വധഭീഷണി; സൽമാൻ ഖാന്റെ ഫ്ലാറ്റിന് ഇരട്ടി സുരക്ഷ: ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്
Mail This Article
വധഭീഷണിയുള്ളതിനാൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് അധികസുരക്ഷ ഉറപ്പാക്കാൻ താരത്തിന്റെ മുംബൈയിലെ വസതികളിലൊന്നായ ഗാലക്സി അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സ്ഥാപിച്ചു. വൈദ്യുതി വേലിയും നേരത്തെ സ്ഥാപിച്ചിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ അക്രമികൾ വെടിയുതിർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. തന്നെ കാണാൻ എത്തുന്ന ആരാധകരെ ഈ ബാൽക്കണിയിൽ നിന്നുകൊണ്ടാണ് സൽമാൻ അഭിവാദ്യം ചെയ്യുന്നത്.
ഏപ്രിൽ 14ന് ഗാലക്സി അപ്പാർട്ട്മെന്റിലെ ഒന്നാം നിലയിലുള്ള ബാൽക്കണിയിലേക്കായിരുന്നു അക്രമിസംഘം വെടിയുതിർത്തത്. സൽമാൻ ഖാന്റെ സുഹൃത്തും മുൻ മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന ബാബാ സിദ്ദിഖീയുടെ കൊലപാതകത്തിനുശേഷം താരത്തിനു നേരെ നിരവധി വധഭീഷണികൾ ഉയരുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ച് സൽമാനു നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് അടക്കമുള്ളവ സുരക്ഷയ്ക്കായി ഉപയോഗിക്കാൻ തീരുമാനിച്ചത്.
ബാൽക്കണി പൂർണ്ണമായും നീലനിറത്തിലുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൊണ്ട് മറച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഷാറുഖ് ഖാനടക്കം നിരവധി ബോളിവുഡ് താരങ്ങളുടെ വീടുകൾ ഉൾപ്പെടുന്ന ബാന്ദ്രാ വെസ്റ്റ് മേഖലയിലാണ് ഗാലക്സി അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. എട്ടുനിലകൾ അടങ്ങുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫോറിലാണ് താരത്തിന്റെ താമസം. രണ്ടാം നിലയിൽ സൽമാന്റെ മാതാപിതാക്കളും താമസിക്കുന്നു. 40 വർഷങ്ങൾക്കു മുൻപാണ് സൽമാനും കുടുംബവും ഇവിടെ വീട് സ്വന്തമാക്കിയത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരുകിടപ്പുമുറി മാത്രമുള്ള അപ്പാർട്മെന്റാണ് സൽമാൻ താമസത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ലളിതമായ രീതിയിലാണ് വീടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ഈ വീടിനോട് പ്രത്യേക ആത്മബന്ധം കാത്തുസൂക്ഷിക്കുന്നതിനാൽ ചലച്ചിത്ര മേഖലയിൽ വലിയ ഉയർച്ചയിലെത്തിയ ശേഷവും ഇവിടെ തന്നെ താമസം തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ആഡംബര പ്രോപ്പർട്ടികൾ സൽമാൻ സ്വന്തമാക്കിയിട്ടുമുണ്ട്. അക്കൂട്ടത്തിലൊന്നാണ് പനവേലിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസ്. വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഫാം ഹൗസിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ദുബായിലെ ബുർജ് പസഫിക് ടവേഴ്സിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ്, ബാന്ദ്ര ബസ്സ്റ്റാൻഡിലെ ആഡംബര ട്രിപ്ലക്സ് ഫ്ലാറ്റ്, കാർട്ടർ റോഡിലും വെർളിയിലുമായി മറ്റു രണ്ടു ഫ്ലാറ്റുകൾ എന്നിവയും സൽമാൻ സ്വന്തമാക്കിയിട്ടുണ്ട്.