ജോസും ടോമിയും, എൺപതിലധികം ഇനം ബൊഗൈൻവില്ലകൾ കൈവശമുള്ള സുഹൃത്തുക്കൾ
Mail This Article
പൂച്ചെടിക്കമ്പം കാരണം പരിചയപ്പെട്ട രണ്ടു പേർ ചേർന്നു കോതമംഗലത്തു ബൊഗൈൻവില്ലയുടെ വിപണനം മികച്ച വരുമാനമാർഗമാക്കുന്നു. ജോസും ടോമിയും കോതമംഗലം നിവാസികൾ. ബാങ്കിൽനിന്നു വിരമിച്ചശേഷം റോഡ് അരികിലുള്ള തന്റെ സ്ഥലത്ത് എന്തെങ്കിലും സംരംഭം ആരംഭിക്കാൻ ജോസ് ആലോചിച്ചു നടക്കുന്ന സമയം. ബന്ധുവിന്റെ വീട്ടിൽ പെയിന്റിങ് ആർട്ടിസ്റ്റായി എത്തിയ ടോമിയെ ജോസ് കണ്ടുമുട്ടുന്നു. രണ്ടു പേരുടെയും ഇഷ്ടവിഷയം പൂച്ചെടികൾ.
ടോമി 10 വർഷമായി ശ്രദ്ധിക്കുന്നതു ബൊഗൈൻവില്ലയിൽ. കൈയിൽ അമ്പതോളം നൂതന ഇനങ്ങളുടെ ശേഖരവുമുണ്ട്. ബൊഗൈൻവില്ലയിൽ ഗ്രാഫ്റ്റിങ്, ലെയറിങ്, കമ്പു നട്ടുവളർത്തൽ രീതികളെല്ലാം ടോമിക്കു മനഃപാഠം. തന്റെ ശേഖരത്തിലെ ചെടികളിൽനിന്ന് ഈ വിദ്യകളിലൂടെ തൈകൾ ധാരാളം ഉൽപാദിപ്പിച്ചിട്ടുമുണ്ട്. ഇവയുടെ വിപണനത്തിനായി റോഡിനരികിൽ സ്ഥലം വാടകയ്ക്കു തപ്പി നടക്കുമ്പോഴാണു ജോസിനെ കാണുന്നത്. അങ്ങനെ ജോസിന്റെ സ്ഥലത്തു രണ്ടു പേരും ചേർന്നു രണ്ടു വർഷം മുൻപു ബൊഗൈൻവില്ല വിപണനകേന്ദ്രം തുടങ്ങി. ടോമിയുടെ പാടവം പ്രയോജനപ്പെടുത്തി ഗ്രാഫ്റ്റ് ചെയ്തും പതിവച്ചും കമ്പു മുറിച്ചു നട്ടും എല്ലാം പുതിയ ഇനങ്ങളുടെ തൈകൾ ധാരാളമായി ഉൽപാദിപ്പിച്ചു. ചെലവാകാത്ത ഇനങ്ങൾ ഒഴിവാ ക്കുകയും വിപണിപ്രിയമുള്ള ഇനങ്ങളുടെ ശേഖരം വിപുലപ്പെടുത്തുകയും ചെയ്തു. രാവിലെ 6 മണി മുതൽ ഇരുട്ടാകുന്നതുവരെ ടോമി ചെടികളുടെ പരിപാലനത്തിലും തൈ ഉൽപാദനത്തിലും മുഴുകും.
മഴക്കാലത്തു ചെടികൾക്കെല്ലാം പ്രത്യേക ശ്രദ്ധ നൽകി, മഴ കഴിഞ്ഞാൽ പൂവിടാൻ തയാറാക്കി നിർത്തും. മേയ്, ജൂൺ മാസങ്ങളിലാണ് ചെടി ഗ്രാഫ്റ്റ് ചെയ്യാനും പതിവച്ചു തൈകൾ തയാറാക്കാനും ഏറ്റവും പറ്റിയ സമയമെന്ന് ഇവർ പറയുന്നു. പൂവിടാൻ തുടങ്ങിയ ചെറിയ ചെടികൾക്കാണ് ഏറ്റവും അധികം ആവശ്യക്കാർ. ഗ്രാഫ്റ്റ് ചെയ്തു പല നിറങ്ങളിൽ പൂവിട്ട ചെടിക്കു നല്ല വില നൽകി വാങ്ങാൻ പലരും തയാർ. കുട, ബോൾ എന്നിങ്ങനെ പല ആകൃതിയില്‍ നല്ല വലുപ്പമുള്ള ചെടികളും 10നു മേൽ ഇനങ്ങൾ ഒറ്റ റൂട്ട് സ്റ്റോക്കിൽ ഗ്രാഫ്റ്റ് ചെയ്തുണ്ടാക്കിയ ചെടികളും ഇവരുടെ ശേഖരത്തിൽ ഉണ്ട്.
ഫോൺ: 9846600201.
വിഡിയോ കാണാം