നാവിൽനിന്നു മാഞ്ഞ അമ്മായിമിഠായിയും തേങ്ങാപ്പീര മിഠായിയും; മറക്കരുത് ഗ്രാമീണരുചിയും നാളികേരവും
Mail This Article
പണ്ട് സ്കൂളുകൾക്കു സമീപമുള്ള പെട്ടിക്കടകളിൽ വെളുത്ത കടലാസിൽ പൊതിഞ്ഞ ഒരു മിഠായി ഉണ്ടായിരുന്നു!
എത്ര തിന്നാലും തീരാത്ത വല്ലാത്തൊരു മധുര മിഠായി! അതായിരുന്നു 'അമ്മായി മിഠായി!' വെന്ത വെളിച്ചെണ്ണയുടെ അടിയിലൂറുന്ന കൽക്കനിൽ നാടൻ ശർക്കര ചേർത്തായിരുന്നത്രെ നിര്‍മാണം. പെട്ടിക്കടകൾ ഇല്ലാതാകുകയും ഷോപ്പിങ് മാളുകൾ നാടു നീളെ പെരുകുകയും ചെയ്തതോടെ ഇത്തരം ഗ്രാമീണരുചികൾ നാവിൽനിന്നു മാഞ്ഞു പോയതിൽ അത്ഭുതമില്ല.
അമ്മായി മിഠായിക്കും മുന്‍പ്, തേങ്ങാപ്പീര മിഠായിയും ചുട്ട തേങ്ങയും കരിക്കിന്‍വെളളവുകമാക്കെ പൂരപ്പറമ്പുകളിൽ അനുരാഗ മധുരം വിതറിയിരുന്നു. ഈർക്കിലിച്ചൂലും ചൂട്ടുകറ്റയും കോഞ്ഞാട്ടയും ഓലപ്പന്തും ഓലപ്പീപ്പിയും ഓല വട്ടിയും കൊട്ടത്തേങ്ങയുമൊക്കെ നാട്ടുചന്തകളിൽ കിട്ടുമായിരുന്നു. കേരോല്‍പന്ന വൈവിധ്യവൽകരണം പണ്ടേയുണ്ടായിരുന്നു എന്നു സാരം.
കല്‍പവൃക്ഷമായ തെങ്ങിന്റെ ഏതു ഭാഗമാണ് വെറുതെ കളയാനുള്ളത്? ലേഹ്യമുണ്ടാക്കാനും ഭക്തർക്ക് തുള്ളിയുറയാനും ഒരു തുള്ളിയെങ്കിലും അകത്താക്കാനും പൂക്കുല കനിയണം! കുരുത്തോലയുടെ പേരില്‍ ഒരു പെരുന്നാൾ തന്നെയുണ്ട്. മുറ്റത്തെ തെങ്ങിലെ പീലിക്കുരുത്തോല വെട്ടി പൂപ്പന്തു കെട്ടി പന്തു കളിച്ചാണ് പഴയ ബാല്യം പടിയിറങ്ങിപ്പോയത്.
Read also: കോട്ടയത്ത് വേറെയുണ്ടാവില്ല ഇങ്ങനൊരു തെങ്ങിൻതോപ്പ്; 40 ദിവസം കൂടുമ്പോൾ വരുമാനം
ഓർമകളിൽ ഒരു തടിപ്പാലം
പറ, ഇടങ്ങഴി, നാഴി എന്നിവ ഉണ്ടാക്കാനും പുരയ്ക്കു തൂണായും തെങ്ങിന്‍തടി വേണമായിരുന്നു. നാട്ടു നടപ്പാതകൾ വഴിമുട്ടുന്നിടങ്ങളില്‍ നാട്ടുകാർ സ്ഥാപിച്ചിരുന്ന തടിപ്പാലങ്ങളിലൂടെയാണ് മാറ്റങ്ങളുടെ, നവോഥാനങ്ങളുടെ, പടയോട്ടങ്ങളുടെ തേരുരുണ്ടത്. പ്രത്യയശാസ്ത്രങ്ങളും പുതു വിശ്വാസങ്ങളും ഈ പാലത്തിലൂടെ കടന്നു വന്നു. അധ്യാപകരും അപ്പോത്തിക്കിരികളും പ്രക്ഷോഭകരും സുവിശേഷകരും പാപികളും പരീശൻമാരും വന്നു.
കരിക്കു വെട്ടുന്ന താന്തോന്നി
കരിക്കിനെ വെറുതെ സ്നേഹിച്ചു കൊന്നവരാണ് നമ്മൾ. കരിക്കു വെട്ടിക്കുടിക്കാൻ പഴമക്കാർക്കു മടിയായിരുന്നു. ഏക്കർ കണക്കിനു തെങ്ങിൽ തോപ്പുകൾ ഉള്ളവരും ഒരു കരിക്ക് വെട്ടുകയില്ല! മുൻപിൻ നോക്കാതെ കരിക്കു പോലും വെട്ടിയിറക്കുന്ന താന്തോന്നിയായ ഗൃഹനാഥൻ കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കും എന്നായിരുന്നു പൊതു വിചാരം.
ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണ്
കൂട്ടിക്കെട്ടിയ കയറിന്റെ ബലത്തിലാണ് പണ്ട് പത്തേമാരികൾ അറബിപ്പൊന്നു നേടി കടലുകൾ താണ്ടിയത്. ആലപ്പുഴ കയർ ലോക പ്രശസ്തമായി. ആറാട്ടുപുഴ, അഞ്ചുതെങ്ങ്, കൊല്ലം, മലബാറിലെ കൊയിലാണ്ടി പ്രദേശങ്ങൾ കയറും ചകിരിയും കൊണ്ട് പേരെടുത്തു. 'ചവറ, പന്മന, തേവലക്കര ചകിരി കൊണ്ടു പിഴയ്ക്കണം' എന്നായിരുന്നു ചൊല്ല്. വടകരച്ചന്തയില്‍ കൊയിലാണ്ടിച്ചൂടി വില്‍ക്കാന്‍ ചെല്ലുന്ന സുന്ദരിയായ ജാനകിയെ ഓർക്കുന്നില്ലേ? യു.എ. ഖാദറിന്റെ 'ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണി' എന്ന കഥയിലെ നായികയാ ജാനകിയെപ്പോലുള്ള കയർത്തൊഴിലാളിലൂടെയാണ് നമ്മുടെ നാട്ടിൽ കമ്യൂണിസത്തിന്റെ വേരുകൾ പൊട്ടിക്കിളിർത്തത്.
നീര കണ്ണീരാകുമ്പോള്‍
'പോക വേദാന്തമേ, നീ' എന്നാണ് ചങ്ങമ്പുഴ കള്ളിനെ പുകഴ്ത്തിപ്പാടിയത്. തെങ്ങിൽനിന്ന് കള്ളിനേക്കാൾ ആദായകരമായ നീര ഉണ്ടാക്കാമെന്ന് പറഞ്ഞു തുടങ്ങിയ സർക്കാർ പദ്ധതി ഇന്ന് എത്ര കര്‍ഷകരെയാണ് കണ്ണീരണിയിക്കുന്നത്. നിശ്ചിത ഫീസ് വാങ്ങി തെങ്ങു ചെത്താൻ കൊടുക്കാൻ സർക്കാർ സമ്മതിച്ചാൽ കേരമേഖലയിലെ പ്രശ്നങ്ങൾ പകുതിയും തീരില്ലേ? കർഷകര്‍ രക്ഷപെടും, ടൂറിസവും വളരും. സർക്കാരിന് നാലു കാശ് കൂടുതൽ കിട്ടും. എക്സൈസ് വകുപ്പിന്റെ ജോലി ഭാരവും അധികച്ചെലവും കുറയും.