ADVERTISEMENT

സെലിബ്രിറ്റികളുടെ വീടും ജീവിതവും കാണാൻ മലയാളികൾക്ക് എപ്പോഴും കൗതുകമാണ്. 2024 ൽ അത്തരം 4 സെലിബ്രിറ്റി വീടുകൾ സ്വപ്നവീടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനായി. എല്ലാ വിഡിയോസിനും മികച്ച വ്യൂസും ലഭിച്ചു. ആ വൈറൽ വീടുകളുടെ വിശേഷങ്ങളിലേക്ക് ഒരിക്കൽക്കൂടി പോയിവന്നാലോ...

ഹണി റോസിനുമുണ്ട് 'വൈറ്റ് ഹൗസ്'! ഇവിടെ അദ്‌ഭുതം നിറച്ച സർപ്രൈസുകൾ! വിഡിയോ

തൊടുപുഴ മൂലമറ്റത്തുള്ള ഹണി റോസിന്റെ വീട്ടുവിശേഷങ്ങളിലേക്ക് പോയിവരാം.

പച്ചപ്പിനിടയിലെ കിളിക്കൂട് 

honey-rose-house-view

ഒറ്റവാചകത്തിൽ വീടിനെ 'പച്ചപ്പിനുള്ളിലെ വൈറ്റ് ഹൗസ്' എന്നുവിളിക്കാം. പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യമില്ല. അടിമുടി വെള്ളനിറത്തിൽ ഒരുക്കി എന്നതാണ് ഹൈലൈറ്റ്. ഫ്ലോറും ഭിത്തിയും സീലിങ്ങുമെല്ലാം ഫുൾ വൈറ്റ്! വലിയ മതിലും ഗെയ്റ്റും കടന്നെത്തുന്നത് ആദ്യം ഒരു കാർപോർച്ചിലേക്കാണ്. അതിനടുത്തായി പച്ചപ്പിനുള്ളിൽ ഒരു ഒത്തുചേരലിടം ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള മരത്തിൽ കിളികൾ വന്നിരുന്ന് കലപില വയ്ക്കും. നല്ല വൈബാണ് ഇവിടെ രാവിലെയും വൈകുന്നേരങ്ങളിലും ഇരിക്കാൻ. പച്ചപ്പിന്റെ സമൃദ്ധമായ സാന്നിധ്യമാണ് എല്ലായിടത്തും. 

honey-home-garden

ലിവിങ് സ്പേസ്, ഡൈനിങ്, കിച്ചൻ, നാലു ബെഡ്റൂമുകൾ, വർക് സ്പേസ് എന്നിവയാണ് വീട്ടിലെ ഇടങ്ങൾ. പച്ചപ്പിനാൽ മനോഹരമായ ചെറിയ സിറ്റൗട്ട് കടന്ന് പ്രവേശിക്കുന്നത് തൂവെള്ള നിറത്തിന്റെ മനോഹാരിതയിലേക്കാണ്. ലിവിങ് റൂമിലെ ഫർണിച്ചറുകളും റൂഫും ഇവിടെയുള്ള ഈശോയുടെ രൂപംപോലും വെള്ള നിറത്തിലാണ്.

honey-home-green

ഡൈനിങ്ങിലെ ടേബിൾ വരെ വൈറ്റ് കളറിലുള്ളതാണ്. ഡൈനിങ്ങിൽ നിന്ന് കിച്ചനിലേക്ക് കടന്നാൽ വൈറ്റ് കളർ തീമില്‍ ഒരുക്കിയ ഐലൻഡ് കിച്ചനാണ് സെറ്റ് ചെയ്തിരിക്കുന്നത്. 

honey-home-living

സ്റ്റെയർ കേറി വരുന്ന ഇടത്തായി ഈശോയുടെ മനോഹരമായ ഒരു പെയിന്റിങ് കാണാം. മുകൾനിലയിലേക്ക് വന്നാൽ ഇവിടവും 'വെള്ള'മയമാണ്. രണ്ടു കിടപ്പുമുറികൾ, ഫ്രൂട്ട് ഗാർഡനിലേക്ക് തുറക്കുന്ന ബാൽക്കണി എന്നിവയാണ് ഇവിടെയുള്ളത്.

മുകൾനിലയിലെ ബാൽക്കണിയാണ് എനിക്ക് പ്രിയപ്പെട്ട മറ്റൊരിടം. ഇവിടെ നിൽക്കുമ്പോൾ ബാംബുവിന്റെ പച്ചപ്പും കിളികളുടെ ശബ്ദവും ഒക്കെ ആസ്വദിക്കാം. ഞാൻ വർക്ക്ഔട്ട് ചെയ്യുന്നതും ഇവിടെയാണ്. 

കുടുംബം എന്ന സ്വർഗം 

അച്ഛനും അമ്മയും ഞാനും അടങ്ങുന്ന കൊച്ചുകുടുംബമാണ്. വീട് ഇങ്ങനെ മനോഹരമാക്കി നിലനിർത്തുന്നതിൽ പ്രധാന പങ്ക് അമ്മയുടേതാണ്. അമ്മയുടെ കയ്യിൽ എപ്പോഴും ക്ലീൻ ചെയ്യുന്ന എന്തെങ്കിലും കാണും, അതുകൊണ്ട് തൂത്തും തുടച്ചും നടക്കലാണ് പ്രധാന പണി.  

ഫ്രൂട്ട് ഗാർഡൻ

വീട്ടിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം ഫ്രൂട്ട് ഗാർഡനാണ്. ഈ െചടികളുടെ അടുത്ത് വരുമ്പോൾ ഞാനൊരു നാഗവല്ലിയായി മാറുന്നതായി എനിക്കുതന്നെ തോന്നാറുണ്ട്. ആരു വീട്ടിൽ വന്നാലും ഞാൻ ആദ്യം അവരെ കാണിച്ചു കൊടുക്കുന്നത് ഈ ഫലവൃക്ഷങ്ങളാണ്. ചീവിടുകളൊക്കെയുള്ള ഒരു ചെറിയ കാടാണിത്. അച്ഛൻ കുറച്ചൊക്കെ മരങ്ങൾ വെട്ടി ഒതുക്കി നിർത്തിയിരിക്കുന്ന സമയമാണ്, അല്ലെങ്കിൽ ശരിക്കും കാടിന്റെ പ്രതീതിയാണ്.

ഇനിയുമുണ്ട് വിശേഷങ്ങൾ. വീടിന്റെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ കാണുമല്ലോ...

***

അനുശ്രീയുടെ കൊച്ചിയിലെ സ്വർഗം! ഇതുവരെ കാണാത്ത സർപ്രൈസുകൾ; വിഡിയോ

കൊച്ചി ഉദയംപേരൂരിലാണ് പ്രിയനടി അനുശ്രീയുടെ പുതിയ വീട്. ഇവിടേക്കെത്തുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് 'അനുശ്രീ നായർ- എന്റെ വീട്' എന്ന നെയിംബോർഡാണ്. വീടിനോടുള്ള താരത്തിന്റെ ഇഷ്ടം മുഴുവൻ ഈ പേരിലുണ്ട്. 

ഇതൊരു വില്ലാ പ്രോജക്ടാണ്. അതുകൊണ്ട് പുറംകാഴ്ചയേക്കാൾ അകത്തളം സുന്ദരമാക്കാനാണ് ശ്രദ്ധിച്ചത്. ആഷ് വൈറ്റ് കളർ കോമ്പിനേഷനിലാണ് വീട് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ ശൈലിയും ട്രെഡീഷനൽ ശൈലിയും ഇടകലർത്തിയാണ് ഇന്റീരിയർ. കോട്ടയത്തുള്ള Ceekay ഇന്റീരിയേഴ്സാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയത്.

anusree-home-wall

പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് മനോഹരമായ സ്വീകരണ മുറിയിലേക്കാണ്. സെമി ഓപൺ ശൈലിയിലാണ് അകത്തളം. അതുകൊണ്ട് സ്വകാര്യതയും വിശാലതയും സമാസമം ലഭിക്കും. ഫ്ലോറൽ ഡിസൈനിലുള്ള കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ലിവിങ് അലങ്കരിക്കുന്നത്.  ലിവിങ്ങിൽ ഒരുവശത്തായി പൂജാസ്‌പേസ്.

anusree-home-upper

ഞാനൊരു ഗണപതി ഫാനാണ്. അതുകൊണ്ട് വീടിനുള്ളിൽ പലയിടത്തും ധാരാളം കുഞ്ഞുഗണപതി വിഗ്രഹങ്ങൾ വച്ചിട്ടുണ്ട്. പ്രത്യേകമായി ഡൈനിങ് ഏരിയയും ഡൈനിങ് ടേബിളും ഉണ്ടെങ്കിലും ഞാൻ കൂടുതലും കിച്ചനിലുള്ള ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിലാണ് ഭക്ഷണം കഴിക്കാറുള്ളത്. സുഹൃത്തുക്കൾ ഉള്ളപ്പോൾ മുകൾനിലയിൽ ടിവി കണ്ടുകൊണ്ടാകും ഭക്ഷണം. ചുരുക്കത്തിൽ മാസത്തിൽ പത്തുദിവസംപോലും ഭക്ഷണം കഴിക്കാനുള്ള വേദിയാകാനുള്ള ഭാഗ്യം ഡൈനിങ്ങിനില്ല എന്നതാണ് കോമഡി.

anusree-home-photowall

ഡൈനിങ്ങിലെ ഒരുഭിത്തി ഹൈലൈറ്റർ പെയിന്റടിച്ച് കളറാക്കി. ഫോട്ടോ ഷൂട്ടുകളുടെ സമയത്ത് ഡൈനിങ് ടേബിൾ വശത്തേക്ക് മാറ്റിയാൽ ഇതൊരു നല്ല ഫോട്ടോ ഫ്രയിമായി ഉപയോഗിക്കാം.

anusree-home-idol

വീട്ടിലെ ഏറ്റവും ഭംഗിയുള്ള ഇടങ്ങളിലൊന്ന് കിച്ചനാണ്. മിന്റ് ഗ്രീൻ തീമിലാണ് കിച്ചൻ ക്യാബിനറ്റ്. ഡിസൈനർ വോൾ ടൈലുകൾ ഭംഗി ഇരട്ടിയാക്കുന്നു. 

തടിയിൽ ഗ്ലാസ് ഹാൻഡ് റെയിൽ നൽകിയാണ് സ്റ്റെയർ. ഇവിടെ ഭിത്തി ടെക്സ്ചർ പെയിന്റിനാൽ ഹൈലൈറ്റ് ചെയ്തു. ഹാങ്ങിങ് ലൈറ്റുകൾ ഇവിടം പ്രൗഢമാക്കുന്നു. മുകൾനിലയിലേക്ക് പ്രവേശിക്കുമ്പോൾ നോട്ടമെത്തുന്നത് ഫാമിലിയുടെയും സുഹൃത്തുക്കളുടെയും ഫോട്ടോകൾ ഉൾപ്പെടുത്തിയ ഫോട്ടോവോളാണ്.

എന്റെ കുടുംബവും ഏറ്റവുമടുത്ത സുഹൃത്തുക്കളുമാണ് ഈ ഫോട്ടോ വോളിലുള്ളത്. പല വർഷങ്ങളുടെ ബന്ധമുള്ളവരാണ് ഇവരെല്ലാവരും. എന്റെ ശബ്ദമൊന്നിടറിയാൽ ഇവർക്ക് മനസിലാകും. ഇവരില്ലെങ്കിൽ ഞാനില്ല. നമ്മൾ സ്നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്ന ആളുകളുടെ സാന്നിധ്യം വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കും. അങ്ങനെയാണ് ഒരുഭിത്തി ഇവർക്കായി ഞാൻ ഡെഡിക്കേറ്റ് ചെയ്തത്.

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. താഴെ ഒന്നും മുകളിൽ രണ്ടും. മുകളിലെ എന്റെ ബെഡ്‌റൂം എന്റെ ബെഡ്‌റൂം ആഷ് വൈറ്റ് കളർ തീമിൽ വിശാലമായി ചിട്ടപ്പെടുത്തി. അനുബന്ധമായി ഡ്രസിങ് സ്‌പേസുമുണ്ട്. ഡെക്കോറുകളും ഡ്രീം ക്യാച്ചറുകളും കൊണ്ട് ഇവിടം മനോഹരമാക്കിയിരിക്കുന്നു. ഒരു ഗസ്റ്റ് ബെഡ്‌റൂമും മുകളിലുണ്ട്.

ഇനിയുമുണ്ട് നിരവധി സർപ്രൈസുകൾ. വീടിന്റെ വിശേഷങ്ങൾ അടുത്തറിയാൻ മുകളിൽ കൊടുത്തിരിക്കുന്ന വിഡിയോ കാണുമല്ലോ.

***

കൊല്ലം സുധിയുടെ 'സ്വപ്ന'വീട്; വിഡിയോ 

മലയാളികളെ ചിരിപ്പിച്ച കലാകാരൻ കൊല്ലം സുധി കഴിഞ്ഞ വർഷമാണ് വാഹനാപകടത്തിൽ വിടവാങ്ങിയത്. തണൽ നഷ്ടമായ സുധിയുടെ കുടുംബത്തിന് ഒരുകൂട്ടം മനുഷ്യസ്നേഹികൾ ചേർന്ന് വീടൊരുക്കി. സുധിയുടെ ഭാര്യ രേണു വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.

സുധിച്ചേട്ടന്റെ സ്വപ്നം...

ഏട്ടന്റെ ശരീരം ഇല്ല എന്നേയുള്ളൂ. ആളുടെ ആത്മാവ് ഇവിടെത്തന്നെയുണ്ട്.  വീടിന്റെ കാര്യം പറഞ്ഞപ്പോൾ KHDEC എന്ന ഫെയ്സ്ബുക് ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് ഇക്ക ഞങ്ങൾക്ക് വീട് നിർമിച്ചു നൽകാം എന്നറിയിച്ചു. ബിഷപ്പ് നോബിൾ ഫിലിപ്പ്, ഏഴു സെന്റ് സ്ഥലം ഫ്രീയായി തന്നു. കൂടാതെ MAA  സംഘടനയുടെ പിന്തുണയും ലഭിച്ചു. ഇവർ ഇത്രയും പേരുടെ ഒത്തൊരുമയോടു കൂടി സുധിച്ചേട്ടന്റെ മക്കളുടെ പേരില്‍ സുധിലയം എന്ന മനോഹരമായ വീട് യാഥാർഥ്യമായി.

കേരളാ ഹോം ഡിസൈൻ എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനായ ഫിറോസ് ഈ വീടിന്റെ നിർമാണത്തിലേക്കുള്ള യാത്രയെക്കുറിച്ച് പറയുന്നു. ഇത് ഞങ്ങൾ നിർമിച്ച ആറാമത്തെ വീടാണ്. 

വീടിന്റെ എലിവേഷനിൽ രണ്ടു തട്ടുകളായി ട്രസ് ചെയ്ത് സെറാമിക് ഓടുകൾ വിരിച്ചിരിക്കുന്നു. വീടിന്റെ മുൻവശത്തെ ഭിത്തിയിൽ ടെക്സ്ചർ വർക് ചെയ്ത് യുപിവിസി സ്ലൈഡിങ് വിൻഡോസും കൊടുത്തിരിക്കുന്നു.  സിറ്റൗട്ടിൽ മഴവെള്ളം വീഴാത്ത രീതിയില്‍ പ്രൊജക്ഷൻസ് കൊടുത്തിരിക്കുന്നു.

 അകത്തേക്ക് പ്രവേശിക്കുന്നത് മനോഹരമായ ലിവിങ് ഏരിയയിലേക്കാണ്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. കോർണർ സോഫ, ടിവി യൂണിറ്റ് എന്നിവ ഇവിടെ കൊടുത്തിരിക്കുന്നു. വൈറ്റ് കളർ തീമിലാണ് വീടിന്റെ അകത്തളങ്ങൾ.   ലിവിങ്ങിൽ നിന്ന് ഡൈനിങ്ങിലേക്കാണ് പ്രവേശിക്കുന്നത്. ഇവിടെ ഭിത്തിയിൽ കേരള ഫ്ലോറിങ് തൊഴിലാളി യൂണിയന്റെ സ്നേഹോപഹാരമായ സുധിയുടെ ഗ്രാനൈറ്റിൽ തീർത്ത ഒരു രൂപം വച്ചിരിക്കുന്നു.   

ഈ വീട്ടിലെ ഓരോ സാധനങ്ങളും സുധിയോടുള്ള സ്നേഹത്തിന്റെ പേരിൽ ഓരോ ആളുകൾ സമ്മാനമായി കൊടുത്തിട്ടുള്ളവയാണ്. മൊത്തം മൂന്ന് ബെഡ്റൂമുകളാണ്  വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയില്‍ വളരെ മനോഹരമായി ഫിക്സഡ് വാർഡ്രോബുകളും നൽകിയാണ് കിടപ്പുമുറികൾ. ധാരാളം സ്റ്റോറേജ് സ്പേസ് നൽകി എല്ലാ സൗകര്യങ്ങളോടു കൂടി വളരെ മനോഹരമായാണ് കിച്ചൻ ഒരുക്കിയിരിക്കുന്നത്. 

ഒരുകൂട്ടം സാധാരണക്കാരുടെ കൂട്ടായ്മയിലാണ് വീട് നിർമിച്ചത്. ഫ്ലോറിങ് കേരള ഫ്ലോറിങ് തൊഴിലാളി യൂണിയൻ (KFTA) ആണ് ചെയ്തിരിക്കുന്നത്. കേരളത്തിലെ പല ജില്ലകളില്‍ നിന്നുള്ള ആളുകളാണ് ഇതിലുള്ളത്.കൂലിപ്പണിക്കു പോകുന്ന ആളുകളാണ്. അവര് രാവും പകലും നിന്ന് ഫ്രീയായാണ് ഫ്ലോറിങ് ചെയ്തിരിക്കുന്നത്. അതേപോലെ സ്ട്രക്ചർ വർക്കുകൾ, പെയിൻ്റിങ് എല്ലാം ഇപ്രകാരമാണ് പൂർത്തിയാക്കിയത്. അവരെയൊക്കെയാണ് നമ്മൾ ശരിക്കും അഭിനന്ദിക്കേണ്ടത്. 

1050 സ്ക്വയർഫീറ്റിൽ നിർമിച്ച വീടിന്റെ പ്രധാന ഇടങ്ങൾ സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്റൂം, കിച്ചൻ, വാഷ് ഏരിയ, രണ്ട് ബാത് അറ്റാച്ച് ബാത് റൂമുകൾക്കു പുറമേ ഒരു കോമൺ ബാത്റൂമും കൊടുത്തിരിക്കുന്നു.

കുറേ ആൾക്കാർ പഴ്സണലായി വന്ന് ജോലി ചെയ്തിട്ടുള്ളതിനാൽ ഇതിന്റെ ബജറ്റ് കൃത്യമായി പറയാൻ സാധിക്കില്ല. എങ്കിലും ഏകദേശം 20 ലക്ഷം രൂപയാണ് സുധിലയത്തിനായി ചെലവായിട്ടുള്ളത്.

***

ഹരിശ്രീ അശോകന്റെ വീടിന്റെ അവസ്ഥ ഞെട്ടിക്കും; നേരിട്ടത് കൊടുംചതി: അനുഭവം വിവരിച്ച് താരം; വിഡിയോ

നടൻ ഹരിശ്രീ അശോകന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം. കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന് വർഷങ്ങൾക്കുശേഷം ജീവിതത്തിൽ സാമ്പത്തിക പുരോഗതി ഉണ്ടായപ്പോൾ കൊച്ചിയിൽ നിർമിച്ച സ്വപ്നവീടിനും അദ്ദേഹം 'പഞ്ചാബി ഹൗസ്' എന്നാണ് പേരുനൽകിയത്. പക്ഷേ വീട് വിചാരിച്ച പോലെ ഹിറ്റായില്ല. ഫ്ലോറിങ്ങിലെ അപാകതകൾമൂലം വീടിന്റെ അവസ്ഥ ശോചനീയമായി. ഒടുവിൽ താരം ഉപഭോക്‌തൃ കോടതിയിൽ നൽകിയ കേസിന്റെ വിധിയിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് 'പഞ്ചാബി ഹൗസ്'. ഹരിശ്രീ അശോകൻ അനുഭവം വിവരിക്കുന്നു.

Harisree-Ashokan-home

പ്രശ്നങ്ങൾ തുടങ്ങുന്നു...

ഒരു മനുഷ്യായുസ്സിലെ സമ്പാദ്യവും സ്വപ്നവും കൊണ്ടാണ് ഒരാൾ വീടുപണിയുന്നത്. പക്ഷേ വീടുപണിയിൽ സംഭവിച്ച പിഴവുമൂലം ഞാനും കുടുംബവും അനുഭവിച്ച മാനസികവ്യഥ വിവരിക്കാവുന്നതിലും അപ്പുറമാണ്. വീടിന്റെ ഫർണിഷിങ്- ഫ്ലോറിങ് ഘട്ടത്തിൽ സംഭവിച്ച പിഴവാണ് തലവേദനയായത്. ഫർണിഷിങ് പൂർത്തിയായി കുറച്ചുവർഷം കഴിഞ്ഞപ്പോള്‍ ഒരു രാത്രിയിൽ പടക്കം പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണർന്നു. മുകളിൽ കയറി നോക്കുമ്പോൾ ഒരു ഫ്ലോർ ടൈൽ പൊട്ടി പൊങ്ങിനിൽക്കുന്നതാണ് കണ്ടത്. പണി ചെയ്തയാളെ വിളിച്ചുപറഞ്ഞു. പക്ഷേ മാസങ്ങൾ കഴിഞ്ഞാണ് അവർ വന്നത്. വന്നവർ വീണ്ടും ലേബർ ചാർജും മെറ്റീരിയൽ ചാർജും ചോദിച്ചു. ഞാൻ വിസമ്മതിച്ചു. അവർ മടങ്ങി. അങ്ങനെയാണ് കൺസ്യൂമർ കോടതിയിൽ പരാതി കൊടുക്കുന്നത്.

harisree-ashokan-house-tile

അപ്പോഴേക്കും മറ്റിടങ്ങളിലെ ടൈലുകളും നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങി. വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിലേക്കെത്തി. കാലക്രമേണ വീട്ടിലെ ഒരുവിധം എല്ലാമുറികളിലെയും ടൈലുകൾ ഇളകി, നടക്കാൻ പോലും ബുദ്ധിമുട്ടായി. അടുക്കളയിലെ വോൾ ടൈലുകൾ വിരിച്ചതിലെ അപാകത മൂലം ഈർപ്പം ഇറങ്ങി കബോർഡുകൾ എല്ലാം നശിച്ചു. ഞാൻ  കമ്പനികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. 

Harisree-Ashokan-kitchen

കൺസ്യൂമർ കോർട്ട് കമ്മീഷനെ വച്ചു. അവർ വന്ന് വീട് പരിശോധിച്ച് ടൈൽ സാംപിൾ ശേഖരിച്ച് കൊണ്ടുപോയി. സർക്കാർ ലാബിൽ ടെസ്റ്റ് ചെയ്തു. ടൈൽ വിരിച്ചസമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇതിനുകാരണമെന്നാണ് അവരുടെ കണ്ടെത്തൽ. ഒടുവിൽ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം എനിക്ക് അനുകൂലമായി വിധിലഭിച്ചു.

ഇനിയെന്ത്?...

ഈ കാലയളവിൽ എന്റെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു, കുട്ടികളുണ്ടായി. ആ കുട്ടികൾ ഈ വീട്ടിൽ ഒന്ന് മുട്ടിലിഴഞ്ഞിട്ടില്ല, ഓടിനടന്നിട്ടില്ല. ഒരു പരിപാടികളും വീട്ടിൽ നടത്താൻ സാധിച്ചിട്ടില്ല. സിനിമാചർച്ചകൾക്ക് ആരെങ്കിലും വിളിച്ചാലും വീട്ടിലേക്ക് ക്ഷണിക്കാനുള്ള മാനസികബുദ്ധിമുട്ടുകൊണ്ട്  'ഞാൻ വീട്ടിലില്ല, ഹോട്ടലിൽ വച്ചു കാണാം' എന്ന് കള്ളംപറയുമായിരുന്നു.ഇവിടെ താമസിക്കാനുള്ള ബുദ്ധിമുട്ട് മൂലം മകൻ അർജുനും കുടുംബവും ഇവിടെയടുത്ത് മറ്റൊരു വീട്ടിലാണ് താമസം.

ഇനി കോടതിയുടെ അനുമതിയോടുകൂടി വീണ്ടും അറ്റകുറ്റപണികൾ നടത്തി, വീണ്ടും പാലുകാച്ചൽ നടത്തി പുതിയൊരു ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം. അതിനായി കാത്തിരിക്കുകയാണ് ഞാനും കുടുംബവും. 

English Summary:

4 celebrity homes in 2024- Swapnaveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com