1788 മുറികൾ! മോദി സന്ദർശിച്ചത് ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ ബ്രൂണയ് സുൽത്താന്റെ കൊട്ടാരം
Mail This Article
കഴിഞ്ഞ ദിവസങ്ങളിൽ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണയിലെത്തിയതോടെ ബ്രൂണയ് കൊട്ടാരവും സുൽത്താനുമൊക്കെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. കാരണം ഒരുപക്ഷേ ലോകത്ത് ഏറ്റവും ആഡംബരമായി ജീവിക്കുന്ന മനുഷ്യൻ. ആഡംബരത്തിൽ ലോകത്തിൽ ഒന്നാമതായി നിൽക്കുന്ന കൊട്ടാരം. ഇതുരണ്ടും ബ്രൂണയിലാണ്.
ബ്രൂണയ് നദിക്കരയിൽ 49 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇസ്താനാ നൂറുൽ ഇമാൻ എന്ന രാജകീയ സൗധത്തെ 'കൊട്ടാരങ്ങളുടെ കൊട്ടാര'മെന്ന് വിശേഷിപ്പിക്കേണ്ടിവരും. വലുപ്പവും സങ്കൽപിക്കാനാവാത്തത്ര ആഡംബരങ്ങളും നിറഞ്ഞതാണ് ഈ കൊട്ടാരം. ബ്രൂണയിയുടെ 29-ാമത്തെ സുൽത്താനായ ഹസനാൽ ബൊൽക്കിയ കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്.
ഇസ്ലാമിക നിർമിതികളും മലയ ശൈലിയിലുള്ള വാസ്തുവിദ്യയുടെയും ഇടകലർത്തിയാണ് കൊട്ടാരം നിർമിച്ചിരിക്കുന്നത്. 1984 ൽ പണിപൂർത്തിയായ കൊട്ടാരത്തിന്റെ നിർമാണത്തിനായി 10,000 കോടിയാണ് ചെലവായത്. ഫിലിപ്പൈൻസ് സ്വദേശിയായ ലിയാൻട്രോ വി. ലൊക്സിനാണ് കൊട്ടാരത്തിന്റെ രൂപകൽപന നിർവഹിച്ചത്.
ആകെ 1788 മുറികളാണ് കൊട്ടാരത്തിലുള്ളത്. 257 ബാത്ത്റൂമുകളും ഇവിടെയുണ്ട്. കൊട്ടാരത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ അലങ്കാരങ്ങളും സ്വർണവും അമൂല്യമായ രത്നങ്ങളും പതിച്ചവയാണ്. 5000 അതിഥികളെ ഉൾക്കൊള്ളാനാവുന്ന വമ്പൻ സൽക്കാരമുറിയും ഇവിടെയുണ്ട്. 1,500 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാവുന്ന പള്ളിയാണ് മറ്റൊരാകർഷണം.
റോൾസ് റോയ്സ്, ഫെരാരി തുടങ്ങിയ 165 അത്യാഡംബര കാറുകൾക്ക് ഉടമയാണ് സുൽത്താൻ. ഇവയ്ക്കായി വിശാലമായ ഗാരിജും കൊട്ടാരത്തിലുണ്ട്. ഇരുനൂറു കുതിരകളെ പാർപ്പിക്കുന്ന കുതിരാലയം പോലും എയർകണ്ടീഷൻ ചെയ്തതാണ്. 15 സ്വിമ്മിങ് പൂളുകൾ, 18 എലവേറ്ററുകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര സൗകര്യങ്ങളാണ് കൊട്ടാരത്തിൽ ഒരുക്കിയിരിക്കുന്നത്.
കൊട്ടാരത്തിലെ പ്രധാന കെട്ടിടം ബ്രൂണയ് സർക്കാരിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്നു. വമ്പൻ ഹെലിപാഡ്, വിശാലമായ കാർ പാർക്കിങ്, പാർക്ക് എന്നിവയാണ് കൊട്ടാരത്തിലെ പുറംകാഴ്ചകൾ. കൊട്ടാരത്തിന്റെ ഓരോ ഭാഗവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ഉദ്യോഗസ്ഥരുമുണ്ട്.
അക്കാലത്ത് രാജ്യാന്തരതലത്തിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായതാണ് ഈ കൊട്ടാരത്തിന്റെ നിർമാണം. ബ്രൂണെയുടെ ജനങ്ങളും അയൽരാജ്യങ്ങൾ പോലും ദാരിദ്ര്യം അനുഭവിക്കുമ്പോൾ രാജാവ് ധൂർത്തനായി ജീവിക്കുന്നു എന്ന് നിരവധി ആരോപണങ്ങൾ അന്നുണ്ടായി. എന്നാൽ ഇന്ന് ബ്രൂണയിലെ പ്രധാന വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഈ യമണ്ടൻ കൊട്ടാരം.