ADVERTISEMENT

സംസ്ഥാനത്ത്‌ കൊക്കോ ക്ഷാമം വീണ്ടും തല ഉയർത്തുന്നു. നവംബർ-ഡിസംബർ സീസൺ കാലമാണെങ്കിലും ഇക്കുറി കൊക്കോ ഉൽപാദനത്തിൽ ഇടിവ്‌ സംഭവിക്കുമെന്നാണ്‌ ഉൽപാദകമേഖലകളിൽനിന്നുള്ള വിവരം. ചിങ്ങ മാസത്തിലെ മഴ തന്നെയാണ്‌ ഇത്തവണ കൊക്കോയുടെ വില്ലനായി മാറിയത്‌. ഓണ വേളയിലെ ശക്തമായ മഴയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും വ്യാപകമായി പൂക്കൾ കൊഴിഞ്ഞത്‌ മൊത്തം ഉൽപാദനത്തിൽ വിള്ളലുളവാക്കും. 

സാധാരണ ഒക്‌ടോബർ അവസാന വാരത്തിൽ നൂറു കിലോ വരെ പച്ചക്കായ വിൽപ്പനയ്‌ക്ക്‌ എത്താറുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ നിലവിൽ വരവ്‌ പത്തു കിലോയിൽ ഒതുങ്ങുന്നു. കഴിഞ്ഞ നവംബറിൽ 400-500 കിലോ വരെ ചരക്ക്‌ നിത്യേനെ എത്തിയിരുന്നെങ്കിലും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ വരവ്‌ പരമാവധി 100 കിലോയിൽ ഒതുങ്ങുമോയെന്ന ആശങ്കയിലാണ്‌ വ്യാപാര രംഗം. കൊക്കോ ഉൽപാദനത്തിൽ ഇടിവ്‌ സംഭവിക്കുമെന്നു തോട്ടങ്ങളിൽ പഠനം നടത്തിയ ചെറുകിട ചോക്ലേറ്റ്‌ വ്യവസായികൾ നേരത്തെ കാര്യങ്ങൾ മനസിലാക്കി ലഭ്യമാവുന്ന ചരക്ക്‌ അത്രയും സ്വരൂപിക്കാൻ വല വിരിച്ചതായാണ്‌ വിവരം. 

മധ്യകേരളത്തിലും ഹൈറേഞ്ചിലും കൊക്കോ ഉൽപാദനം മുന്നിലുള്ള രണ്ടു മാസങ്ങളിൽ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരില്ലെന്ന്‌ മാത്രമല്ല, ചുരുങ്ങുമെന്ന യാഥാർഥ്യം വീണ്ടും ഒരു വിലക്കയറ്റത്തിന്‌ അവസരം ഒരുക്കാം. എന്നാൽ, കർഷകരുടെ പക്കൽ വിളവില്ലാത്ത നേരത്ത്‌ നിരക്ക്‌ കുതിച്ചു കയറിയിട്ടെന്തു പ്രയോജനം? കോതമംഗലം, പോത്താനികാട്‌, തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിൽ പച്ചക്കായ കിലോ 90-110 രൂപയിലാണ്‌ വ്യാപാരം നടക്കുന്നത്‌. കൊക്കോക്കുരു കിലോ 425 രൂപയായി കയറി. ഉണക്ക്‌ കൂടിയതും മികച്ച നിലവാരം പുലർത്തുന്ന കൊക്കോക്കുരു കിലോ 450 രൂപയിലും ഇടപാടുകൾ നടക്കുന്നുണ്ട്‌. അതേസമയം ഹൈറേഞ്ചിലേക്ക്‌ തിരിഞ്ഞാൽ വില കിലോ 480-500 രൂപയാണ്‌. മികച്ചയിനങ്ങൾ 550 രൂപയ്‌ക്കും കൈമാറുന്നുണ്ട്‌.                

cocoa-vakkachan-3

വില ഉയരുന്ന പ്രവണത ദൃശ്യമായെങ്കിലും വിപണിയിലെ വൻ ശക്തിയായ ബഹുരാഷ്‌ട്ര കമ്പനി ഇനിയും ഉൽപന്നത്തിൽ താൽപര്യം കാണിച്ചിട്ടില്ല. ഉൽപാദനം സംബന്ധിച്ച്‌ തോട്ടങ്ങളിൽ ആദ്യം സർവേ നടത്തിയത്‌ ബഹുരാഷ്‌ട്ര കമ്പനികളുടെ എജന്റുമാരാണ്‌. കൊക്കോ മരങ്ങൾ പൂത്ത അവസരത്തിൽ വിളവ്‌ ഉയരുമെന്നു തന്നെയായിരുന്നു അവരുടെ വിലയിരുത്തൽ. എന്നാൽ കാലവർഷം തിമിർത്തു പെയ്‌തതോടെ സ്ഥിതിഗതികൾ പെട്ടെന്നു മാറി മറിഞ്ഞു. ഉൽപാദകമേഖലകളിലെ തോട്ടങ്ങളുടെ ഏറ്റവും പുതിയ അവസ്ഥയെക്കുറിച്ച്‌ അവർ പഠനം തുടങ്ങി. കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്‌, കർണാടക അതിർത്തി ജില്ലകളിലെ സ്ഥിതിഗതികളും അയൽ സംസ്ഥാനങ്ങളിലെ കൊക്കോ തോട്ടങ്ങളിലെ അവസ്ഥയും അവർ വിലയിരുത്തുന്നുണ്ട്‌.  

കൊക്കോ കൃഷി ചെയ്യുന്ന വനാതിർത്തിയിലെ കർഷകർ വിളനാശം മൂലം നട്ടം തിരിയുകയാണ്‌. വെയിലിനോടും മഴയോടുമെല്ലാം ഒരു പരിധി വരെ അവർ പൊരുതി നിന്നെങ്കിലും പക്ഷികളിൽനിന്നും വന്യമൃഗങ്ങളിൽനിന്നുമുള്ള ആക്രമണങ്ങൾക്കു മുന്നിൽ കൊക്കോയെ വേണ്ട വിധം സംരക്ഷിക്കുന്നതിൽ പലപ്പോഴും അവർ നിസ്സഹായരാവുന്നു. കുരങ്ങ്‌, വോഴാമ്പൽ, മലയണ്ണാൻ, മയിൽ, എലി തുടങ്ങിയവ വ്യാപകമായി കൊക്കോ നശിപ്പിച്ചതും വിളവ്‌ കുത്തനെ കുറയാൻ ഇടയാക്കുന്നു. ഈ വർഷം ഏപ്രിൽ ‐ മേയ്‌ കാലയളവിൽ ഇത്തരത്തിൽ കുരങ്ങനും മറ്റും ഭക്ഷിച്ച ശേഷം ഉപക്ഷേിച്ച് പോകുന്ന കായകൾ വരെ പെറുക്കി ഉണക്കി വിൽപ്പനയ്‌ക്ക്‌ എത്തിക്കാൻ പലരും ഉത്സാഹിച്ചു. പച്ചക്കായ കിലോ 500ലേക്കും ഉണക്ക 1000നു മുകളിലും സഞ്ചരിച്ചതാണ്‌ തോട്ടങ്ങളിൽ വീണ കായകൾ ഓരോന്നായി പെറുക്കി വിൽപ്പനയ്‌ക്ക്‌ ഇറക്കാൻ അന്നു കർഷകരെ പ്രേരിപ്പിച്ചത്‌. എന്നാൽ ഇന്ന്‌ ഉൽപന്നത്തിന്‌ അന്നത്തെ ആ വിലയില്ല, അതുകൊണ്ടു തന്നെ അത്തരം ഒരു ആവേശം ചരക്ക്‌ സംഭരിക്കുന്നവർക്കുമില്ല. 

cocoa-vakkachan-2

ഇതിനിടെ ആഗോള കൊക്കോ ഉൽപാദനം സംബന്ധിച്ച്‌ സമ്മിശ്ര റിപ്പോർട്ടുകളാണ്‌ ഓരോ രാജ്യങ്ങളിൽനിന്നും പുറത്തുവരുന്നത്‌. കൊക്കോ ഉൽപാദനത്തിൽ മുൻനിരയിലെ പല രാജ്യങ്ങളിലും വിളവ്‌ കഴിഞ്ഞ വർഷത്തെ പോലെ കുറഞ്ഞു നിൽക്കുമ്പോൾ ചില ആഫ്രിക്കൻ രാജ്യങ്ങൾ വിളവ്‌ ഉയർന്നതായി അവകാശപ്പെടുന്നു. 

ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ കൊക്കോ അവധി നിരക്കുകൾ എട്ടു മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിൽ നീങ്ങുന്നതിനിടയിലാണ്‌ ഐവറി കോസ്റ്റിൽ മഴമേഘങ്ങൾ കൊക്കോ ഉൽപാദകമേഖലയ്‌ക്കു മുകളിൽ നൃത്തം ചവിട്ടിയത്‌. ഞായറാഴ്‌ച തുടങ്ങിയ മഴ പിന്നീട്‌ ശക്തമായി. മഴ കനത്തതോടെ ഉൽപാദനത്തിൽ ഇടിവ്‌ സംഭവിക്കുമെന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങൾ നീങ്ങുമോയെന്ന ഭീതിയിലാണ്‌ ഉൽപാദകരും ചരക്ക്‌ സംഭരണത്തിന്‌ രംഗത്തുള്ള ഗ്രൈൻഡിങ്‌ കമ്പനികളും. ജൂണിലെ ഉയർന്ന നിലവാരമായ 10,145 ഡോളറിൽ നിന്നും കഴിഞ്ഞ ദിവസം 6592 ഡോളറിലേക്ക്‌ ഇടിഞ്ഞ ഡിംസബർ അവധി വില ചെവ്വാഴ്‌ച 7267 ഡോളറായി ഉയർന്നു. അതേ സമയം ഒക്‌ടോബറിൽ ഐവറി കോസ്റ്റ്‌ ഇതിനകം 2.90 ലക്ഷം ടൺ ചരക്ക്‌ കയറ്റുമതി നടത്തി, തൊട്ട്‌ മുൻ വർഷം ഇതേ കാലയളവിലെ കയറ്റുമതി 2.25 ലക്ഷം ടൺ മാത്രമായിരന്നു. ഷിപ്മെന്റിലെ ഈ കണക്കുകൾ വിപണിയുടെ കുതിപ്പിനെ തടയുമെന്ന നിലപാടിലാണ്‌ ഊഹക്കച്ചവടക്കാർ. എന്നാൽ കാലാവസ്ഥയിൽ പെട്ടെന്നു സംഭവിച്ച മാറ്റങ്ങൾ കൊക്കോയ്‌ക്ക്‌ കരുത്ത്‌ സമ്മാനിക്കാൻ ഇടയുണ്ട്‌. 

cocoa-vakkachan-4

ആഗോള വിപണിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ കൊക്കോ വില 8212 ഡോളർ വരെ ഉയരാനുള്ള കരുത്ത്‌ കണ്ടെത്താൻ നിലവിലെ റാലിക്കാവും. ന്യൂയോർക്ക്‌ കൊക്കോയെ സംബന്ധിച്ച്‌ ഇന്ന്‌ നിർണായകമാണ്‌. ഡെയ്‌ലി ചാർട്ടിൽ പ്രതിരോധ മേഖലയായ 7267 ഡോളറിലെ തടസം ഇന്ന്‌ മറികടന്നാൽ മുന്നേറ്റ സാധ്യതകൾക്ക്‌ ഊർജം പകരാനാവും. ചൊവാഴ്‌ച രാത്രി ആറു ശതമാനം കുതിച്ചുചാട്ടം കാഴ്ചവച്ച്‌ ലണ്ടൻ എക്‌സ്‌ചേഞ്ചിൽ കൊക്കോ വില 5795 പൗണ്ടിലേക്കു കയറി. വെള്ളിയാഴ്‌ച നിരക്ക്‌ 4989 പൗണ്ട്‌ വരെ താഴ്‌ന്നിരുന്നു. രണ്ട്‌ പ്രമുഖ എക്‌സ്‌ചേഞ്ചുകളിലും ഏപ്രിൽ മുതൽ നിലനിന്ന മാന്ദ്യം വിട്ടുമാറിയാൽ ന്യൂയോർക്കിൽ കൊക്കോ വില 10,000 ഡോളറിലേക്കും ലണ്ടനിൽ 8800 പൗണ്ടിലേക്കും ഉൽപ്പന്ന വില സഞ്ചരിക്കാം. രാജ്യാന്തര വില അത്തരം ഒരു കുതിപ്പിന്‌ മുതിർന്നാൽ കേരളത്തിൽ കൊക്കോ കിലോ 740 രൂപയ്‌ക്ക്‌ മുകളിൽ ഇടം പിടിക്കും. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ നിർണായകമാണ്‌, ഐവറി കോസ്റ്റിൽ മഴ തുടർന്നാൽ ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ ഫണ്ടുകളും ഓപ്പറേറർമാരും അവധി വ്യാപാരത്തിൽ ഷോർട്ട് കവറിങ്ങിനെക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങും. 

ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഘാനയിലും വിളവ്‌ കുറഞ്ഞതായാണ്‌ അവിടെ നിന്നുള്ള ആദ്യ വിലയിരുത്തൽ. അവിടെ ഒക്‌ടോബർ ആദ്യം വിളവെടുപ്പിന്‌ തുടക്കം കുറിച്ചെങ്കിലും ലഭ്യത കുറവാണ്‌. അതേസമയം കാമറൂണിലും നൈജീരിയിലും ഉൽപാദനം ഉയർന്നത്‌ വിപണിയുടെ മുന്നേറ്റത്തെ ചെറിയ അളവിൽ സ്വാധീനിക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com