ADVERTISEMENT

സൂര്യനെ നോക്കി വിടര്‍ന്നു പുഞ്ചിരിച്ചു നില്‍ക്കുന്ന ആലപ്പുഴ കഞ്ഞിക്കുഴിയിലെ സൂര്യകാന്തിപ്പാടം സമൂഹമാധ്യമങ്ങളില്‍ തരംഗമായി മുന്നേറുന്നു. പച്ചക്കറിക്കര്‍ഷകനായ കഞ്ഞിക്കുഴി സ്വാമിനികര്‍ത്തില്‍ സുജിത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നട്ട സൂര്യകാന്തിച്ചെടികള്‍ പൂവിട്ടതോടെ ഇവിടെ ഫോട്ടോയെടുക്കാനും കാഴ്ച കാണാനുമായി സന്ദര്‍ശകരുടെ ഒഴുക്കാണ്. 

രണ്ടര ഏക്കറിലെ പൂപ്പാടം

പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലാണ് സുജിത്ത് സൂര്യകാന്തി വിത്ത് നട്ടത്. അതും കൃത്യതാകൃഷി രീതിയില്‍. ഏകദേശം 8000 ചെടികള്‍ രണ്ടരയേക്കറില്‍ പൂത്തു നില്‍ക്കുന്നു. ഒരാഴ്ച മുന്‍പാണ് ചെടികള്‍ പൂര്‍ണമായും പൂത്തു വിടര്‍ന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ സൂര്യകാന്തിപ്പാടം അന്വേഷിച്ച് സാധാരണക്കാരും വ്‌ളോഗര്‍മാരുമെല്ലാം എത്തിത്തുടങ്ങി. 

sunflower-sujith
സുജിത്ത്

'ദിവസം 2000 2500 സന്ദര്‍ശകര്‍ സൂര്യകാന്തിപ്പാടത്ത് എത്തുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ പൂക്കള്‍ വാടും. അതിനുള്ളില്‍ പാടം കാണേണ്ടവര്‍ക്ക് കഞ്ഞിക്കുഴിയിലെത്തി പാടം കാണാം. ഒരു പൂവിന്റെ പരമാവധി ആയുസ് രണ്ടാഴ്ച വരെയാണ്' സുജിത്ത് പറയുന്നു.

സൂര്യകാന്തിപ്പാടം സന്ദര്‍ശിക്കുന്നവരില്‍നിന്ന് 10 രൂപയാണ് ഫീസ് ഈടാക്കുന്നത്. വിവാഹ ഫോട്ടോഗ്രഫിക്കു കൂടുതല്‍ നിരക്ക് ഈടാക്കും. മഴയില്ലാത്തപ്പോള്‍ മാത്രമേ കൃഷി ചെയ്യാനാകൂ എന്നതിനാല്‍ സൂര്യകാന്തിപ്പാടം കാണാന്‍ ഇനി അടുത്ത വേനല്‍ക്കാലം വരെ കാത്തിരിക്കേണ്ടി വരും.

പൂക്കള്‍ വാടിക്കഴിയുമ്പോള്‍ വിത്ത് എണ്ണയാക്കുകയാണ് ലക്ഷ്യം. നമ്മുടെ നാട്ടില്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമോയെന്ന പരീക്ഷണം. ഒരു ചെടിയിലല്‍ ഒരു പ്രധാന പൂവും ശാഖകളിലെല്ലാം കൂടി 3, 4 പൂക്കളും ഉണ്ടാകുന്നുണ്ട്. എത്രത്തോളം എണ്ണ ഉല്‍പാദിപ്പിക്കാനാകുമെന്ന് അറിയില്ല. 

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കള്‍ക്കും ദമ്പതിമാര്‍ക്കും തന്റെ കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനുള്ള മത്സരം നടത്തിയിട്ടുള്ള സുജിത്ത് വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ഓണക്കാലം ലക്ഷ്യമിട്ട് കൂടുതല്‍ പൂക്കള്‍ കൃഷി ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്.

English summary: Sunflower Cultivation Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com