അങ്ങനൊരു കാലമുണ്ടായിരുന്നോ? മാവേലിക്ക് അവധി നീട്ടിക്കിട്ടിയ കാലം, ചിങ്ങത്തിൽ ഓണമില്ലാത്ത കാലം!
Mail This Article
മാവേലി പാതാളത്തിൽനിന്ന് ചിങ്ങത്തിൽ വന്നു മടങ്ങുന്നു എന്നാണല്ലോ വിശ്വാസം. എന്നാൽ, പാതാളത്തില്‍നിന്ന് അദ്ദേഹത്തിന് ഒരു മാസം കൂടി അവധി നീട്ടിക്കിട്ടിയ കാലമുണ്ടായിരുന്നു: കന്നിയിലും തിരുവോണം ആഘോഷിച്ചിരുന്ന കാലം. അക്കാലം കന്നിയോണം കൂടി കഴിഞ്ഞേ മാവേലി പാതാളത്തിലേക്കു മടങ്ങിയിരുന്നുള്ളൂ. ഭാരതപ്പുഴയ്ക്കു വടക്കുള്ളവർ കന്നിയോണമാണ് പണ്ട് തിരുവോണമായി ആഘോഷിച്ചിരുന്നത്. കന്നിമാസം ഒന്നാം തീയതിക്ക് വടക്കൻ കേരളത്തിൽ 'കന്യാറൊന്ന്' എന്നാണു പറയുക. കന്നി, ആറ്, ഒന്ന് എന്നിവ യോജിച്ചാണ് ഈ പേരു വന്നത്. അതായത്, കന്നിമാസം ആറാം തീയതി ആണ്ടുപിറപ്പ്. കൊല്ലവർഷം ആരംഭിച്ച വിവരം വടക്കൻകേരളത്തിൽ അറിഞ്ഞപ്പോഴേക്കും ചിങ്ങം കടന്ന് കന്നി ആറ് ആയത്രേ. കൊല്ലവർഷം നിലവിൽവന്ന കാര്യം അറിയിക്കാന്‍ പോയ ദൂതൻ കാടും മേടും ഭാരതപ്പുഴയും കടന്ന് അവിടെ ചെന്നപ്പോഴേക്കും മാസം ഒന്നു കഴിഞ്ഞു!
പത്തായത്തില്‍ ഒരുമണി നെല്ലില്ല
ഓണമെത്തിയിട്ടും ഒരു മണി നെല്ലുപോലും പത്തായത്തിലില്ല. പാട്ടക്കാരനോട് മാസങ്ങൾക്കു മുന്‍പേ നെല്ല് കടം വാങ്ങിക്കഴിഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ഗോവിന്ദൻകുട്ടി മുറ്റത്തു നിന്നു. കരിമ്പടം പുതച്ചുകൊണ്ട് കിണറ്റിൻകരയിൽനിന്നു പ്രയാസപ്പെട്ടു കയറിവന്ന അമ്മ അവനെ നോക്കി മെല്ലെപ്പറഞ്ഞു: ‘‘തിരുവോണമായിട്ട് കുറച്ചു നെല്ല് എവിടുന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ വെയിലിൽവച്ച് ഉണക്കിക്കുത്തി അരിയാക്കാം’’. അമ്മയുടെ നിർബന്ധം സഹിക്കാതായപ്പോൾ ഗോവിന്ദൻകുട്ടി പാട്ടക്കാരന്റെ വീട്ടിലേക്കു നടന്നു. ‘‘ഒരു ചാക്ക് നെല്ല് കടം തരണം. വീട്ടിൽ ഒരുപിടി നെല്ലില്ല, ഓണമാണ് വരുന്നത്. നിങ്ങൾ സഹായിച്ചില്ലെങ്കിൽ ഇക്കുറി ഞങ്ങളുടെ ഓണം കുഴയും’’. യാചനയ്ക്കു ഫലമുണ്ടായില്ല. മികച്ച വിളവു ലഭിച്ചിരുന്നെങ്കിലും പാട്ടക്കാരൻ കൈമലർത്തി. ഗോവിന്ദൻകുട്ടിയും വൃദ്ധയായ അമ്മയും സഹോദരിയും തിരുവോണനാളില്‍ പട്ടിണിയുടെ രുചിയറിഞ്ഞു. എംടിയുടെ ‘അസുരവിത്ത്’ എന്ന നോവലിലെ രംഗം കാലമേറെക്കഴിഞ്ഞിട്ടും നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു.
ദേവലോകത്തെ നെല്ലും കോഴിയും
ഒരു നേരത്തെ ചോറിനുവേണ്ടി ആരു നെല്ലു ചോദിച്ചാലും കൊടുക്കണമെന്നായിരുന്നു പണ്ടത്തെ പ്രമാണം. ഒരു നേരത്തെ ചോറിനും കുടിവെള്ളത്തിനും പണം ഈടാക്കുന്നവർ അടുത്ത ജന്മം വണ്ടിക്കാളകളായി ജനിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ദേവലോകത്തുനിന്ന് നെൽവിത്ത് ഭൂമിയിലേക്കു കൊണ്ടുവന്നത് ‘അന്നം ചെറുകിളി’ എന്ന പക്ഷിയാണെന്നും ആ പക്ഷിക്ക് ജാതിയില്ലെന്നും മറ്റൊരു വിശ്വാസവുമുണ്ട്. കൃഷിക്കാവശ്യമായ പോത്ത്, മൂരി, ആടുമാടുകൾ, സമയം അറിയിക്കാനായി കോഴി എന്നിവയെയും ദേവന്മാർ കൊടുത്തുവിട്ടത്രെ!. പണ്ടൊക്കെ പല കുടുംബങ്ങളിലും ഓണത്തിനാണ് എല്ലാവരും വയറു നിറയെ ചോറുണ്ണുന്നത്. അന്നത്തിനും അമ്മയ്ക്കും അയിത്തമില്ല എന്നാണു പ്രമാണം. ചിങ്ങക്കൊയ്‌ത്തു കഴിഞ്ഞ ദിവസങ്ങളിലാണല്ലോ ഓണം വരുന്നത്. ഇല്ലങ്ങളിലെ പത്തായങ്ങളും കുടിലുകളിലെ വല്ലങ്ങളും നിറഞ്ഞിരുന്ന കാലം.
മാവേലിയും പരശുരാമനും മുഖാമുഖം
ഓണത്തിന് എറണാകുളം കണക്‌ഷനുകൾ പലതുമുണ്ട്. തൃക്കാക്കരയിലേക്കാണ് ഓണത്തിന് മാവേലി ആദ്യമെത്തുന്നത്. എറണാകുളത്തെ ഏലൂരിനടുത്തുള്ള പാതാളംവഴിയാണ് ഈ വരവെന്നും ഇതേ പാതാളത്തിലേക്കാണ് വാമനൻ മാവേലിയെ ചവിട്ടിത്താഴ്ത്തിയതെന്നും പറഞ്ഞാല്‍? പാണ്ഡവർ അരക്കില്ലത്തിൽനിന്നു പണ്ട് രക്ഷപ്പെട്ടത് ഇതേ പാതാളം വഴിയാണെന്ന് വാദിച്ചാല്‍? ഏതായാലും ഏലൂരിലെയും പാതാളത്തിലെയും പഴയ തലമുറയുടെ പഴങ്കഥകളില്‍ നിറഞ്ഞുനിന്നിരുന്നു ഈ പാതാള മാഹാത്മ്യം. വാമനപാദം മണ്ണില്‍ പതിഞ്ഞ തൃക്കാൽക്കരയാണത്രേ പിന്നീട് തൃക്കാക്കരയായത്. മാവേലി മാത്രമല്ല, കേരളം സൃഷ്ടിച്ച പരശുരാമനും ഓണനാളിൽ തൃക്കാക്കരയിൽ എഴുന്നെള്ളുന്നുണ്ട്.
ആപ്പായി മാറുന്ന നെല്‍കൃഷി
കൃഷി ചെയ്യാത്ത ജന്മികുടുംബമാണ് എംടിയുടെ കഥയില്‍ ഓണപ്പട്ടിണി കിടന്നതെങ്കില്‍ നെല്‍കര്‍ഷകനും കുടുംബവും ഓണത്തിനു പട്ടിണിയാകുന്ന യാഥാര്‍ഥ്യമാണ് ഇന്നു കേരളത്തില്‍. ഓണമെത്താറായിട്ടും പണ്ടെങ്ങോ സര്‍ക്കാര്‍ കൊണ്ടുപോയി നാട്ടാരെ ഊട്ടിയ നെല്ലിന്റെ കാശിനായി നെട്ടോട്ടമോടുകയാണ് കര്‍ഷകര്‍. കൃഷി നന്നാക്കാന്‍ ‘കതിർ’ ആപ് അടക്കം അഞ്ചു പുതിയ പദ്ധതികളുമായി കൃഷിവകുപ്പ് ചിങ്ങം ഒന്നിന് രംഗപ്രവേശം ചെയ്തിട്ടുണ്ട്. നല്ല കാര്യം. ആ തിരക്കിനിടയില്‍, ‘ആപ്പി’ലായിപ്പോയ കര്‍ഷകരെയും കുടുംബങ്ങളെയും മറക്കാതിരുന്നാല്‍ മതി സാര്‍!