വില 50 കോടി! ആഡംബര അപാർട്മെന്റ് സ്വന്തമാക്കി ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി

Mail This Article
നിരവധി പ്രമുഖർ റിയൽ എസ്റ്റേറ്റിൽ വൻനിക്ഷേപങ്ങൾ നടത്തിയ വർഷമായിരുന്നു 2024. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഭവനവിപണി ഈ വർഷം റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ട്രെൻഡിന്റെ ചുവടുപിടിച്ച് ഇപ്പോൾ ബെംഗളൂരുവിൽ പുതിയ ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ. നാരായണമൂർത്തി. ബെംഗളൂരുവിൽ അദ്ദേഹം സ്വന്തമാക്കുന്ന രണ്ടാമത്തെ ആഡംബര അപ്പാർട്ട്മെന്റാണിത്.
ബെംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ പ്രശസ്തമായ കിങ്ഫിഷർ ടവേഴ്സിലാണ് നാരായണമൂർത്തിയുടെ പുതിയ അപ്പാർട്ട്മെന്റ്. ബിസിനസ് മേഖലയിലെ പ്രമുഖരായ ധാരാളം വ്യക്തികൾ ഈ പ്രീമിയം റസിഡൻഷ്യൽ കോംപ്ലക്സിൽ വീടുകൾ സ്വന്തമാക്കിയിട്ടുള്ളതുകൊണ്ട് 'ബില്യനേഴ്സ് ടവർ' എന്നും ഇതിന് വിളിപ്പേരുണ്ട്. വലിയ ഓഫിസ് കെട്ടിടങ്ങൾ, സർവീസ് അപ്പാർട്ട്മെന്റുകൾ, പോഷ് ഷോപ്പിങ് സെന്റർ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഇവിടെയുണ്ട്.

50 കോടി രൂപയാണ് പുതിയ അപ്പാർട്ട്മെന്റിന്റെ വില. ബെംഗളൂരു അപ്സ്കെയിൽ റിയൽ എസ്റ്റേറ്റ് വിപണിയിലെ റെക്കോർഡ് വിലയാണിത്. റിപ്പോർട്ടുകൾ പ്രകാരം 8400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്മെന്റാണിത്. ഒരു ചതുരശ്ര അടിക്ക് 59,500 രൂപയാണ് വില. ബെംഗളൂരുവിലെ ഭവന വിപണി സജീവമാണെങ്കിലും മുംബൈ, ഡൽഹി നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്രയധികം വിലയിൽ വീടുകൾ വിറ്റുപോകുന്നത് സാധാരണമല്ല. കെട്ടിടത്തിന്റെ പതിനാറാം നിലയിലാണ് അപ്പാർട്മെന്റുള്ളത്. നാല് കിടപ്പുമുറികൾ ഇവിടെയുണ്ട്. കെട്ടിടത്തിലെ അഞ്ച് കാർ പാർക്കിങ് സ്ലോട്ടുകളും നാരായണമൂർത്തിക്കായി നീക്കിവച്ചിരിക്കുന്നു.

34 നിലകളിലെ മൂന്ന് ബ്ലോക്കുകളിലായി 81- 4 BHK ആഡംബര അപ്പാർട്ട്മെന്റുകളാണ് കിങ്ഫിഷർ ടവേഴ്സിലുള്ളത്. പ്രതിമാസം 10 ലക്ഷം രൂപയാണ് കെട്ടിടത്തിലെ അപ്പാർട്ട്മെന്റുകളുടെ വാടക നിരക്ക്.