സിനിമാ താരങ്ങളുടേതുപോലെ നിങ്ങളുടെ വീടും ഒരുക്കാം; ഇതാ 5 സെലിബ്രിറ്റി മാതൃകകൾ
Mail This Article
സെലിബ്രിറ്റികളുടെ വീട് സാധാരണക്കാർക്ക് എന്നും കൗതുകമാണ്. ഇത്രയധികം സൗകര്യത്തിലും ഭംഗിയിലും വീട് ഒരുക്കിയെടുക്കുന്നത് എങ്ങനെയെന്ന് പല താരങ്ങളുടെയും വീടുകൾ കാണുമ്പോൾ അത്ഭുതപ്പെട്ടുപോകും. വൻതുക ചിലവഴിച്ച് ലോകോത്തര ഇന്റീരിയർ ഡിസൈനർമാരുടെ ഐഡികളിൽ ഒരുങ്ങുന്ന ഇത്തരം അകത്തളങ്ങൾ സാധാരണക്കാർക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണെന്ന് കരുതുകയും ചെയ്യും. എന്നാൽ, ഒന്നു മനസ്സുവെച്ചാൽ കോടികൾ മുടക്കാതെ തന്നെ സാധാരണ വീടുകളുടെ അകത്തളങ്ങളും സെലിബ്രിറ്റി ഹോമുകൾ പോലെ അതിമനോഹരമാക്കി ഒരുക്കിയെടുക്കാനാവും. വീടുകളുടെ മോടി വർധിപ്പിക്കാനായി സെലിബ്രിറ്റികൾ സ്വീകരിച്ചിരിക്കുന്ന ചില ഐഡിയകൾ നോക്കാം.
മിഥില പാൽക്കറിന്റെ കിച്ചൻ ഗാർഡൻ
നടി മിഥില പാൽക്കറിന്റെ മുംബൈയിലെ വീട്ടിൽ ഏറ്റവും മനോഹരമായ ഇടം അടുക്കളയാണ്. 700 ചതുരശ്ര അടി മാത്രമാണ് മിഥിലയുടെ വീടിന്റെ വിസ്തീർണ്ണം. എന്നാൽ ഓരോ ഇടവും എങ്ങനെ അലങ്കരിച്ചിരിക്കുന്നു എന്നതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. അടുക്കളയിൽ ഒരു ചെറു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ മിഥുല ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് സീറ്റുകൾ മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. കൗണ്ടറിന് മുകളിൽ ഇൻഡോർ ഹാങ്ങിങ് പ്ലാന്റുകൾ വളർത്താൻ ഒരു ഇടമൊരുക്കി. ഏറ്റവും ലളിതമായ രീതിയിലുള്ള ഈ ഡിസൈനിങ് അടുക്കളയുടെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്.
മടക്കി വയ്ക്കാവുന്ന ബെഡുകൾ
ഉപയോഗത്തിന് അനുസരിച്ച് രൂപമാറ്റം വരുത്താവുന്ന മൾട്ടി ഫംഗ്ഷണൽ ഇടങ്ങളാണ് സോനാക്ഷി സിൻഹയുടെ വീടിന്റെ പ്രത്യേകത. സ്ലൈഡിങ് ഭിത്തികളും ആവശ്യമുള്ളപ്പോൾ മാത്രം തുറന്നു വയ്ക്കാവുന്ന മുർഫി ബെഡുകളും ഇവിടെ കാണാം. വിശാലമായ ബെഡ് ഉപയോഗമില്ലാത്ത സമയത്ത് കബോർഡ് പോലെ ഫോൾഡ് ചെയ്തു വയ്ക്കാം. അതേപോലെ ആവശ്യമെങ്കിൽ മുറിയുടെ സ്ഥല വിസ്തൃതി വർധിപ്പിക്കാനായി സ്ലൈഡിങ് ഭിത്തികളും സഹായിക്കുന്നുണ്ട്.
വേറിട്ടു നിൽക്കുന്ന ഡൈനിങ് ഏരിയ
കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ഏറ്റവും മനോഹരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ഇടമാണ് ഡൈനിങ് ഏരിയകൾ. വീടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും അൽപം വ്യത്യസ്തമായ രീതിയിൽ ഇവിടം ഒരുക്കുന്നത് അകത്തളത്തിന്റെ ഭംഗി വർധിപ്പിക്കും. നടി കൃതിക കമ്ര തന്റെ വീട്ടിൽ ഇത്തരത്തിൽ മനോഹരമായ ഒരു ഡൈനിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയയ്ക്ക് മാത്രമായി ലളിതമായ പാറ്റേണുകളുള്ള വോൾപേപ്പർ നൽകി. അതേപോലെ തികച്ചും സാധാരണമായ, എന്നാൽ അതിമനോഹരമായ ഒരു ഹാങ്ങിങ് ലൈറ്റും ലളിതമായ രണ്ട് ആർട്ട് വർക്കുകളും ഉൾപ്പെടുത്തിയതോടെ ഡൈനിങ് ഏരിയ വീട്ടിലെ ഏറ്റവും ശ്രദ്ധ നേടുന്ന ഇടമാക്കി മാറ്റാൻ സാധിച്ചു.
സാരിയിൽ നിന്നും തയ്യാറാക്കിയ കർട്ടനും ഫ്ലോറൽ ബാത്റൂം ടൈലുകളും
സംഗീതജ്ഞയായ അനൗഷ്ക ശങ്കർ വീട്ടിലെ പല ഘടകങ്ങളിലും മനോഹരമായ നിറങ്ങൾ തിരഞ്ഞെടുത്താണ് അകത്തളത്തിന്റെ ഭംഗി വർധിപ്പിച്ചിരിക്കുന്നത്. വായുവും വെളിച്ചവും ധാരാളം കടന്നെത്തുന്ന ബെഡ്റൂമുകൾ ഇവിടെ കാണാം. പട്ടിലും ലിനനിലും തയ്യാറാക്കിയ കർട്ടനുകളാണ് കിടപ്പുമുറിയിൽ ഉള്ളത്. അനൗഷ്കയുടെ അമ്മ ഉപയോഗിച്ചിരുന്ന സാരികൾ ഹാൻഡ് ഡൈ ചെയ്ത് കർട്ടനുകളാക്കി മാറ്റുകയായിരുന്നു. ബാത്റൂമിൽ ഉപയോഗിച്ചിരിക്കുന്ന വോൾ ടൈലുകളാണ് ഈ വീട്ടിലെ മറ്റൊരു പ്രത്യേകത. ഒരു പൂന്തോട്ടത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഫ്ലോറൽ പ്രിന്റിംഗുള്ള ടൈലുകൾ ഇവിടെ കാണാം. വിന്റേജ് ലുക്കുള്ള കണ്ണാടി കൂടി ഉൾപ്പെടുത്തിയതോടെ ബാത്റൂം ഏറ്റവും ലളിതമായ രീതിയിൽ എന്നാൽ അങ്ങേയറ്റം ഭംഗിയായി ഒരുക്കാൻ സാധിച്ചിട്ടുണ്ട്.