്വദിക്കുവാനും ധാരാളം വെളിച്ചവും വായുവും അകത്ത് ലഭിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം നിലവിൽ കുടുംബത്തോടൊപ്പം ജുഹുവിൽ തന്നെയുള്ള സ്വന്തം വീട്ടിലാണ് ശ്രദ്ധ കപൂർ കഴിയുന്നത്. പിതാവായ ശക്തി കപൂർ 1987ൽ ഏഴു ലക്ഷം രൂപ വില നൽകി ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു. പിന്നീട് അതേ ഫ്ലോറിലുള്ള എല്ലാ വീടുകളും അദ്ദേഹം വിലയ്ക്കെടുത്തു. ഇവയെല്ലാം ചേർത്ത് 60 കോടി രൂപയാണ് നിലവിൽ വിലമതിക്കുന്നത്. വിശാലമായ ടെറസ്സുകളും അറബിക്കടലിന്റെ കാഴ്ചകൾ മനോഹരമായി ആസ്വദിക്കാവുന്ന വിധത്തിൽ ഫ്ലോർ ടു സീലിങ് ജനാലകളും എല്ലാം ഇവിടെ കാണാം. നഗരത്തിരക്കിന്റെ മധ്യത്തിലാണെങ്കിലും പ്രകൃതിയോട് ചേർന്നുനിൽക്കുന്ന അനുഭവമാണ് ഈ വീട് നൽകുന്നത്.