ഉദ്യാനത്തിന് അഴകും കൗതുകവുമായി പ്രാണിപിടിയൻ ചെടികൾ
Mail This Article
സസ്യലോകത്തെ വൈവിധ്യം ശാസ്ത്രജ്ഞർക്ക് എന്നും കൗതുകം പകരുന്ന പ്രതിഭാസമാണ്. മുഴുവനായി ഉണങ്ങിയെന്നു തോന്നുന്ന ‘റിസറപ്ഷൻ പ്ലാന്റ്’ വെള്ളത്തിൽ മുക്കിവച്ചാൽ വീണ്ടും ജീവൻ വച്ച് പച്ചനിറം വന്ന് വളരുന്നു; നടീൽമിശ്രിതം ഒന്നുമില്ലാതെ വായുവിൽ വളരുന്ന എയർപ്ലാന്റ്; തണ്ടും ഇലകളും ഇല്ലാതെ, വളരുന്ന വേരിൽനിന്നു സസ്യലോകത്തെ ഏറ്റവും വലുപ്പം കൂടിയ പൂക്കൾ ഉൽപാദിപ്പിക്കുന്ന റാഫ്‌ളേഡിയ, പാറക്കഷണങ്ങൾ അടുക്കിവച്ചതുപോലെ വളരുന്ന ലിവിങ് സ്റ്റോൺ ചെടി…… ഇങ്ങനെ വിചിത്ര സ്വഭാവമുള്ള എത്രയെത്ര ചെടികള്‍. മാംസഭുക്കുകളായ പ്രാണിപിടിയൻ ചെടികളെയും ഈ ഗണത്തിൽ ഉൾപ്പെടുത്താം.
സസ്യലോകത്തെ കൗതുകമാണ് പ്രാണികളെയും മറ്റു ചെറുജീവികളെയും ആഹാരമാക്കുന്ന ഇത്തരം ഇനങ്ങൾ. ചതുപ്പിലും കൊടുംകാട്ടിനുള്ളിലെ അസ്വാഭാവിക സാഹചര്യത്തിലും വളരുന്ന പ്രാണിപിടിയൻ ചെടികളിൽ പലതിനും അലങ്കാരയിനങ്ങളായി ലോകമെമ്പാടും ധാരാളം ആരാധകരാണുള്ളത്.
നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ പരിപാലിക്കുവാൻ യോജിച്ച പ്രാണിപിടിയൻ ഇനമാണ് ‘പിച്ചർ പ്ലാന്റ്’ അഥവാ നെപ്പെന്തസ്. പേരുപോലെ കൂജയുടെയോ കുടത്തിന്റെയോ ആകൃതിയിൽ പ്രാണികളെ ഇരയാക്കാനുള്ള അവയവമാണ് ഈ ചെടിയുടെ ഭംഗിയും സവിശേഷതയും. പിച്ചറിന് ആകൃതിവ്യത്യാസമുള്ള അമ്പതിനുമേൽ ഇനങ്ങൾ ഇന്നു പൂന്തോട്ടത്തില്‍ നട്ടുവളർത്താന്‍ ലഭ്യമാണ്. വള്ളിച്ചെടിയുടെ പ്രകൃതമുള്ള നെപ്പെന്തസിന്റെ ഇലയുടെ അഗ്രഭാഗമാണ് താങ്ങി ചുറ്റിപ്പിടിച്ച് ചെടിയെ പടർന്നു കയറാന്‍ സഹായിക്കുക. ഈ അഗ്രഭാഗത്താണ് കാലക്രമേണ പിച്ചർ എന്ന അവയവം ഉണ്ടായി വരുന്നത്. പൂർണവളർച്ചയെത്തിയ എല്ലാ ഇലകളുടെയും അറ്റത്ത് പിച്ചറുകൾ കാണാം. ഇനമനുസരിച്ച് പിച്ചറുകൾക്ക് മൂന്ന് ഇഞ്ച് മുതൽ ഒരടി വരെ നീളമുള്ളവയും ഇളം പച്ച, ഓറഞ്ച് കലർന്ന തവിട്ട്, പിങ്ക് നിറത്തിലുള്ളവയുമുണ്ട്. പിച്ചറിന്റെ മുകളിലായി അടപ്പുമുണ്ട്. പിച്ചറിനുള്ളിലുള്ള കൊഴുത്ത ദ്രാവകത്തിൽ അബദ്ധത്തിൽ വീഴുന്ന പ്രാണികളെ ഇവ ദഹിപ്പിച്ച് ആവശ്യമായ വസ്തുക്കൾ വലിച്ചെടുക്കുന്നു. ഇതിനായി ഈ ദ്രാവകത്തിൽ പ്രാണിയുടെ ശരീരം വിഘടിപ്പിച്ചെടുക്കുവാൻ ആവശ്യമായ എൻസൈമുകളും അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് വിജ്ഞാനത്തിനായും കളിപ്പാട്ടമായും ഒരുപോലെ പരിപാലിക്കാന്‍ യോജിച്ചതാണ് പിച്ചർ പ്ലാന്റ്.
നടീൽവസ്തു, നടീൽ രീതി
ടിഷ്യൂകൾച്ചർ വിദ്യ വഴി വളർത്തിയെടുത്ത തൈകളാണ് വിപണിയിൽ ഏറെയും ലഭിക്കുക. നല്ല വളർച്ചയെത്തിയ ചെടികൾ ഉൽപാദിപ്പിക്കുന്ന പൂക്കളിൽ കൃത്രിമ പരാഗണം നടത്തിയാല്‍ വിത്തുകൾ ഉണ്ടായി വരും. വിത്തും നടീൽവസ്തുവായി ഉപയോഗപ്പെടുത്താം. പച്ച നിറത്തിൽ പിച്ചറുമായി നാടൻ ഇനങ്ങളുടെ തലപ്പും നടീൽവസ്തുവാണ്.
നെപ്പെന്തസ് നടുന്നതിനു മുൻപ് ഒരു കാര്യം ഓർക്കുക. മാംസഭുക്കായ ഈ ചെടിക്കു വളരാൻ ആവശ്യമായ ധാതുലവണങ്ങളും മറ്റ് പോഷകങ്ങളും മണ്ണിൽനിന്നല്ല, പകരം ഇവയുടെ പിച്ചറുകളിൽ ഇരയാകുന്ന പ്രാണികൾ ദ്രവിച്ചാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നടീൽ മിശ്രിതത്തിൽ വളം ചേർക്കാൻ പാടില്ല. മൂന്നു ഭാഗം ചകിരിച്ചോറും ഒരു ഭാഗം പെർലൈറ്റ് / ആറ്റുമണലും ചേർത്ത് നടീൽമിശ്രിതം തയാറാക്കാം. എട്ട് ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടിയിലാണ് ചെടി നടേണ്ടത്. നന്നായി കുതിർത്തെടുത്ത മിശ്രിതത്തിലേക്ക് ചെറിയ കപ്പിൽ ലഭിക്കുന്ന ചെടി മിശ്രിതമുൾപ്പെടെ മാറ്റിനടാം. നടീൽമിശ്രിതത്തിൽ മണ്ണ് ഉപയോഗിക്കരുത്. തലപ്പു നടാനും മേൽവിവരിച്ച മിശ്രിതം മതി.
പരിപാലനം
പാതി തണൽ ലഭിക്കുന്ന വീടിന്റെ വരാന്തയിലും ബാൽക്കണിയിലും ഓർക്കിഡിനും ആന്തൂറിയത്തിനുമൊപ്പം നെപ്പെന്തസും പരിപാലിക്കാം. ചൂടുകൂടിയ സൂര്യപ്രകാശം പിച്ചറിൽ വീണാൽ ഉണങ്ങിപ്പോകാനിടയുണ്ട്. ചെടി നട്ടിരിക്കുന്നിടത്ത് നല്ല ഈർപ്പം ആവശ്യമാണ്. എങ്കിൽ മാത്രമേ ചെടി പിച്ചറുകൾ ഉൽപാദിപ്പിക്കൂ. ചെടിയും നട്ടിരിക്കുന്നിടവും ആവശ്യാനുസരണം നനച്ചുകൊടുക്കണം. ചെടി നട്ടുകഴിഞ്ഞാൽ അടപ്പു തുറന്നിരിക്കുന്ന പിച്ചറുകളിൽ എല്ലാം പാതി നിറയുന്ന വിധത്തിൽ ശുദ്ധജലം നിറച്ചുകൊടുക്കണം. മിശ്രിതത്തിൽ വളം ഒന്നും ചേർക്കാത്തതുകൊണ്ട് വളരാനായി ചെടിക്ക് പ്രാണികളെ ആവശ്യമാണ്, പിച്ചറിൽ അബദ്ധത്തിൽ വീഴുന്നവ കൂടാതെ ഉറുമ്പ്, കൊതുക്, മറ്റു പ്രാണികൾ ഇവയെ ഇട്ടുകൊടുക്കാം. പ്രാണികളെ നൽകിയശേഷം പിച്ചറുകൾ ചെറുതായി ഇളക്കിക്കൊടുക്കണം. ഒരു സമയം ഒന്നുരണ്ട് എണ്ണം മാത്രം ഒരു പിച്ചറിൽ നിക്ഷേപിച്ചാൽ മതി. കടുത്ത വേനലില്‍ ദ്രാവകം വറ്റി പിച്ചറുകൾ ഉണങ്ങിപ്പോകും. പിച്ചറുകളിലെ ദ്രാവകം തീരെ കുറയുമ്പോൾ പാതി നിറയുന്ന വിധത്തിൽ വെള്ളം ഒഴിച്ചുകൊടുക്കാം. മറ്റു ചെടികൾക്ക് വളം നൽകുന്നതിനൊപ്പം ഈ ചെടിക്കും അബദ്ധത്തിൽ വളം നൽകിയാൽ പിച്ചറുകൾ ഇല്ലാത്ത ഇലകൾ ഉൽപാദിപ്പിക്കാന്‍ തുടങ്ങും. പൂർണ വളർച്ചയെത്തിയ ചെടിയുടെ ചുവട്ടിൽനിന്നു തൈകൾ ഉണ്ടായിവരാറുണ്ട്. ഇത്തരം തൈകൾക്ക് ആവശ്യത്തിന് വളർച്ചയായാൽ വേരുൾപ്പെടെ അടർത്തിയെടുത്ത് നടാന്‍ ഉപയോഗിക്കാം.
പിച്ചർചെടികളുടെ മായാലോകം
ഈ വീടിന്റെ ടെറസിൽ അകപ്പെട്ടാൽ ഉറുമ്പിനോ ചെറുപ്രാണികൾക്കോ രക്ഷയില്ല. കോഴിക്കോട് കല്ലായ് വിനയ് ഗാർഡൻസിൽ വിത്സന്റെ വീടിന്റെ ടെറസിൽ മാംസഭുക്കുകളായ ഇരുപതിനായിരത്തോളം പിച്ചർ ചെടികളാണ് ഇരയെ കാത്ത് ചട്ടികളിൽ നിരന്നിരിക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള സഞ്ചികളുമായ ഇത്രയേറെ പിച്ചർ പ്ലാന്റുകളുടെ അപൂർവശേഖരം. 16 വർഷമായി പല സ്ഥലങ്ങളിൽനിന്നും ശേഖരിച്ചവയും സ്വന്തമായി ഉൽപാദിപ്പിച്ചെടുത്തവയും വിത്സന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു. ഈ പ്രാണിപിടിയൻ ചെടിയുടെ വളർച്ചാരീതിയും പ്രത്യുൽപാദനവുമെല്ലാം ഇദ്ദേഹത്തിന് കാണാപ്പാഠമാണ്. കൃത്രിമ പരാഗണം വഴി ഈ ചെടിയിൽ കായും വിത്തുമെല്ലാം അനായാസം വിത്സൻ ഉൽപാദിപ്പിച്ചെടുക്കുന്നു. ഈ ആവശ്യത്തിനായി ഇദ്ദേഹത്തിന്റെ വശം വേണ്ടുവോളം മാതൃസസ്യങ്ങളുണ്ട്. തന്റെ ശേഖരത്തിലുള്ള വ്യത്യസ്തയിനങ്ങളിൽ പലതും കൃത്രിമ പരാഗണം നടത്തി വളർത്തിയെടുത്ത സങ്കരയിനങ്ങളാണ്.
ഈ മാംസഭുക്കു ചെടിയിൽ ആണ്‍–പെൺ ഇനം പൂക്കൾ വെവ്വേറെ ചെടികളിലാണ് ഉണ്ടാകുക. നാലഞ്ചു വർഷം വളർച്ചയെത്തിയ ചെടികൾ പൂവിട്ടുതുടങ്ങും. ഇവയിൽ പ്രാണികൾ വഴി സ്വാഭാവിക പരാഗണം അസാധ്യമെന്നുതന്നെ പറയാം. കൃത്രിമ പരാഗണം നടത്തിയാൽ രണ്ടു മൂന്ന് ആഴ്ചയ്ക്കുള്ളിൽ കായ്കൾ രൂപപ്പെടും. മൂന്നു മാസംകൊണ്ട് കായ്കൾ വിളഞ്ഞു പാകമാകും. പെൺ സസ്യം ഒരു പൂങ്കുലയിൽ 100 –120 പൂക്കളും അത്രയുംതന്നെ കായ്കളും ഉൽപാദിപ്പിക്കും. ഒരു കായ്ക്കുള്ളിൽ കുറഞ്ഞത് 50 വിത്തുകളെങ്കിലും കാണും. കുതിർത്തെടുത്ത ചകിരിച്ചോറിൽ പാകിയാൽ വിത്തുകൾ കിളിർത്ത് തൈകളാകും. ആവശ്യത്തിന് വലുപ്പമായവ ചട്ടിയിലാക്കി വിപണനത്തിന് തയാറാകും. വിത്സന്റെ ശേഖരത്തിൽ നെപ്പെന്തസ് കൂടാതെ എയർപ്ലാന്റ്സ്, അലങ്കാരപ്പന്നൽ ചെടികൾ എല്ലാം ഉൾപ്പെടുന്നു. മക്കളുടെ സഹായത്തോടെ ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഓൺലൈൻ സംവിധാനം ഉപയോഗിച്ചും ഇദ്ദേഹം ചെടികൾ വിപണനം ചെയ്യുന്നുണ്ട്.
വിത്സൻ ഫോൺ: 9349113475
English summary: Growing Tips for Nepenthes